കോൺഗ്രസിനും ജമാത്തെ ഇസ്ലാമിക്കുമെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി: ബിജെപിയെ ജയിപിക്കാൻ ശ്രമിക്കുന്നു
തലശേരി: കോൺഗ്രസ് സീറ്റ് നിർണയ വിഷയത്തിൽ ശക്തമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ധർമ്മടം മണ്ഡലത്തിലെ എടക്കാട് നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലമ്പുഴ മണ്ഡലത്തിൽ കോൺഗ്രസ് സീറ്റു കച്ചവടം നടത്തിയെന്ന ഗുരുതര ആരോപണവും മുഖ്യമന്ത്രി ഉന്നയിച്ചു.
നിയമസഭാ സീറ്റിനായി കോൺഗ്രസ് എന്ത് വൃത്തി കെട്ട കളിയും കളിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി. കഴിഞ്ഞ തവണ നേമത്ത് കോൺഗ്രസാണ് ബി.ജെ.പിക്ക് വോട്ടു മറിച്ച് കൊടുത്ത് ജയിപ്പിച്ചത്. മലമ്പുഴയിലും ഇപ്പോൾ അതേ കളി തന്നെയാണ് കളിക്കുന്നത് ആർക്കും പേരറിയാത്ത ഒരു പാർട്ടിയുടെ സ്ഥാനാർത്ഥിയെ നിർത്തിയത് ബി.ജെ.പിയെ ജയിപിക്കാനാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു.

ജമാത്തെ ഇസ്ലാമിയും അതിന്റെ രാഷ്ട്രീയ രൂപമായ വെൽഫെയർ പാർട്ടിക്കുമെതിരെയും മുഖ്യമന്ത്രി തന്റെ പ്രസംഗത്തിനിടെ ആഞ്ഞടിച്ചു. മതനിരപേക്ഷത ജീവശ്വാസം പോലെ കൊണ്ടു നടക്കുന്ന എൽഡിഎഫിനെ ജമാഅത്തെ ഇസ്ലാമി മതനിരപേക്ഷത പഠിപ്പിക്കേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.ലഇവിടെ മത വർഗീയതക്കും ആർഎസ്എസിൻ്റെ നീക്കങ്ങൾക്കുമെതിരെ പ്രതിരോധം തീർക്കുന്നതാരാണെന്ന് എല്ലാവർക്കുമറിയാം. അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ആ തിരിച്ചറിവ്.
കേരളത്തിലെ കോൺഗ്രസ് ബിജെപിയായി മാറാത്തത് ഇവിടെ ഇടതുപക്ഷം ഉള്ളതുകൊണ്ടാണ്. കേരളത്തെ തെറ്റിദ്ധരിപ്പിക്കാമെന്ന വ്യാമോഹം ജമാ അത്തെ ഇസ്ലാമിക്കു വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നുണ പ്രചരിപ്പിക്കാനുള്ള കേന്ദ്രമായി ജമാ അത്തെ ഇസ്ലാമി മാറിയിട്ടുണ്ട്. മത രാഷ്ട്ര സിദ്ധാന്തവുമായി പ്രവർത്തിക്കുന്ന ആർഎസ്എസിൻ്റെ മറുപതിപ്പാണെന്നതിനാൽ ജമാ അത്തെ ഇസ്ലാമിയെ മുസ്ലിം വിഭാഗത്തിലെ സംഘടനകൾ പോലും അകറ്റി നിർത്തിയിട്ടുണ്ട്. ഇല്ലാത്ത യുഡിഎഫിന് സ്വാധീനം ഉണ്ടാക്കി കൊടുക്കാനാകുമോ എന്നാണ് ഇവർ നോക്കുന്നതെന്നും പിണറായി പറഞ്ഞു. വിവിധയിടങ്ങളിൽ നടത്തിയ തന്റെ പ്രസംഗത്തിൽ കേന്ദ്ര അന്വേഷണ ഏജൻസി ക്കെതിരെയും മുഖ്യമന്ത്രി വിമർശനമുന്നയിച്ചു.
കിഫ് ബിക്കുമേൽ വട്ടമിട്ടു പറക്കുന്നവർ ക്ഷീണിക്കുകയേയുള്ളുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഓർമ്മിപ്പിച്ചു. കേന്ദ്ര ഏജൻസികളാകെ കുറേക്കാലമായി കിഫ് ബിക്കുമേൽ വട്ടമിട്ട്പറക്കുന്നുണ്ട്. ഇവർക്കൊന്നും ഒന്നും കിട്ടാൻ പോകുന്നില്ല. നിയമത്തിൻ്റെ അടിസ്ഥാനത്തിലാണത് പ്രവർത്തിക്കുന്നത്. ഇത് കിഫ് ബിക്കെതിരായ നീക്കമല്ല. ഈ നാടിനെതിരായ നീക്കമാണെന്ന് നാം ഓരോരുത്തരും മനസിലാക്കണം.
നാടാകെ വന്നിട്ടുള്ള മാറ്റം എല്ലാവരും കണ്ടതാണ്. ബിജെപി ഭരിക്കുന്ന സ്ഥലങ്ങളിൽ ഒന്നും നടക്കാതിരിക്കുമ്പോൾ ഇവിടെ മാത്രം നടക്കുന്നത് ഇവർക്ക് സഹിക്കുന്നില്ല. അതുകൊണ്ടാണ് ഇത് എങ്ങനെയെങ്കിലും മുടക്കാനാവുമോ എന്ന് നോക്കുന്നത്. ഇക്കാര്യത്തിൽ പ്രത്യക തരത്തിലുള്ള യോജിപ്പ് കോൺഗ്രസും ബി ജെ പിയും തമ്മിലുണ്ട്. അത് എത്രയോ ഘട്ടങ്ങളിൽ നമ്മൾ കണ്ടുകഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications