കണ്ണുരിൽ കൊവിഡ് മരണനിരക്ക് കൂടുന്നു: പയ്യാമ്പലത്ത് ശവസംസ്കാരത്തിലും പ്രതിസന്ധി
കണ്ണൂർ. കണ്ണൂർ ജില്ലയിൽ കൊവിഡ് രോഗികളുടെ മരണനിരക്ക് കൂടുന്നത് ആരോഗ്യ പ്രവർത്തകരിൽ ആശങ്കയുണ്ടാക്കുന്നു. കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് ആറ് മരണമാണ് റിപ്പോർട്ട് ചെയ്തത്. യുവതിയടക്കമുള്ളവരാണ് മരണമടഞ്ഞത്. കൊവിഡിനോടൊപ്പം പിടിമുറുക്കിയഡെങ്കിപ്പനിയും കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
കണ്ണുർ ജില്ലയിൽ കൊവിഡ് മരണങ്ങൾ വർധിച്ചതു കാരണം പയ്യാമ്പലത്ത് ശവസംസ്കാരത്തിന് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. ഒരേ സമയം നാലു മൃതദേഹങ്ങൾ സംസ്കരിക്കാനാണ് ഇവിടെ സൗകര്യമൊരുക്കിയിട്ടുള്ളത്. മതാചാര ചടങ്ങുക നടത്തേണ്ടതിനാൽ മൂന്നാം ദിവസം വരെ കാത്തിരിക്കേണ്ടതിനാൽ കൂടുതൽ മൃതദേഹങ്ങൾ സംസ്കരിക്കാനാവുന്നില്ല. ജില്ലയിൽ കൊവിഡ് മരണങ്ങൾ വർധിച്ചതു കാരണം ഇപ്പോൾ ഒരു ദിവസം പത്ത് മൃതദേഹങ്ങൾ വരെയെത്തുന്നുണ്ട്.

എന്നാൽ ഇപ്പോഴത്തെ സാഹചര്യം പരിഗണിച്ച് ശ്മശാനത്തിനടുത്തുള്ള കോർപറേഷൻ വകയായ ഒന്നര ഏക്കർ ഏറ്റെടുത്ത് സംസ്കാര ചടങ്ങുകൾ നടത്തണമെന്ന് ഹിന്ദു ഐക്യവേദി കണ്ണൂർ ജില്ലാ രക്ഷാധികാരിയായ കെ.ജി ബാബു ആവശ്യപ്പെട്ടു. കൊവിഡ് മരണം സംഭവിച്ചവർക്ക് മതാചാര ചടങ്ങുകൾ നടത്താനുള്ള അനുമതി നൽകണം. ഇപ്പോൾ ഒരു സന്നദ്ധ സംഘടന മുൻകൈയെടുത്താണ് കൊവിഡ് രോഗികളുടെ സംസ്കാരം നടത്തുന്നത്. എന്നാൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പി.പി.ഇ. കിറ്റുകൾ ധരിച്ച് സംസ്കാര ചടങ്ങുകൾ നടത്താൻ തയ്യാറാകുന്ന മരണപ്പെട്ടയാളുടെ ബന്ധുക്കൾക്ക് മൃതദേഹം വിട്ടു കൊടുക്കണമെന്നും മത, സാമുദായികാചാര ചടങ്ങുകൾ നടത്താൻ അനുവദിക്കാതെ മൃതദേഹങ്ങളോട് അനാദരവ് കാണിക്കരുതെന്നും കെജി ബാബു പറഞ്ഞു. ഇതിനിടെ കൊവിഡ് മൃതദേഹങ്ങൾ കൂടുതലാക്കുന്നത് കാരണം പയ്യാമ്പലത്ത് ഇതര രോഗങ്ങളാൽ മരിക്കുന്നവരുടെ സംസ്കാര ചടങ്ങുകൾക്കും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
ഇങ്ങനെ മരണമടയുന്നവരുടെ മൃതദേഹം ഫ്രീസറിൽ വെച്ച് കാത്തു നിൽകേണ്ട ദയനീയാവസ്ഥയും ബന്ധുക്കൾക്ക് ഉണ്ടാകുന്നുണ്ട്. കഴിഞ്ഞ ദിവസം രണ്ടുപേരുടെ മൃതദേഹമാണ് ഇങ്ങനെ മാറ്റിയത്. കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും മൃതദേഹങ്ങളുമായി സംസ്കാര ചടങ്ങുകൾ നടത്താൻ ആളുകൾ പയ്യാമ്പലത്ത് എത്തുന്നുണ്ട്. ഇവിടെ കൂടുതൽ സൗകര്യമൊരുക്കണമെന്ന ആവശ്യം ജനങ്ങളിൽ ശക്തമാണ്. എന്നാൽ കോർപറേഷൻ ഇതനുസരിച്ചുള്ള ക്രമീകരണങ്ങൾ ഇതുവരെ നടപ്പിൽ വരുത്തിയിട്ടില്ല. ഇതിനിടെ കണ്ണുർ ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന ആശങ്കപ്പെടുത്തുന്നതാണെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ: നാരായൺ നായ്ക്ക് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
കണ്ണൂര്‍ ജില്ലയില്‍ കൊവിഡ് ബാധിതരുടെ നിരക്കിലുണ്ടായ വര്‍ധനവ് ആശങ്കപ്പെടേണ്ട നിലയിലാണെന്നും ഡി.എം.ഒ ഡോ. നാരായണ നായ്ക്ക് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച് ആശുപത്രികളിലടക്കം ബെഡുകള്‍ വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും അടിയന്തര നടപടികള്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ നിലവില്‍ 17,014 പേരാണ് കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്. ഇതില്‍ 16458 പേര്‍ വീടുകളിലും 556 വിവിധ ആശുപത്രികളിലും ചികിത്സയിലുണ്ട്.
934 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുമുണ്ട്. രോഗികളുടെ നിരക്കിലെ വര്‍ധനവ് ജില്ലയില്‍ ആശങ്കയുണ്ടാക്കുന്നതാണ്. ഇങ്ങനെ പോകുകയാണെങ്കില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ജില്ലയിലുണ്ട്. രോഗികളുടെ എണ്ണത്തിലെ വര്‍ധനവ് ബെഡുകള്‍ക്ക് ക്ഷാമം വരുത്തും. നിലവിലെ ടി.പി.ആര്‍ നിരക്ക് 23.58% ആണ്. തളിപ്പറമ്പിലുള്ള ഒരു സി.എഫ്.എല്‍.ടി.സിക്ക് പുറമെ താലൂക്ക് തലത്തില്‍ സി.എഫ്.എല്‍.ടി.സികള്‍ ഉടന്‍ തുടങ്ങും. നിലവിലെ രീതിയില്‍ പോയാല്‍ ആശുപത്രിയില്‍ ബെഡുകളുടെ കാര്യത്തില്‍ ബുദ്ധിമുട്ട് വരുമെന്നും ഡി.എം.ഒ പറഞ്ഞു '
വർദ്ധിച്ചു വരുന്ന കോവിഡ് പോസറ്റീവ് കേസുകൾ കണക്കിലെടുത്ത് നിയന്ത്രണങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി പോലീസും ജില്ല ഭരണകൂടവും രംഗത്തിറങ്ങിയിട്ടുണ്ട്. ഇനി മുതൽ എല്ലായിടങ്ങളിലും കർശന പരിശോധനകൾ ഉണ്ടാകുമെന്നാണ് അറിയിപ്പ്. പരിശോധനയുടെ ഭാഗമായി കണ്ണൂർ നഗരത്തിൽ ജില്ല കലക്ടറും സിറ്റി പോലീസ് കമ്മീഷണറും നേരിട്ടിറങ്ങി.
കോവിഡിന്റെ പുതിയ വകഭേദം കൂടുതൽ കണ്ടെത്തിയ സാഹചര്യത്തിലാണ് പരിശോധന കർശനമാക്കിയത്. ആളുകൾ കൂടുന്ന മാർക്കറ്റുകൾ, ബസ് സ്റ്റാൻഡ്, ഭക്ഷണശാലകൾ അടക്കം പോലീസിന്റെ നിരീക്ഷണമുണ്ടാകും. മാസ്ക്, സാമൂഹ്യ അകലം പാലിക്കൽ, സാനിറ്റൈസറുകളുടെ ഉപയോഗം , അനാവശ്യ യാത്രകൾ എന്നിവ പരിശോധനയുടെ പരിധിയിൽ വരും. അത് കൂടാതെ ജില്ലയില അതിർത്തി പ്രദേശങ്ങളായി കണക്കാക്കാക്കുന്ന എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ, വിവിധ പോലീസ് സ്റ്റേഷൻ ചെക്പോസ്റ്റുകൾ, അതിർത്തി ചെക്പോസ്റ്റുകൾ എന്നിവിടങ്ങളിലും എൻഫോഴ്സ്മെന്റ് മോണിറ്ററിങ്ങ് ശക്തമാക്കുമെന്ന് ജില്ല കലക്ടർ ടി വി സുഭാഷ് പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനകളുടെ ഫലമായി ജനങ്ങൾ കൂടുതൽ ബോധവാൻമാരാണെന്ന് സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോയും പറഞ്ഞു. വരും ദിവസങ്ങളിൽ അവശ്യ സർവീസുകൾ ഒഴികെയുള്ള മുഴുവൻ വാഹനങ്ങളും കർശന പരിശോധനക്ക് വിധേയമാക്കുമെന്നും ആളുകൾ പരമാവധി യാത്രകൾ ഒഴിവാക്കണമെന്നും സിറ്റി പൊലീസ് കമീഷണർ പറഞ്ഞു.ബുധനാഴ്ച്ച ഉച്ചയോടെ പ്രഭാത് ജംഗ്‌ഷനിലാണ് പരിശോധന നടത്തിയത് ഇനിയുള്ള ദിവസങ്ങളിൽ കർശന പരിശോധന ഉണ്ടാകുമെന്നും ജനങ്ങൾ സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications