കുടുംബശ്രീ ഹോട്ടൽ പൊളിച്ചുമാറ്റിയതിൽ പ്രതിഷേധിച്ച് ജനാധിപത്യ മഹിളാ അസോസിയേഷൻ മാർച്ച് നടത്തി
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ കോംപൗണ്ടിലെ ടേസ്റ്റി ഹട്ട് ഹോട്ടല്‍ പൊളിച്ച് നീക്കിയതിലും കുടുംബശ്രീ പ്രവര്‍ത്തകരെ കള്ളക്കേസില്‍പ്പെടുത്തിയതിലും പ്രതിഷേധിച്ച് ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോര്‍പറേഷന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
ഇന്നലെ രാവിലെ പത്തിന് കാല്‍ടെക്‌സില്‍ നിന്നാരംഭിച്ച പ്രകടനം കോര്‍പറേഷന്‍ പ്രധാനകവാടത്തില്‍ സമാപിച്ചു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കോര്‍പറേഷന്‍ ഓഫിസിന് മുന്‍പില്‍വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. പ്രതിഷേധം ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന ജോ. സെക്രട്ടറി എംവി സരള ഉദ്ഘാടനം ചെയ്തു'.

പാവപ്പെട്ട കുടുംബശ്രീ പ്രവര്‍ത്തകരുടെ ജീവിതോപാധി തകര്‍ത്ത മേയറുടെ നടപടി അങ്ങേയറ്റം ധിക്കാരപരമാണെന്നും ഹോട്ടല്‍ പുനസ്ഥാപിക്കുന്നത് വരെ സമരം ശക്തമായി തുടരുമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ എം വി സരള വ്യക്തമാക്കി.
കെ.പി.വി പ്രീത അധ്യക്ഷത വഹിച്ചു.പി കെ ശ്യാമള സ്വാഗതം പറഞ്ഞു. കുടുംബശ്രീ ടേസ്റ്റി ഹട്ട് പ്രവര്‍ത്തനം പുനരാരംഭിക്കുക, നിരപരാധികളായ സ്ത്രീകളുടെ പേരിലുള്ള കള്ളക്കേസ് പിന്‍വലിക്കുക, ടേസ്റ്റി ഹട്ട് ജീവനക്കാരുടെ ജീവനോപാധി തിരിച്ച് നല്‍കുക, കണ്ണൂര്‍ കോര്‍പറേഷന്‍ മേയറുടെ ധാര്‍ഷ്ട്യം അവസാനിപ്പിക്കുക, മേയറുടെ പരാക്രമം സ്ത്രീകളോട് വേണ്ട എന്നി മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
ഇതിനിടെടേസ്റ്റി ഹട്ടിന് പകരം സംവിധാനമൊരുക്കണമെന്ന ആവശ്യവുമായി കുടുംബശ്രീ പ്രവര്‍ത്തകര്‍ ശനിയാഴ്ച്ചയും കോര്‍പറേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. ജീവിതമാര്‍ഗം വഴിമുട്ടിയവരുടെ സമരത്തെ സഹായിക്കുന്നതിനായി സഹായസമിതി രൂപീകരിച്ചു. കോര്‍പറേഷന്‍ ഓഫീസ് നിര്‍മിക്കുന്നതിനാല്‍ കുടുംബശ്രീ നടത്തുന്ന ടേസ്റ്റി ഹട്ട് ഒഴിയണമെന്ന് കോര്‍പറേഷന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. പകരം സംവിധാനം ഒരുക്കിത്തരണമെന്നാവശ്യപ്പെട്ട് കുടുംബശ്രീ യൂണിറ്റ് അപേക്ഷ നല്‍കിയിട്ടും മറുപടി നല്‍കാതെ കോര്‍പറേഷന്‍ ഹോട്ടല്‍ പൊളിച്ചുനീക്കുകയായിരുന്നു. നേരത്തെ വന്‍തുക വാടക നിശ്ചയിച്ചും വാടകകുടിശ്ശിക അടയ്ക്കണമെന്നാവശ്യപ്പെട്ടും ഒഴിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു. 10,000 രൂപയായിരുന്നു വാടക നിശ്ചയിച്ചത്. എന്നാല്‍ സാധാരണ ബങ്കുകള്‍ക്ക് നിശ്ചയിക്കുന്ന വാടക നല്‍കാമെന്നും കുടിശ്ശിക ഒ ഴിവാക്കണമെന്നുമുള്ള അപേക്ഷയില്‍ കോര്‍പറേഷന്‍ തീരുമാനമെടുത്തിട്ടില്ല.
കോവിഡ് കാലത്തടക്കം ഏറെ ആശ്വാസം പകര്‍ന്ന ഹോട്ടലിനോട് പ്രതികാര നടപടികളാണ് എക്കാലത്തും കോര്‍പറേഷന്‍ സ്വീകരിച്ചത്. കോര്‍പറേഷന്‍ ജനകീയ ഹോട്ടലായി അംഗീകരിക്കാതിരുന്നിട്ടും 30 രൂപയ്ക്കാണ് ഇവിടെ ഊണ്‍ നല്‍കുന്നത്. നഗരത്തില്‍ എവിടെയും ജനകീയ ഹോട്ടല്‍ തുടങ്ങിയിട്ടുമില്ല. ഏഴുപേരടങ്ങിയ യൂണിറ്റാണ് ഹോട്ടല്‍ നടത്തുന്നത്. നഗരത്തില്‍ കോര്‍പറേഷന്‍ ഉടമസ്ഥതയിലുള്ള ഏതെങ്കിലും മുറികള്‍ അനുവദിക്കണമെന് നാണ് ആവശ്യം. ഇത് പരിഗണിക്കാനോ ചര്‍ച്ച ചെയ്യാനോ മേയര്‍ തയ്യാറായില്ല. രണ്ടാഴ്ചയോളമായി കുടുംബശ്രീ പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് സമരത്തിലാണ്. വ്യാഴാഴ്ച കുത്തിയിരപ്പ് സമരത്തിനിടെ മേയറെ കുടുംബശ്രീ പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. സിപിഐ എം നേതാക്കളായ എം പ്രകാശന്‍, എന്‍ സുകന്യ, കെ പി സുധാകരന്‍ തുടങ്ങിയവരെത്തിയിട്ടും പ്രശ്നപരിഹാരത്തിന് മേയര്‍ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് സമരസഹായ സമിതി രൂപീകരിച്ചത്.
സഹായസമിതി രൂപീകരണയോഗം സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. കെ പി സഹദേവന്‍ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എം പ്രകാശന്‍, എന്‍ സുകന്യ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: അരക്കന്‍ ബാലന്‍ (ചെയര്‍മാന്‍), ജ്യോതിലക്ഷ്മി (കണ്‍വീനര്‍).












Click it and Unblock the Notifications