ദിനേശന്‍ പുത്തലത്ത് ദേശാഭിമാനിയിലേക്ക്, പി ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി?
കണ്ണൂര്‍: സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷമുള്ള സി പി ഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് ഈ മാസം 18 - നും സംസ്ഥാനകമ്മിറ്റി 19 - നും ചേരും. കോണ്‍ഗ്രസ് നേതാവും എം എല്‍ എയുമായിരുന്ന പി ടി തോമസിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവ് വന്ന് തൃക്കാക്കര മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പായിരിക്കും പ്രധാന അജണ്ട. ഇതോടൊപ്പം പാര്‍ട്ടി സ്ഥാപനങ്ങളുത് അടക്കം സംഘടനാ ചുമതലകളിലും തീരുമാനം കൈക്കൊണ്ടേക്കും എന്നാണ് റിപ്പോര്‍ട്ട്.
പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയുടെ പത്രാധിപ സ്ഥാനത്തേക്ക് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ദിനേശന്‍ പുത്തലത്തിനെ നിയോഗിക്കാനാണ് സാധ്യത. നിലവില്‍ സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണ് ദിനേശന്‍ പുത്തലത്ത്. 'ദേശാഭിമാനി' പത്രാധിപരുടെ ചുമതല ഇപ്പോള്‍ വഹിക്കുന്നത് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ്.

സംസ്ഥാന സെക്രട്ടറിയെന്ന നിലയില്‍ പത്രത്തിന്റെയും ദൈനം ദിനജോലികള്‍ നിര്‍വഹിക്കുക ബുദ്ധിമുട്ടായതിനാല്‍ മുഴുവന്‍ സമയ പത്രാധിപരെ നിയോഗിക്കനാണ് പാര്‍ട്ടി തീരുമാനം. ദിനേശന്‍ പുത്തലത്ത് ദേശാഭിമാനിയിലേക്ക് എത്തുമ്പോള്‍ പി. ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ആയേക്കും. 1996-2001 കാലത്ത് ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പി. ശശിയായിരുന്നു പൊളിറ്റിക്കല്‍ സെക്രട്ടറി.
മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനാണ് പി ശശി. എ കെ ജി പഠന - ഗവേഷണ കേന്ദ്രത്തിന്റെയും ഇ എം എസ് അക്കാദമിയുടെയും ചുമതല എല്‍ ഡി എഫ് കണ്‍വീനര്‍ കൂടിയായ എ വിജയരാഘവനാണ്. സി പി ഐ എം പൊളിറ്റ് ബ്യൂറോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് വിജയരാഘവന്‍ പ്രവര്‍ത്തന കേന്ദ്രം ഡല്‍ഹിയിലേക്ക് മാറ്റുന്നതോടെ മൂന്ന് ചുമതലകളില്‍ നിന്നും ഒഴിവാകും.
സി പി ഐ എം പൊളിറ്റ് ബ്യൂറോയില്‍നിന്ന് ഒഴിവായി പ്രവര്‍ത്തനകേന്ദ്രം തിരുവനന്തപുരത്തേക്ക് മാറ്റുന്ന എസ് രാമചന്ദ്രന്‍ പിള്ളയ്ക്ക് എ കെ ജി പഠന - ഗവേഷണ കേന്ദ്രത്തിന്റെ ചുമതല നല്‍കാനാണ് സാധ്യത. വിജയരാഘവന് പകരം മുന്‍ മന്ത്രിമാരായ ഇ പി ജയരാജനോ എ കെ ബാലനോ എല്‍ ഡി എഫ് കണ്‍വീനറുടെ ചുമതല നല്‍കിയേക്കും.












Click it and Unblock the Notifications