രാജ്യസ്നേഹം അടിച്ചേൽപ്പിക്കാൻ ഫാസിസ്റ്റ് ഭരണകൂടം ശ്രമിക്കുന്നുവെന്ന് സച്ചിദാനന്ദൻ
കണ്ണൂര്‍: രാജ്യം ഭരിക്കുന്നവര്‍ അക്രമാസക്തമായ ദേശീയതയുടെ വക്താക്കളായി മാറിയിരിക്കുകയാണെന്ന് കവിയും സാഹിത്യ അക്കാദമി ചെയര്‍മാനുമായ സച്ചിദാനന്ദന്‍. കണ്ണൂര്‍ നായനാര്‍ അക്കാദമിയില്‍ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുത്വം ഒറ്റയ്ക്കല്ല നമ്മെ ഭരിക്കുന്നത്. കോര്‍പറേറ്റ്, മാധ്യമ കൂട്ടുകെട്ടിലാണ് അവര്‍ രാജ്യത്തിന്റെ അധികാരത്തില്‍ കഴിയുന്നത്.
താല്‍ക്കാലികമായി തിരിച്ചടി നേരിട്ടുവെങ്കിലും അതു ശക്തമായി തിരിച്ചു വന്നേക്കാം. ഇതിനെതിരെയുള്ള പുരോഗമന നിരതന്നെ മുന്‍പോട്ടു വരണമെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. റെഡിമെയ്ഡുകളായി നമുക്ക് തരുന്ന സത്യങ്ങളെ ചോദ്യം ചെയ്യണമെന്നും ശബ്ദമില്ലാത്തവരുടെ ശബ്ദമായി പുരോഗമന കലാ സാഹിത്യം മാറണമെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. അതി തീവ്രമായ ദേശീയത യുദ്ധസമാനമായ സാഹചര്യത്തിലേക്ക് ഫാസിസ്റ്റ് ശക്തികള്‍ വളര്‍ത്തുകയാണ്.

ദേശീയത ലോകത്തെങ്ങുമുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ദേശീയത അടിച്ചേല്‍പ്പിക്കുകയാണ്. ദളിതുകളെയും മുസ്ലിങ്ങളെയും ദേശസ്‌നേഹത്തിന്റെ മുദ്രാവാക്യങ്ങള്‍ അടിച്ചേല്‍പിച്ചു വിളിപ്പിക്കുകയാണെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. സംവിധായകന്‍ ഷാജി എന്‍. കരുണ്‍ ചടങ്ങില്‍ അധ്യക്ഷനായി. ഇഎംഎസ് തെറ്റുകള്‍ അംഗീകരിക്കാന്‍ കാണിച്ച അന്തസും മനുഷ്യത്വവും അദ്ദേഹത്തിന്റെ പിന്‍മുറക്കാര്‍ കാണിക്കുന്നില്ലെന്ന് ടി പത്മനാഭന്‍ പറഞ്ഞു.
കെ ദാമോദരനും ഇഎംഎസുമായി തനിക്ക് നല്ല ബന്ധമാണുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. നോവലിസ്റ്റ് എം.മുകുന്ദന്‍, ആതവന്‍ ഭീക്ഷണ്യ, പി. അപ്പുക്കുട്ടന്‍, എം.സ്വരാജ്, ടി.ഡി.രാമകൃഷ്ണന്‍ അശോകന്‍ ചെരുവില്‍, കരിവെള്ളൂര്‍ മുരളി തുടങ്ങിയവര്‍ പങ്കെടുത്തു. കലാ സാഹിത്യ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം പത്മനാഭന്‍ നിര്‍വഹിച്ചു.
തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനത്തില്‍ സംഘടനാ സെക്രട്ടറി എം.കെ മനോഹരന്‍ പ്രവര്‍ത്തനറിപ്പോര്‍ട്ടും ജനറല്‍ സെക്രട്ടറി അശോകന്‍ ചെരുവില്‍ നയരേഖാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സുനില്‍ പി. ഇളയിടം പ്രഭാഷണം നടത്തി. കെ.വി സുമേഷ് എംഎല്‍എ സ്വാഗതവും നാരായണന്‍ കാവുമ്പായി നന്ദിയും പറഞ്ഞു.












Click it and Unblock the Notifications