പൊതുസ്ഥലത്ത് മാലിന്യം കത്തിച്ചതിന് കെ-സ്മാര്‍ട്ട് വഴി കേരളത്തില്‍ ആദ്യമായി പിഴയീടാക്കി കണ്ണൂര്‍ കോര്‍പ്പറേഷന്‍
കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ മാലിന്യം വലിച്ചെറിയുന്നതും പ്ലാസ്റ്റിക്ക് കത്തിക്കുന്നതിനുമെതിരെ നടപടി ശക്തമാക്കി കണ്ണൂര്‍ കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം അധികൃതര്‍ രംഗത്തെത്തി. പൊതുസ്ഥലത്ത് മാലിന്യം കത്തിച്ചതിന് കെ -സ്മാര്‍ട്ട് വഴി കേരളത്തില്‍ ആദ്യമായി കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഹോട്ടല്‍ ഉടമയില്‍ നിന്ന് 25,000 രൂപ പിഴയിടാക്കി.
ഒമ്പതാം തീയതി രാത്രി പള്ളിയാമൂലയില്‍ ജനവാസ മേഖലയില്‍ മാലിന്യം കത്തിക്കുന്നു വെന്ന് നാട്ടുകാര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഹെല്‍ത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ എംപി രാജേഷ് അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ കണ്ണൂര്‍ കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം നൈറ്റ് സ്‌ക്വാഡ് പരിസരവാസികളില്‍ നിന്നും മൊഴി എടുക്കുകയും ഹോട്ടല്‍ കണ്ടെത്തുകയുമായിരുന്നു.

പയ്യാമ്പലം അസറ്റ് ഹോമിലെ യുണൈറ്റഡ് കോക്കനട്ട് എന്ന ഹോട്ടലിലെ പ്ലാസ്റ്റിക് കടലാസ് മാലിന്യങ്ങളാണ് ജനവാസ മേഖലയില്‍ കൂട്ടിയിട്ട് കത്തിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പിഴ ചുമത്തിയത്. സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. അനുഷ്‌ക, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സി.ഹംസ സി ആര്‍.സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള നൈറ്റ് സ്‌ക്വാഡാണ് നടപടി എടുത്തത്.
പൊതുസ്ഥലത്തെ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെയും കത്തിക്കുന്നവര്‍ക്കെതിരെയും ഇത്തരത്തിലുള്ള കര്‍ശന നിയമനടപടി ഉണ്ടാകുമെന്നും കോര്‍പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി. രാത്രിയും പകലും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ് ഇത്തരം നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ കര്‍ശന പരിശോധന നടത്തുമെന്നും ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എംപി രാജേഷ് അറിയിച്ചു.
വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തുടങ്ങിയ അജൈവ മാലിന്യങ്ങള്‍ ഹരിത കര്‍മ്മസേനക്ക് കൈമാറണമെന്നാണ് നിയമം. പൊതുസ്ഥലത്ത് പ്ലാസ്റ്റിക് ആണെങ്കിലും കടലാസ് ആണെങ്കിലും തീ ഇടുന്നത് ഇത്തരത്തില്‍ പിഴ അടക്കേണ്ട കുറ്റമായി മാറിയിട്ടുണ്ട്.
കണ്ണൂരിലെ തൊണ്ണൂറിലേറെ സ്ഥലങ്ങളില്‍ കോര്‍പറേഷന്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. കോര്‍പറേഷന്‍ പരിധിയിലെ പലസ്ഥലങ്ങളിലും മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് വ്യാപകമായതിനെ തുടര്‍ന്നാണ് കോര്‍പറേഷന്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചത്. ഇതില്‍ കുടുങ്ങുന്നവര്‍ക്ക് പിഴയീടാക്കുന്നുണ്ട്.












Click it and Unblock the Notifications