അത്താണിയുടെ തണലിൽ ആരോരുമില്ലാത്ത അമ്മിണിക്ക് പയ്യാമ്പലത്ത് അന്ത്യവിശ്രമം; മൃതദേഹം സംസ്‌കരിച്ചു
കണ്ണൂര്‍: ആരോരുമില്ലാത്ത കാൻസർ രോഗബാധിതയായ വയോധികയ്ക്ക് അന്ത്യവിശ്രമമൊരുക്കി കണ്ണൂർ സിറ്റിയിലെ അത്താണി സന്നദ്ധ സേവാ പ്രവർത്തകർ. ആഴ്‌ചകള്‍ക്ക് മുൻപ് അത്താണിയില്‍ എത്തിയ അമ്മിണിയുടെ മൃതദേഹം പയ്യാമ്പലത്ത് സംസ്‌കരിച്ചു. വിശ്വാസാചാരപ്രകാരം ഏറെ ആദരവോടെയായിരുന്നു സംസ്‌കാരം.
അശരണരായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണി വെള്ളിയാഴ്ച്ച രാവിലെയാണ് മരിച്ചത്. ഉച്ചയോടെ ബന്ധുവിന്റെ കൂടെ സാന്നിധ്യത്തിലാണ് സംസ്‌ക്കാര ചടങ്ങുകള്‍ നടന്നത്. കാന്‍സര്‍ രോഗബാധിതയായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന അമ്മിണിയെ അത്താണി ഏറ്റെടുത്തത് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ്. അത്താണിയുടെ ഞാലുവയലിലെ വീട്ടില്‍ പരിചരണത്തിലിരിക്കെ രോഗം മൂര്‍ഛിച്ച അമ്മിണി രാവിലെയോടെ മരണപ്പെടുകയായിരുന്നു.എന്റെ കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷയും അത്താണി ജനറല്‍ സെക്രട്ടറി പി ഷമീമയുടെ നേതൃത്വത്തിലാണ് പയ്യാമ്പലത്ത് എത്തിച്ച് സംസ്‌കരിച്ചത്.

നേരത്തെയും വിവിധ മതവിശ്വാസികളായ സ്ത്രീകള്‍ മരണപ്പെട്ടാല്‍ അവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് സംസ്‌ക്കാരം ഉറപ്പാക്കുന്നതോടൊപ്പം ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുടെ സന്തോഷത്തിലും കൂടെ നില്‍ക്കുന്ന അത്താണി ഇതിനകം കണ്ണൂരിലും പുറത്തും ശ്രദ്ധനേടിയ സ്ത്രീകളുടെ കൂട്ടായ്മയാണ്.
വിശേഷ ദിവസങ്ങളില്‍ സൗഹൃദപരമായ ആഘോഷവും വിനോദയാത്രകളും ഒത്തുചേരലുകളുമായി അഗതികളായ സ്ത്രീകള്‍ക്ക് മാനസികോല്ലാസം നല്‍കാന്‍ അത്താണി പ്രവര്‍ത്തകര്‍ ശ്രദ്ധിക്കാറുണ്ട്. അന്തേവാസികളുടെ മാനസികോല്ലാസത്തോടൊപ്പം ആരോഗ്യ ശുശ്രൂഷയും ഉറപ്പാക്കിയാണ് അത്താണിയുടെ പ്രവര്‍ത്തനം.
കെയര്‍ ആന്റ് കെയറസ് സൊസൈറ്റിക്ക് കീഴില്‍ ആയിക്കര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അത്താണിയുടെ നാല് ' കെയര്‍ ഹോമുകളിലായി 70 സ്ത്രീകളാണുള്ളത്. 18 വയസ് മുതല്‍ 90 വയസ് വരെ പ്രായക്കാര്‍ ഇവരിലുണ്ട്. സഫിയ മുനീറാണ് അത്താണിയുടെ പ്രസിഡന്റ്. പി ഷമീമ ജനറല്‍ സെക്രട്ടറിയും താഹിറ അഷ്‌റഫ് ട്രഷററുമാണ്. നഴ്‌സുമാരുള്‍പ്പെടെ 15 ജീവനക്കാരാണ് നാല് കെയര്‍ ഹോമുകളിലു കഴിയുന്ന അന്തേവാസികളെ പരിപാലിക്കുന്നതെന്ന് ഷമീമ ടീച്ചർ പറഞ്ഞു.












Click it and Unblock the Notifications