'ഇന്ത്യ ഭരിക്കുന്ന രാഷ്ട്രീയകക്ഷി ഗാന്ധി മുക്ത ഭാരതത്തിനാണ് ശ്രമിക്കുന്നത്'; ടി പത്മനാഭൻ
അഴീക്കോട്: മഹാത്മാഗാന്ധിജിയുടെ പ്രസക്തി ലോകം മുഴുവന്‍ വര്‍ധിച്ചു വരുമ്പോള്‍ ഇന്ത്യ ഭരിക്കുന്ന രാഷ്ട്രീയകക്ഷി ഗാന്ധി മുക്ത ഭാരതത്തിന്നാണ് ശ്രമിക്കുന്നതെന്നു കഥാകൃത്ത് ടി.പത്മനാഭന്‍ പറഞ്ഞു. എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന അഴീക്കോട് ഹൈസ്കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥികളുടെ സംഘടനയുടെ നേതൃത്വത്തില്‍ ഹൈസ്‌കൂള്‍ മുറ്റത്ത് സ്ഥാപിച്ച ഗാന്ധി പ്രതിമയുടെ അനാവരണം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാഠപുസ്തകങ്ങളില്‍ നിന്ന് ഗാന്ധിജിയുടെ പേര് എടുത്തു മാറ്റുന്നു. ജവഹര്‍ലാല്‍ നെഹറുവിനെയും അബ്ദുള്‍ കലാം ആസാദിനെയും എന്തിന് ഇന്ത്യക്കാരനല്ലാത്തപ രിണാമ സിദ്ധാന്തകാരന്‍ ചാള്‍സ് ഡാര്‍വിന്റെ പേരുവരെ അവര്‍ പാഠ പുസ്തകങ്ങളില്‍ നിന്നു എടുത്തുമാറ്റി.
പകരം കഴിയുന്ന സ്ഥലങ്ങളിലൊക്കെ മഹാത്മാ ഗാന്ധി ഘാതകന്‍ ഗോഡ്‌സെയുടെ പേര് വച്ചുക്ഷേത്രങ്ങള്‍ നിര്‍മ്മിച്ച് പ്രതിഷ്ഠിച്ച് ഇന്ത്യയുടെ പിതാവാണെന്ന് വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും പത്മനാഭന്‍ആരോപിച്ചു. കേന്ദ്രം ഭരിക്കുന്ന കക്ഷി ഇന്ത്യക്കു വെളിയില്‍ പോയാല്‍ മഹാത്മാഗാന്ധിജിയെ വാഴ്ത്തിപ്പാടും. അവിടെ നീചന്‍, രാജ്യദ്രോഹി എന്നൊക്കെപ്പറഞ്ഞാല്‍ ചെലവാകില്ല.

വിദേശ രാഷ്ട്ര സാരഥികള്‍ ഇന്ത്യയില്‍ വന്നാല്‍ ആര്‍.എസ്.എസ്സിന്റെ ആസ്ഥാനമായ നാഗ്പൂരിലേക്കല്ല അവരെ കൊണ്ടുപോവുകയെന്നും ഗാന്ധിയുടെ വാര്‍ദ്ധയിലേക്കാണെന്നും പത്മനാഭന്‍ ചൂണ്ടിക്കാട്ടി. അമേരിക്കന്‍ പ്രസിഡന്റായിരുന്ന ട്രംപ് വന്നപ്പോള്‍ വാര്‍ദ്ധയില്‍ ചര്‍ക്കയില്‍ നൂല്‍ നൂറ്റ കാര്യവും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഇവിടെ ഇന്ത്യയില്‍ എതിര്‍ക്കുകയും വിദേശത്ത് ഗാന്ധി വാഴ്ത്തുമാണ് ഭരിക്കുന്ന കക്ഷി ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സ്വാതന്ത്ര്യ സമര നേതാക്കളെക്കുറിച്ച് നമ്മുടെ അധ്യാപകര്‍ മനസ്സിലാക്കി , ദേശത്തിനു സമര്‍പ്പിതമായ അവരുടെ ത്യാഗ ജീവിതം കുട്ടികള്‍ക്കു പകര്‍ന്നു നല്കിയാല്‍ നല്ലതെന്നും വ്യക്തമാക്കി. യോഗങ്ങളില്‍ പ്രാര്‍ത്ഥന നടക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കേണ്ടതില്ല. ഗാന്ധിജിയുടെ പ്രാര്‍ത്ഥന യോഗങ്ങള്‍ എഴുന്നേറ്റിട്ടല്ല
ഇരുന്നാണ് നടത്തിയത്. ഞാന്‍ കണ്ട എല്ലാ ചിത്രങ്ങളിലും ഗാന്ധിജി ഇരുന്നാണ് പ്രാര്‍ത്ഥിക്കുന്നത്. ഗാന്ധിജി എവിടെയെങ്കിലും നിന്നിട്ട് പ്രാര്‍ത്ഥിക്കുന്നത് കണ്ടുവോ?യെന്നും പത്മനാഭന്‍സദസ്യരോട് ചോദിച്ചു. ഒരിക്കല്‍ തിരുവിതാംകൂര്‍ രാജാവായ മാര്‍ത്താണ്ഡവര്‍മ്മ ഇതേ അഭിപ്രായം പറഞ്ഞിട്ടുണ്ട്. മാത്രമല്ല വൃദ്ധന്മാര്‍ക്ക എഴുന്നേറ്റ് നിന്ന് പ്രാര്‍ത്ഥിക്കാന്‍ വിഷമമാണെന്നും 95 കഴിഞ്ഞ തന്റെ വാര്‍ധക്യ അവശത ചൂണ്ടിക്കാട്ടി അദ്ദേഹം വിശദീകരിച്ചു. ഭാവിയില്‍ പരിപാടികള്‍ നടത്തുമ്പോള്‍ ഇരുന്നിട്ട് പ്രാര്‍ത്ഥിച്ചാല്‍ മതി. ദൈവം കേള്‍ക്കുമെന്നും പത്മനാഭന്‍ പറഞ്ഞു.
സമ്മേളനം തുടങ്ങുമ്പോള്‍ പ്രാര്‍ത്ഥനയ്ക്ക് വേദിയിലുള്ളവരും സദസ്യര്യം എഴുന്നേറ്റു നിന്നതിന്റെ പശ്ചാത്തലത്തിലാണ് പത്മനാഭന്‍ തന്റെ അഭിപ്രായം പങ്കു വച്ചത്. അഴീക്കോട് ഹൈസ്‌കൂളില്‍ അടിയന്തരമായി ഒരുറാമ്പ് പണിയണമെന്നും അതിന് താനും ഒരുസഹായം നല്കാമെന്ന വാഗ്ദാനവും നടത്തി. അംഗപരിമിതര്‍ക്കും വൃദ്ധന്മാര്‍ക്കും ഹൈസ്‌കൂളില്‍ വരാനുള്ള സൗകര്യമുണ്ടാക്കണമെന്ന പത്മനാഭന്റെ അഭ്യര്‍ത്ഥന സംഘാടകര്‍ ഉടന്‍ നടപ്പാക്കുമെന്നും അറിയിച്ചു.
ആര്‍.വി.ജയദേവന്‍ അധ്യക്ഷത വഹിച്ചു. അന്തരീക്ഷ പഠന ശാസ്ത്രജ്ഞന്‍ ഡോ.എം.കെസതീഷ് കുമാര്‍ , ശൗര്യ ചക്ര പി.വി. മനേഷ്, അഴീക്കോട് ഹൈസ്‌കൂള്‍ പ്രധാന അധ്യാപിക ഗീത,ശില്പി ചിത്രന്‍ കുഞ്ഞിമംഗലം , പി.കെ പ്രകാശന്‍ പ്രസംഗിച്ചു. ഗാന്ധി പ്രതിമ നിര്‍മ്മിച്ചപ്രശസ്ത ശില്പി നാരായണന്‍ കുഞ്ഞിമംഗലത്തിന്റെ മകനും കാഞ്ഞങ്ങാട് ദുര്‍ഗ ഹൈസ്‌കൂള്‍ അധ്യാപകനുമായ ചിത്രന്‍ കുഞ്ഞിമംഗലത്തെ യോഗത്തില്‍ ആദരിക്കുകയും ചെയ്തു.












Click it and Unblock the Notifications