കൊവിഡിനും തളര്‍ത്താനായില്ല; ചൈനയില്‍ വിജയഗാഥ രചിച്ച് ഇരിട്ടി സ്വദേശിനി ഡോക്ടര്‍ ഹീരാ ജയന്‍
ഇരിട്ടി: ഇരിട്ടി നഗരത്തോട് ഏതാനും കിലോമീറ്റര്‍ മാത്രം അകലത്തിലാണെങ്കിലും പായം പഞ്ചായത്തിലെ ഒരു അവികസിത ഗ്രാമം എന്ന് വിളിക്കാവുന്ന വട്ട്യറയില്‍ നിന്നും ഒരു മുപ്പതുകാരി ചൈനയില്‍ തന്റെ വിദ്യാഭ്യാസത്തിന്റെ ഉയര്‍ച്ചയുടെ പടവുകള്‍ അതിവേഗം ഓടിക്കയറുകയാണ്. വട്ട്യറ എല്‍പി സ്‌കൂള്‍ റിട്ട. പ്രഥമാധ്യാപകന്‍ പൂവത്തുംകണ്ടി ജയന്റേയും ഇതേ സ്‌കൂളിലെ അദ്ധ്യാപിക സജിതയുടെയും മകള്‍ ഡോ ഹീരാ ജയനാണ് ഈ മുപ്പതുകാരി.
ഇപ്പോള്‍ പോസ്റ്റ് ഡോക്ടര്‍ റിസര്‍ച്ച് ഫെലോ ആയി ചൈനയിലെ ജിയാങ്സു യൂണിവേഴ്സിറ്റിയില്‍ ജോലിചെയ്യുകയാണ് ഹീരാ ജയന്‍. വട്ട്യറ എല്‍പി സ്‌കൂള്‍, പായം ഗവ യുപി സ്‌കൂള്‍, എടൂര്‍ ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. തുടര്‍ന്ന് തഞ്ചാവൂരിലെ നിക്മര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ബിടെക്കും എംടെക്കും പാസ്സായി. എംടെക്കില്‍ രണ്ടാം റാങ്ക് നേടിയിരുന്നു വിജയം. ഇവിടെ പഠനം പൂര്‍ത്തിയാക്കിയപ്പോഴാണ് സൗത്ത് ചൈനാ യൂണിവേഴ്സിറ്റിയിലെ ഒരു പ്രൊഫസര്‍ ഹീരയെ പഠിപ്പിച്ച അദ്ദേഹത്തിന്റെ സുഹൃത്തായ പ്രൊഫസറുമായി ബന്ധപ്പെടുന്നത്.

ഏറെ ടാലന്റുള്ള ഒരു വിദ്യാര്‍ത്ഥിയെ ആവശ്യമുണ്ടെന്ന് പ്രൊഫസര്‍ പറഞ്ഞതോടെ രണ്ടാം റാങ്കുകാരിയായ തന്റെ വിദ്യാര്‍ത്ഥിനി ഹീരക്ക് നറുക്കുവീഴുകയായിരുന്നു. സ്‌കോളര്‍ഷിപ്പോടെ നാലു വര്‍ഷക്കാലം സൗത്ത് ചൈനാ യൂണിവേഴ്സിറ്റിയില്‍ പഠനം നടത്താനും ഇവിടെ നിന്നും ഫുഡ് സയന്‍സ് ആന്റ് എഞ്ചിനീയറിംഗില്‍ ഡോക്റ്ററേറ്റ് നേടാനും ഹീരക്കായി. വിദേശ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മികവ് തെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള എക്‌സലന്റ് സ്റ്റൂഡന്റ്‌സ് അവാര്‍ഡ്, മികച്ച പ്രോജക്ടിനുള്ള ബെസ്റ്റ് പ്രോജക്റ്റ് അവാര്‍ഡ് എന്നിവ ഈ കാലയളവില്‍ ഹീരയെത്തേടിയെത്തി.
2018ല്‍ ആണ് ഹീര ചൈനയില്‍ എത്തുന്നത്. സൗത്ത് ചൈനാ യൂണിവേഴ്സിറ്റിയിലെ പഠനത്തിനിടെയാണ് കൊവിഡ് മഹാമാരി ലോകമാകെ പടര്‍ന്നു പിടിക്കുന്നത്. കൊറോണാ വൈറസുകളുടെ പ്രഭവകേന്ദ്രം ചൈനയാണെന്നായിരുന്നു എല്ലാവരും പറഞ്ഞിരുന്നത്. മറ്റു രാജ്യങ്ങളിലുള്ളവരെല്ലാം സ്വന്തം രാജ്യങ്ങളിലേക്ക് യാത്രയായപ്പോള്‍ ഹീര സധൈര്യം ചൈനയില്‍ തന്നെ തുടര്‍ന്നു. നാട്ടിലുള്ള ബന്ധുക്കളെല്ലാം തിരിച്ചു വരണമെന്നാവശ്യപ്പെട്ടപ്പോഴും അതിനു വഴങ്ങാതെ തന്റെ മനോബലത്തിന്റെ കരുത്തില്‍ ചൈനയില്‍ തന്നെ തുടര്‍ന്ന് പഠനം പൂര്‍ത്തിയാക്കുകയായിരുന്നു താനെന്ന് ഹീര പറഞ്ഞു.
തനിക്ക് ഒരു മികച്ച പ്രൊഫസറാകാനാണ് ആഗ്രഹമെന്നും ടാലന്റുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ സര്‍വകലാശാലകളിലും മറ്റും ഒരുപാട് അവസരങ്ങളുണ്ടെന്നും പാവപ്പെട്ടവര്‍ക്ക് സ്‌കോളര്‍ഷിപ്പോടെ പഠിക്കാനുള്ള നിരവധി അവസരങ്ങളും മുന്നില്‍ തുറന്നു കിടപ്പുണ്ടെന്നും അവ പ്രയോജനപ്പെടുത്താന്‍ കഴിയണമെന്നും ഹീര പറഞ്ഞു. എഞ്ചിനീയറിങ് ബിരുദധാരിയായ ഹീരയുടെ സഹോദരന്‍ രാഹുല്‍ കോയമ്പത്തൂരില്‍ ജോലിചെയ്തു വരികയാണ്. വിദേശത്ത് വെന്നിക്കൊടി പാറിച്ച ഈ ഇരിട്ടിക്കാരി യുവ ഡോക്ടര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നും നിറഞ്ഞ കൈയ്യടിയാണ് ലഭിക്കുന്നത്.












Click it and Unblock the Notifications