കണ്ണൂരില്‍ വീണ്ടും പൊലിസ് ചമഞ്ഞ് കവര്‍ച്ചാശ്രമം: മൂന്ന് യുവാക്കള്‍ റിമാന്‍ഡില്‍
കാറില്‍ നഗരം ചുറ്റിയ ശേഷം പണം കവരാന്‍ ശ്രമിക്കുകയായിരുന്നു. കൈയ്യില്‍ പണമില്ലെന്നു കണ്ടതോടെ ഇവരെ വഴിയില്‍ ുപേക്ഷിച്ചു

വളപട്ടണം: കണ്ണൂര്‍ നഗരത്തില്‍ വീണ്ടും മഫ്തി പൊലിസ് ചമഞ്ഞ് ഗുണ്ടാവിളയാട്ടം. കണ്ണൂര്‍ നഗരത്തില്‍ ഭക്ഷണം കഴിക്കാനെത്തിയ രണ്ടു പേരെ തട്ടിക്കൊണ്ടുപോയി കൊളളയടിക്കാന്‍ ശ്രമിച്ച നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ മൂന്ന് യുവാക്കളാണ് അറസ്റ്റിലായത്.
കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ പളളിക്കുളത്ത് പൊലിസ് ചമഞ്ഞെത്തി യുവാക്കളെ തട്ടിക്കൊണ്ടു പോയ മൂന്ന് പേരെയാണ് വളപട്ടണം പൊലിസ് പിടികൂടിയത്. ഇവരെ കണ്ണൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ബര്‍ണശേരി സ്വദേശി ജോണ്‍ റൊസാരിയോ, അജിനാസ്, വിഷ്ണു എന്നിവരെയാണ് പിടികൂടിയത്. ചൊവ്വാഴ്ച്ച രാത്രി പത്തുമണിയോടെ കണ്ണൂര്‍-കാസര്‍കോട് ദേശീയ പാതയിലെ പളളിക്കുളം ഇന്ദിരാനഗര്‍ കോളനിക്ക് സമീപമാണ് കേസിനാസ്പദമായ സംഭവം.

കണ്ണൂരിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ആല്‍ബിന്‍, അതുല്‍ എന്നിവര്‍ രാത്രി ഒന്‍പതോടെ ഭക്ഷണം കഴിച്ചു മടങ്ങവെ കാറിലെത്തിയ മൂന്നുപേര്‍ തട്ടിക്കൊണ്ടു പോവുകയായിരുന്നു. പൊലിസാണെന്നു പറഞ്ഞ് ഇവര്‍ യുവാക്കളെ ഭീഷണിപ്പെടുത്തി കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലേക്ക് കൊണ്ടു പോകാനെന്ന വ്യാജേനെ നിര്‍ബന്ധിപ്പിച്ച് കാറില്‍ കയറ്റുകയായിരുന്നു.
കാറില്‍ നഗരം ചുറ്റിയ ശേഷം പണവും മറ്റും കവരാന്‍ ശ്രമിക്കുകയായിരുന്നു. കൈയ്യില്‍ പണമില്ലെന്നു കണ്ടതോടെ ഇവരുടെ എ.ടി. എം കാര്‍ഡുകള്‍ ബലമായി പിടിച്ചുവാങ്ങി. എന്നാല്‍ ഇതില്‍ നിന്നും പണം കിട്ടാഞ്ഞതിനെ തുടര്‍ന്ന് ഈക്കാര്യം മറ്റാരോടും പറയരുതെന്ന് ആവശ്യപ്പെട്ട് നഗരത്തിലെ ഒരിടത്ത് വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.
ആല്‍ബിന്റെയും അതുലിന്റെയും പരാതിയില്‍ വളപട്ടണം പൊലിസ് കേസെടുത്തു ബര്‍ണശേരിയില്‍ നിന്നാണ് ബുധനാഴ്ച്ച രാവിലെ പത്തുമണിയോടെ പ്രതികളെ പിടികൂടിയത്. കണ്ണൂര്‍ നഗരത്തിലെ പിടിച്ചുപറി ഉള്‍പ്പെടെ നടത്തുന്ന സംഭവങ്ങളില്‍ ഇവര്‍ക്ക് പങ്കുണ്ടോയെന്ന് പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications