ട്രെയിനിന് നേരെ കല്ലെറിഞ്ഞത് മദ്യലഹരിയിലെന്ന് പ്രതി; പൊലിസ് തെളിവെടുപ്പ് നടത്തി
കണ്ണൂര്‍: കണ്ണൂരില്‍ ട്രെയിനുകള്‍ക്ക് കല്ലെറിഞ്ഞ കേസിലെ പ്രതിയുമായി പൊലിസ് തെളിവെടുപ്പ് നടത്തി. ഒഡീഷ സ്വദേശിയായ സര്‍വ്വേഷിനെയാണ് തെളിവെടുപ്പിനായി കല്ലേറ് നടന്ന പാറക്കണ്ടിയില്‍ എസിപി ടികെ രത്നകുമാറിന്റെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണസംഘം തെളിവെടുപ്പിനെത്തിച്ചത്. സിആര്‍പിഎഫ് ഇന്‍സ്പെക്ടര്‍ ബിനോയ് ആന്റണിയാണ് പ്രതിയുുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ ഓഗസ്റ്റ് 16 ന് ഞായറാഴ്ച വൈകുന്നേരം നേത്രാവതി, ചെന്നൈ എക്സ്പ്രസുകള്‍ക്ക് കല്ലെറിഞ്ഞത് മദ്യലഹരിയിലായിരുന്നുവെന്ന് ഒഡീഷ സ്വദേശിയായ യുവാവ് മൊഴി നല്‍കി. പത്തു വര്‍ഷത്തോളമായി കണ്ണൂരില്‍ പെയിന്റിങ് തൊഴിലാളിയായി ജോലി ചെയ്യുകയാണ് സര്‍വേഷ്. അമിതമായി ബിയര്‍ കഴിച്ചതിനു ശേഷം താന്‍ പാറക്കണ്ടിയിലെ റെയില്‍വെ ട്രാക്കിനു സമീപം പൊന്തക്കാടുകള്‍ക്കിടയില്‍ കുത്തിയിരുന്നാണ് കല്ലെറിഞ്ഞതെന്ന് ഇയാള്‍ തെളിവെടുപ്പിനിടെ പൊലിസിന് മൊഴി നല്‍കി.

ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നും അതിനു ശേഷം ഓടിപോവുകയായിരുന്നുവെന്നാണ് ഇയാള്‍ പറഞ്ഞത്. കല്ലെറിഞ്ഞതിന് പ്രത്യേക കാരണമൊന്നുമില്ലെന്നാണ് സര്‍വേഷ് പൊലിസിനോട് പറഞ്ഞത്. നേത്രാവതി എക്സ്പ്രസ്, ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് ട്രെയിനുകള്‍ക്ക് ഞായറാഴ്ച വൈകിട്ട് ഏഴിനും ഏഴരയ്ക്കും ഇടയിലാണ് ഇയാള്‍ കല്ലെറിഞ്ഞത്. ഇരുന്നൂറോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞതെന്നു പൊലീസ് പറഞ്ഞു.
പൊലിസ് ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ മേയ് 5ന് വൈകിട്ട് വളപട്ടണം റെയില്‍വേ സ്റ്റേഷന്റെ രണ്ടാം പ്ലാറ്റ്ഫോമിനു സമീപം വന്ദേഭാരത് എക്സ്പ്രസിനു കല്ലേറുണ്ടായിരുന്നു. കഴിഞ്ഞവര്‍ഷം ജൂലൈ 19ന് വളപട്ടണം റെയില്‍വേ പാലത്തിനു സമീപം ട്രാക്കില്‍ മീറ്ററുകളോളം നീളത്തില്‍ കരിങ്കല്ല് നിരത്തിയിട്ട് ട്രെയിന്‍ അപകടത്തില്‍പ്പെടുത്താന്‍ ശ്രമമുണ്ടായിരുന്നു.
കല്ലേറില്‍ യാത്രക്കാര്‍ക്കും ലോക്കോ പൈലറ്റുമാര്‍ക്കും റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കുമെല്ലാം പരുക്കേറ്റ സംഭവങ്ങളും ഒട്ടേറെയുണ്ട്. 2022 ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ റെയില്‍വേ സുരക്ഷാസേന 5 കേസുകളാണെടുത്തത്. ഓഗസ്റ്റ് 20ന് കോട്ടിക്കുളത്ത് ട്രാക്കില്‍ ഇരുമ്പുപാളി വച്ചത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. അന്നുതന്നെ ചിത്താരിയില്‍ ട്രെയിനിനു നേരെ കല്ലേറുമുണ്ടായി. ജൂലൈ 17 ന് കുമ്പളയില്‍ ട്രാക്കില്‍ കല്ലും ക്ളോസറ്റും നിരത്തിയതും കണ്ടെത്തിയിരുന്നു.
കണ്ണൂരിനും കാസര്‍കോടിനുമിടയില്‍ യാത്രക്കാര്‍ക്ക് ഭീഷണി ആയി മാറിയിരിക്കുകയാണ് ട്രെയിനുകള്‍ക്കു നേരെ നടക്കുന്ന കല്ലേറ്. കല്ലേറ് അടിക്കടി റിപ്പോര്‍ട്ട് ചെയ്യുമ്പോഴും അക്രമികളെ കണ്ടെത്താന്‍ പോലും സാധിക്കാത്തത് യാത്രക്കാരില്‍ ആശങ്കയുണ്ടാക്കിയിരുന്നു. നേരത്തെ കേരളാ അതിര്‍ത്തിയോട് ചേര്‍ന്ന് മഞ്ചേശ്വരം, ഉപ്പള മേഖലകളിലാണ് ട്രെയിനുകള്‍ക്കു നേരെയുള്ള കല്ലേറ് നിരന്തരം റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
അടുത്തിടെ ഇത് കണ്ണൂര്‍ ജില്ലയുടെ പല ഭാഗങ്ങളിലും ആവര്‍ത്തിച്ച് തുടങ്ങി. ഓടിക്കൊണ്ടിരിക്കുന്ന വണ്ടിക്കകത്ത് സുരക്ഷ ഇല്ലെന്നതാണ് നിലവിലെ സാഹചര്യം. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ കണ്ണൂരിനും കാഞ്ഞങ്ങാടിനുമിടയില്‍ നാലു വണ്ടികള്‍ക്കു നേരേയാണ് കല്ലേറ് ഉണ്ടായത്. ആര്‍ക്കും പരിക്കേറ്റിട്ടില്ലെങ്കിലും ഇതോടെ യാത്രക്കാരുടെ മനസില്‍ പരിഭ്രാന്തി പരത്തിയിട്ടുണ്ട്.












Click it and Unblock the Notifications