അത്താഴക്കുന്നില്‍ എസ്‌ഐയെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ച കേസില്‍ നാല് പേര്‍ കൂടി അറസ്റ്റില്‍
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ അത്താഴക്കുന്നില്‍ കണ്ണൂര്‍ ടൗണ്‍ എസ്ഐ സിഎച്ച് നസീബിനെയും സഹപൊലീസുകാരെയും ക്ലബ്ബില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചകേസില്‍ നാല് യുവാക്കള്‍ കൂടി അറസ്റ്റില്‍. കുഞ്ഞിപ്പള്ളി സ്വദേശികളായ പ്രജില്‍, കാര്‍ത്തിക്, സംഗീര്‍ത്ത്, സനല്‍ എന്നിവരെയാണ് കണ്ണൂര്‍ ടൗണ്‍ ഇന്‍സ്പെക്ടര്‍ പി എ ബിനുമോഹനന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഞായറാഴ്ച രാവിലെ കുഞ്ഞിപളളിയില്‍ നിന്നും അറസ്റ്റ് ചെയ്തത്.
സംഭവത്തില്‍ കഴിഞ്ഞ ദിവസം മൂന്ന് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തു റിമാന്‍ഡ് ചെയ്തിരുന്നു. കുഞ്ഞിപ്പള്ളി സ്വദേശികളായ തന്‍സീര്‍ അഭയ്, കോറ്റൊളി സ്വദേശി അഖിലേഷ് എന്നിവരെയാണ് ടൗണ്‍ ഇന്‍സ്പെക്ടര്‍ പി എ ബിനുമോന്‍ അറസ്റ്റ് ചെയ്തിരുന്നത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം.

കണ്ണൂര്‍ ടൗണ്‍ എസ്. ഐ സി എച്ച് നസീബും സഹപ്രവര്‍ത്തകരും പട്രോളിങ്ങിനിടെ ക്ലബ്ബില്‍ ഇരുന്ന് മദ്യപിക്കുന്നത് കണ്ട് കയറിയപ്പോഴാണ് പൊലീസുകാര്‍ക്കു നേരെ അക്രമം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ പ്രതികളായ യുവാക്കളെ പൊലീസ് വലിച്ചിഴയ്ക്കുന്നതും മര്‍ദ്ദിക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്. അത്താഴക്കുന്നിലെ കല്ലുകെട്ടുചിറയിലെ ക്ളബിലാണ് സംഭവം നടന്നത്.
ഈ പ്രദേശത്ത് മദ്യപാന, ലഹരിസംഘം വ്യാപകമായിട്ടുണ്ടെന്ന പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്ന് ഇവിടെ പരിശോധനയ്ക്കെത്തിയതെന്നാണ് പൊലീസ് പറയുന്നത്. ക്ലബിലേക്ക് കയറി യുവാക്കളെ ചോദ്യം ചെയ്ത പൊലീസുമായി വാക്കേറ്റമുണ്ടാവുകയും എസ്.ഐയുടെ നേതൃത്വത്തില്‍ യുവാക്കളെ വലിച്ചിഴയ്ക്കും ബലപ്രയോഗം നടത്തുകയുമായിരുന്നു. ഇതിനിടെ യുവാക്കളിലൊരാള്‍ മുറിയുടെ വാതില്‍ പുറത്തു നിന്നും പൂട്ടുകയും മറ്റുളളവര്‍ എസ്‌ഐ മര്‍ദ്ദിച്ചുവെന്നാണ് പരാതി.
പുറമെ നിന്നുളള പൊലീസുകാരെ തടയുകയും ചെയ്തുവെന്നു പറയുന്നു. പിന്നീട് കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും കൂടുതല്‍ പൊലീസുകാരെത്തിയാണ് എസ്‌ഐ വാതില്‍ തുറന്ന് പുറത്തിറക്കുകയും മൂന്നു പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. യുവാക്കളുടെ മര്‍ദ്ദനമേറ്റുവെന്നു പറയുന്ന സിഎച്ച് നസീബ് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാള്‍ക്ക് ചുമലിലാണ് പരുക്കേറ്റത്. മറ്റു പൊലീസുകാരെ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു.












Click it and Unblock the Notifications