ആകാശ് തില്ലങ്കേരിക്കെതിരെ നിയമനടപടി സ്വീകരിക്കും; മുന്നറിയിപ്പുമായി ഡിവൈഎഫ്‌ഐ
സോഷ്യല്‍ മീഡിയ വഴി വ്യക്തി അധിക്ഷേപത്തിന് നേതൃത്വം നല്‍കുന്ന ക്വട്ടേഷന്‍ സ്വര്‍ണ്ണകടത്ത് സംഘത്തെ ശക്തമായി പ്രതിരോധിക്കും. ആരോപണം നടത്തുന്നതിനു പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന് എം വി ജയരാജന്‍ പറഞ്ഞു

കണ്ണൂര്‍: ഷുഹൈബ് വധക്കേസിലെ ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിന് എതിരെ ഡി വൈ എഫ് ഐ. ഡി. വൈ. എഫ്. ഐ ജില്ലാ നേതാക്കളായ അഡ്വ. സരിന്‍ ശശിയും മുഹമ്മദ് അഫ്സലുമാണ് തില്ലങ്കേരിക്കെതിരെ രംഗത്തെത്തിയത്. ആകാശ് തില്ലങ്കേരിക്കെതിരെ ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.
ഡി.വൈ.എഫ്.ഐ മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി സരീഷിനെതിരെയും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് എതിരെയും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായിരിക്കെ ആര്‍.എസ്സ്.എസ്സുകാരാല്‍ കൊലചെയ്യപ്പെട്ട ധീര രക്തസാക്ഷി ബിജുട്ടിയുടെ കുടുംബാംഗങ്ങള്‍ക്കെതിരെയും സോഷ്യല്‍ മീഡിയ വഴി വ്യക്തി അധിക്ഷേപത്തിന് നേതൃത്വം നല്‍കുന്ന ക്വട്ടേഷന്‍ സ്വര്‍ണ്ണകടത്ത് സംഘത്തെ ശക്തമായി പ്രതിരോധിക്കാന്‍ തയ്യാറാവുമെന്ന് ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.
അതേസമയം കേസില്‍ തന്റെ പങ്ക് മറച്ചുവയ്ക്കാനും മാപ്പുസാക്ഷിയായി രക്ഷപ്പെടാനുമുള്ള തന്ത്രമാണ് ക്വട്ടേഷന്‍ നേതാവ് നടത്തിയതെന്ന് സിപിഎം കണ്ണൂര്‍ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ആരോപിച്ചു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദൗര്‍ഗ്യകരമായ കൊലപാതകത്തില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചതാണ്.
കേസില്‍ പ്രതിയായ സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍സംഘാംഗമാണ് സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത്. നിരപരാധികളായ പാര്‍ടി നേതാക്കളെ കേസിലുള്‍പ്പെടുത്താനാണോ ഈ നീക്കമെന്ന് സംശയിക്കണം. നാല് വര്‍ഷത്തിനുശേഷം ഇത്തരമൊരു ആരോപണം നടത്തുന്നതിനു പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും എം വി ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സിപിഎമ്മിന്റെ പ്രചാരണത്തിന് ഒരു ക്വട്ടേഷന്‍ സംഘത്തെയും ചുമതലപ്പെടുത്തിയിട്ടില്ല. ഉളുപ്പില്ലാത്തവര്‍ വീണ്ടും വീണ്ടും പാര്‍ടിയുടെ ചിഹ്നങ്ങളും നേതാക്കളുടെ ഫോട്ടോയും ഉപയോഗിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇത്തരം ആളുകളുടെ സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകള്‍ മുഴുവനും സമൂഹത്തിന് തന്നെ അപമാനമാണ്. ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളും കൊലക്കേസുമുള്‍പ്പെടെയുള്ളവയ്ക്ക് ന്യായീകരണം ചമയ്ക്കുകയാണ് ഇവരെന്നും ജയരാജന്‍ കുറ്റപ്പെടുത്തി












Click it and Unblock the Notifications