അന്റാർട്ടിക്കയിൽ പുതിയ സസ്യ ഇനം: ഇന്ത്യന്‍ പര്യവേഷണ സംഘത്തിന് നേതൃത്വം നൽകിയത് കോറോം സ്വദേശി
പയ്യന്നൂര്‍: പയ്യന്നൂരിന് അഭിമാനമായി അന്താരാഷ്ട്ര സസ്യശാസ്ത്ര ഗവേഷണ രംഗത്ത് കോറോം സ്വദേശിയുടെ സാന്നിധ്യം. പയ്യന്നൂർ കോറോം സ്വദേശി ഡോ.ഫെലിക്സ് ബാസ്റ്റിൻ്റെ നേതൃത്വത്തിലുള്ള അൻ്റാർട്ടിക്കയിലെ ഇന്ത്യന്‍ പര്യവേക്ഷണ സംഘമാണ് 'ബ്രയം ഭാരതീയൻസ്' എന്ന് പേരുള്ള പുതിയ സസ്യ ഇനം കണ്ടെത്തിയത്. പഞ്ചാബ് കേന്ദ്ര സർവ്വകലാശാല ജീവശാസ്ത്ര വിഭാഗം മേധാവി ഡോ.ഫെലിക്സ് ബാസ്റ്റിൻ്റെ നേതൃത്വത്തിൽ 2017ൽ നടത്തിയ മുപ്പത്തിആറാം അൻ്റാർട്ടിക്ക പര്യവേക്ഷണ സമയത്ത് ധ്രുവപ്രദേശത്തെ ഇന്ത്യൻ റിസർച്ച് സ്റ്റേഷനായ " ഭാരതി " യുടെയും അറിവിൻ്റെ ദേവതയായ സരസ്വതിയുടെ പേരുകൾ ചേർത്താണ് പുതിയ സസ്യത്തിന് പേരു നൽകിയിട്ടുള്ളത്.
ഭാരതിക്കു സമീപം ലാർസ് മാൻ ഹിൽസിൽ നിന്നാണ് ശേഖരിച്ച ഇരുണ്ട പച്ച നിറത്തിലുള്ള സസ്യത്തെ കണ്ടെത്തിയത്.അന്ന് ശേഖരിച്ച സാമ്പിളുകൾ ശാസ്ത്രീയ വർഗ്ഗീകരണം നടത്തിയാണ് പുതിയ സസ്യമാണെന്ന് തിരിച്ചറിഞ്ഞത്.കണ്ടുപിടുത്ത കാര്യം സ്ഥിരീകരണത്തിനു ശേഷം ശാസ്ത്ര പ്രസിദ്ധീകരണമായ ജേർണൽ ഓഫ് ഏഷ്യ പസിഫിക് ബയോ ഡൈവേർസിറ്റിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മൈനസ് 76 ഡിഗ്രി വരെ താഴുന്ന ഊഷ്മാവിൽ മഞ്ഞുകാലത്ത് വിത്ത് ആയി ചുരുങ്ങി നിർജീവമാവുന്ന ഈ സസ്യങ്ങൾ ആറു മാസം മാത്രം ലഭിക്കുന്ന സൂര്യപ്രകാശം ഏൽക്കുമ്പോൾ വീണ്ടും മുളക്കുകയും ഉരുകുന്ന മഞ്ഞിൽ നിന്നും വെള്ളം വലിച്ചെടുക്കുകയും ചെയ്യും. പുതിയ കണ്ടുപിടുത്തം അൻ്റാർട്ടിക്കയിൽ അന്തരീക്ഷ താപനില ക്രമാതീതമായി കുറയുന്നതിൻ്റെയും ആ പ്രദേശത്ത് പച്ചയുടെ തുടിപ്പുകൾ ഉയർന്നു വരുന്നതിൻ്റെയും സൂചനകളാണ് പുതിയ കണ്ടുപിടുത്തം വഴി തെളിക്കുന്നതെന്ന് ഡോ.ഫെലിക്സ് പറയുന്നു.ഒട്ടേറെ രാജ്യങ്ങൾ അൻ്റാർട്ടിക്കയിൽ പര്യവേക്ഷണം നടത്താറുണ്ടെങ്കിലും നാലു പതിറ്റാണ്ടിനുള്ളിൽ ആദ്യമായാണ് ഇന്ത്യൻ സംഘം ഒരു പുതിയ സസ്യത്തെ കണ്ടെത്തുന്നത്.
പയ്യന്നൂർ കോറോം വടക്കേമഠത്തിൽ പരേതനായ വിഷ്ണുനമ്പീശൻ മാഷുടെയും രത്‌നവല്ലിയുടെയും മകൻ ശ്രീജിത് ഇരുപതാം വയസ്സിൽ ഫെലിക്‌സ് ബാസ്റ്റ് എന്ന് പേരുമാറ്റുന്നത് ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ്.ശാസ്ത്രാന്വേഷണത്തിലൂടെ മതത്തിന്റെയും ജാതിയുടെയും നിരർഥകത തിരിച്ചറിഞ്ഞ നാളുകളിലായിരുന്നു മതത്തിൽ നിന്നുള്ള സ്വാതന്ത്ര്യ പ്രഖ്യാപനം. പ്രാചീന ഈജിപ്തിലെ പൂച്ചകളുടെ ദേവത ബാസ്റ്റിന്റെയും പൂച്ചകളുടെ ജനിതകനാമ ത്തിനുസമാനമായ ഫെലിക്‌സിന്റെയും സംയുക്തമാണ് ഈ പേര്.
സ്വയം പേരുമാറ്റി മതങ്ങളെയും ദൈവങ്ങളെയും വെല്ലുവിളിച്ച ഫ്രഞ്ച് നവോത്ഥാന നായകൻ വോൾട്ടയറാണ് ഇദ്ദേഹത്തിന് പ്രചോദനമായത് ശാസ്ത്രപുസ്ത കങ്ങളെന്നപോലെ പൂച്ചകളെയും വലിയ ഇഷ്ടമാണ് ഫെലിക്‌സിന്. മനുഷ്യനെന്ന പോലെ എല്ലാ ജീവജാലങ്ങൾക്കും പ്രപഞ്ചത്തിൽ തുല്യപ്രാധാന്യമുണ്ടെന്ന ചിന്തയുടെ പ്രതിഫലന മായിരുന്നു ഫെലിക്‌സ് ബാസ്റ്റ് എന്ന പേര്.
പഞ്ചാബ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. ഫെലിക്‌സ് ബാസ്റ്റിന് പായലുകൾ ഉൾപ്പെടെയുള്ള കുഞ്ഞുസസ്യ ജാലങ്ങളെക്കുറിച്ചുള്ള പഠനവും പ്രിയതരം. ചെറിയ ജീവനുകൾ വലിയ പ്രപഞ്ചത്തിൽ നിർവഹിക്കുന്ന വലിയ ദൗത്യങ്ങളെ കൗതുകത്തോടെ പിന്തുടരുകയാണ്ബാസ്റ്റ്.
ചെറുജീവികളുടെ വലിയ ലോകം തന്റെ മുൻപിൽ തുറന്നിട്ടത്കോറോം ദേവീസഹായം യുപി സ്‌കൂളിൽ പഠിക്കവെ യുറീക്ക വായനയിലൂടെയാണെന്ന് ഇദ്ദേഹം പറയുന്നു. വളരെ ചെറുപത്തിൽ തന്നെ തന്റെ വഴിയേതാണെന്ന് തിരിച്ചറിയുകയായിരുന്നു ബാസ്റ്റ് ഇതോടെയാണ് ലോകമെങ്ങും അറിയപ്പെടുന്ന ശാസ്ത്രകാരനിലേക്കുള്ള യാത്ര തുടങ്ങുന്നത്. പയ്യന്നൂർ ബോയ്‌സ് ഹൈസ്‌കൂൾ, പയ്യന്നൂർ കോളേജ്, രാജപുരം സെന്റ് പയസ് ടെൻത് കോളേജ്, മദ്രാസ് യൂണിവേഴ്‌സിറ്റി, മുംബൈ ഐഐടി എന്നിവിടങ്ങളിലായിരുന്നു തുടർപഠനം. ബിഎസ്‌സിക്കും എംഎസ്‌സിക്കും ഒന്നാംറാങ്ക് നേടി തന്റെ പ്രതിഭ തെളിയിക്കുകയും ചെയ്തു.
ജപ്പാൻ സർക്കാരിന്റെ പ്രശസ്തമായ മോൻബുഷോ സ്‌കോളർഷിപ്പും ജപ്പാനിൽ നിന്ന് ഡോക്ടറേറ്റും നേടി. സൂക്ഷ്മജീവികളുടെ വിശാല ലോകത്ത് രണ്ട് ആൽഗകൾ ബാസ്റ്റിന്റെ പേരിലുണ്ട്. ഡിസംബർ, ജനുവരി മാസങ്ങളിൽ ഗോവയിൽ കടലിലെ പാറകളിൽ കാണുന്ന ആൽഗകൾക്ക് ഉൾവ പശ്ചിമ ബാസ്റ്റ് എന്ന് പേര്. ഗോവയിൽമാത്രം കാണുന്ന മറ്റൊരു പായലിന് പേര് ക്വാഡാഫോറ ഗോയിൻസിസ് ബാസ്റ്റ്. ശ്രീലങ്കയിലും കേരളത്തിലെ ചിലയിടങ്ങളിലും പെയ്ത ചുവന്ന മഴയുടെ ശാസ്ത്രരഹസ്യങ്ങളുടെ ചുരുളഴിച്ചത് ബാസ്റ്റിന്റെ നേട്ടം.
ട്രെൻഡിപോളിയ എന്ന ആൽഗയുടെ പരാഗങ്ങൾ അന്തരീക്ഷത്തിൽ അപ്പൂപ്പൻ താടിയെന്നപോലെ പറന്ന് മേഘങ്ങളിലെത്തി മഴയ്‌ക്കൊപ്പം കലരുന്നതാണ് ചുവന്ന മഴയ്ക്ക് കാരണമെന്ന് കണ്ടെത്തി. 2015ൽ ബാസ്റ്റ് രാഷ്ട്രപതിയിൽനിന്ന് ഇൻസ്പയറിങ് ടീച്ചർ അവാർഡ് ഏറ്റുവാങ്ങി. ക്രീച്ചേഴ്‌സ് ഓഫ് ഇന്ത്യ, ആർട്ടിക്ക് സർക്കിൾ എന്നീ പുസ്തകങ്ങൾ രചിച്ചു. ഭട്ടിൻഡയിൽ ഫെലിക്സി നോടൊപ്പം താമസിക്കുന്ന അമ്മ രത്നവല്ലി. ഡോ. ഫെലിക്സ് പയ്യന്നൂരിലെത്തിയാലും തൻ്റെ സന്തത സഹചാരിയായ സൈക്കിളിലാണ് യാത്ര. അവധിക്ക് നാട്ടിലെത്തിയാൽ കൂടുതൽ സമയവും വിനിയോഗിക്കുന്നത് ശാസ്ത്ര ക്ലാസ്സുകൾക്കു വേണ്ടിയാണ്. പയ്യന്നൂരിന്റെ നാട്ടുപച്ച നുകർന്നും ബന്ധുക്കളുടെയും കുടുംബാംഗങ്ങളുടെയും സ്നേഹം അനുഭവിച്ചും ദിവസങ്ങളോളം നാട്ടിൽ കഴിഞ്ഞാണ് അദ്ദേഹം വീണ്ടും തന്റെ പര്യവേഷണ ലോകത്തിലേക്ക് മടങ്ങാറുള്ളത്.












Click it and Unblock the Notifications