നായിക്കാലി ക്ഷേത്രത്തില്‍ ഭണ്ഡാരം കുത്തിതുറന്ന് കവര്‍ച്ച: പൊലീസ് അന്വേഷണം തുടങ്ങി
കണ്ണൂര്‍: മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള നായിക്കാലി ശ്രീദുര്‍ഗാ ഭഗവതി ക്ഷേത്രത്തിൽ കവര്‍ച്ച. ക്ഷേത്രത്തിനകത്ത് കയറിയ മോഷ്ടാക്കള്‍ ശ്രീകോവിനുള്ളില്‍ ഭഗവതിയുടെ വിഗ്രഹത്തില്‍ ചാര്‍ത്തിയ ഒരു പവന്റെ സ്വര്‍ണ മാലയും ശ്രീകോവിലിന് മുന്നില്‍ വച്ച രണ്ടു ഭണ്ഡാരവും ഗണപതി കോവിലിന് മുന്നില്‍ വച്ച ഭണ്ഡാരവും പൊളിച്ച് പണം കവര്‍ന്നു.
മോഷ്ടാക്കൾ രണ്ടു ഭണ്ഡാരങ്ങള്‍ എടുത്ത് കൊണ്ടുപോയി ക്ഷേത്ര മുറ്റത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഓഫീസിന്റെ വാതിലിന്റെ പൂട്ട് പൊളിച്ച് അകത്ത് കയറിയ മോഷ്ടാക്കള്‍ അലമാരയും മേശയും തുറന്നിട്ട നിലയിലാണ്. അലമാരയില്‍ സൂക്ഷിച്ച പണവും മോഷണം പോയിട്ടുണ്ട്. മോഷണം നടത്താന്‍ ഉപയോഗിച്ച കൊടുവാള്‍ തകര്‍ത്ത ഭണ്ഡാരത്തിന് മുകളില്‍ വച്ച നിലയിലും സമീപത്തെ വീട്ടുമുറ്റത്ത് പിക്കാസും കമ്പിയും ചില്ലറ നാണയങ്ങളും കാണപ്പെട്ടിട്ടുണ്ട്.

പുലര്‍ച്ചെ ക്ഷേത്രത്തിലെത്തിയ ജീവനക്കാരന്‍ മുന്‍ വശത്തെ വാതില്‍ തുറന്നു നാലമ്പലത്തിന്റെ വാതില്‍ തുറക്കാനെത്തിയപ്പോഴാണ് മോഷണം നടന്നത് അറിയുന്നത്. ഓഫീസില്‍ സൂക്ഷിച്ച താക്കോല്‍ കൂട്ടം നാലമ്പലത്തിന് സമീപം ഉപേക്ഷിച്ച നിലയിലായിരുന്നു.
മൂന്ന് ഭണ്ഡാരങ്ങളാണ് തകര്‍ത്തതെന്ന് ക്ഷേത്രം എക്‌സിക്യൂട്ടീവ് ട്രസ്റ്റ് അംഗം ടി.വി. അജയന്‍ പറഞ്ഞു. വിവരമറിഞ്ഞ് മട്ടന്നൂര്‍ പോലീസും കണ്ണൂരില്‍ നിന്ന് വിരല ടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മുമ്പും ഈ ക്ഷേത്രത്തില്‍ മോഷണം നടന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി മട്ടന്നൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട കിളിയങ്ങാട്ടെ രണ്ടു ക്ഷേത്രങ്ങളിലും ഉരുവച്ചാലിലെ ഒരു വീട്ടിലും കവര്‍ച്ച നടന്നിരുന്നു.
കിളിയങ്ങാട്. ശ്രീഇളംകരുമകന്‍ ക്ഷേത്രത്തിലും ഇയ്യാട്ട് ശ്രീമഹാവിഷ്ണു ക്ഷേത്രത്തിലും ഉരുവച്ചാല്‍ ടൗണിലെ ഐടിസി ട്രേഡിംഗ് കമ്പനി ഉടമയും വ്യാപാരി വ്യവസായി ഏകോപന സമിതി ഉരുവച്ചാല്‍ യൂണിറ്റ് പ്രസിഡന്റുമായ സി. നൗഷാദിന്റെ വീട്ടിലുമാണ് കവര്‍ച്ച നടന്നത്. നൗഷാദിന്റെ വീട്ടില്‍ നിന്നും 40 പവന്‍ സ്വര്‍ണ്ണവും ഒരു ലക്ഷം രൂപയും കവര്‍ന്നിരുന്നു . ഇതിന്റെ പ്രതികളെ കണ്ടെത്തുന്നതിനിടയാണ് വീണ്ടും കവര്‍ച്ച നടന്നത്.












Click it and Unblock the Notifications