റെയില്‍വേ സ്റ്റേഷനില്‍ യുവാവിനെ തടഞ്ഞു നിര്‍ത്തി സ്വര്‍ണമാല കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍
കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തെ വിജനമായ സ്ഥലത്തു നിന്നും യാത്രക്കാരനായ യുവാവിന്റെ സ്വര്‍ണമാലയും പേഴ്സും കവര്‍ന്ന പ്രതിയായ യുവാവ് അറസ്റ്റില്‍. എടക്കാട് സ്വദേശി എ.കെ നാസറിനെ(30)യാണ് കണ്ണൂര്‍ ടൗണ്‍ പൊലിസ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ഡിസംബര്‍ ഇരുപതിനായിരുന്നു കേസിനാസ്പദമായ സംഭവം. തയ്യില്‍ സ്വദേശി അമൃതന്റെ പരാതിയിലാണ് കേസെടുത്തത്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോവുകയായിരുന്ന അമൃതനെ വഴിയില്‍ തടഞ്ഞു നിര്‍ത്തി ഒന്നരപവന്റെ മാലയും പേഴ്സും പിടിച്ചു പറിച്ചോടുകയായിരുന്നു.

കഴിഞ്ഞ ദിവസം കണ്ണൂര്‍ നഗരത്തില്‍ നിസാറിനെ അപ്രതീക്ഷിതമായി കണ്ട അമൃതന്‍ തന്നെയാണ് കണ്ണൂര്‍ ടൗണ്‍ പൊലിസിനെ വിളിച്ചു വിവരം പറഞ്ഞത്. തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇന്‍സ്പെക്ടര്‍ ബിനു മോഹന്റെ നേതൃത്വത്തിലുള്ള സംഘമെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ ചോദ്യം ചെയ്ത ശേഷം അറസ്റ്റു രേഖപ്പെടുത്തി.
നാസറിനെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. വിവിധ പൊലിസ് സ്റ്റേഷനുകളില്‍ ഇയാള്‍ കവര്‍ച്ചാക്കേസുകളില്‍ പ്രതിയാണേയെന്ന കാര്യം പൊലിസ് അന്വേഷിച്ച് വരികയാണ്. കണ്ണൂര്‍ നഗരത്തില്‍ നടന്ന മാല കവര്‍ച്ചാക്കേസുകളില്‍ ഇയാള്‍ക്കു ബന്ധമുണ്ടോയെന്നും അന്വേഷിച്ചു വരുന്നുണ്ട്. കണ്ണൂര്‍ നഗരത്തിലെ പലയിടങ്ങളിലും രാത്രികാലങ്ങളില്‍ സ്ട്രീറ്റ് ലൈറ്റുകള്‍ കത്താത്തത് യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നുണ്ട്.
അര്‍ധരാത്രി കഴിഞ്ഞാല്‍ കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് കവര്‍ച്ചക്കാരും മയക്കുമരുന്ന് വില്‍പനക്കാരും തമ്പടിക്കുകയാണ്. യോഗശാല റോഡിലും പരിസരങ്ങളിലും നിരവധി കടകളാണ് കൊളളയടിക്കപ്പെട്ടത്. കണ്ണൂര്‍ നഗരത്തിലെ വീടുകളില്‍ കവര്‍ച്ച നടക്കുന്നതും പതിവാണ്. ഈ സാഹചര്യത്തില്‍ പൊലിസ് രാത്രികാല പട്രോളിങ് ശക്തമാക്കണമെന്നാണ് നഗരവാസികളുടെയും വ്യാപാരികളുടെയും ആവശ്യം.
മോഷണകേസിലെ പല പ്രതികളെയും പിടികൂടാന്‍ പൊലിസിനു കഴിയാത്തത് ജനങ്ങളില്‍ ഭീതിയുണ്ടാക്കിയിട്ടുണ്ട്. മയക്കുമരുന്ന്, മദ്യവില്‍പനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടുന്നതും കണ്ണൂര്‍ നഗരത്തില്‍ പതിവാണ്. മയക്കുമരുന്ന് വില്‍പനക്കാരായ യുവാവിന്റെ കുത്തേറ്റു കഴിഞ്ഞ വര്‍ഷമാണ് കണ്ണൂര്‍ ആയിക്കരയില്‍ ഒരു ഹോട്ടല്‍ വ്യാപാരി കൊല്ലപ്പെട്ടത്.












Click it and Unblock the Notifications