കേളകം അടയ്ക്കാത്തോട് വീണ്ടും മാവോയിസ്റ്റ് സാന്നിദ്ധ്യം;പോലീസും തണ്ടർബോൾട്ടും തെരച്ചിൽ ഊർജിതമാക്കി
ഇരിട്ടി: മലയോരത്ത് വീണ്ടും മാവോയിസ്റ്റ് സാന്നിദ്ധ്യം.
കേളകംരാമച്ചിയിലെ കണക്കുംചേരി സണ്ണിയുടെ വീട്ടിലാണ് അഞ്ചംഗ മാവോയിസ്റ്റുകൾ എത്തിയത്. ഞായറാഴ്ച വൈകിട്ട് ഏഴ് മണിയോടെയോ എത്തിയ മാവോയിസ്റ്റ് സംഘം ഭക്ഷണം കഴിച്ച് മടങ്ങുകയായിരുന്നു. അതേസമയം ഇവർക്കായി പൊലിസും തണ്ടർബോൾട്ടും തെരച്ചിൽ ഊർജ്ജിതമാക്കി.
ഭക്ഷണം കഴിച്ച് 10.45 ഓടെയാണ് സംഘം തിരിച്ചു പോയത്. ആയുധധാരികളായ പുരുഷന്മാരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നതെന്ന് വീട്ടുകാർ പറഞ്ഞു. ഇരിട്ടി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ പൊലീസെത്തി വന മേഖലയിൽ തെരച്ചിൽ നടത്തി. തണ്ടർബോൾട്ടും പരിശോധനയിൽ പങ്കെടുത്തു.

കഴിഞ്ഞ കുറച്ചു നാളുകളായി വയനാട്ടിലെ പല സ്ഥലങ്ങളിലും മാവോയിസ്റ്റുകളെത്തിയിരുന്നു. ഇതിനു ശേഷമാണ് കണ്ണൂർ ജില്ലയുടെ മലയോര പ്രദേശമായ രാമച്ചിയിൽ മാവോയിസ്റ്റുകളെത്തിയത്. ഇതിനിടെ കേരളത്തില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനം ശക്തമാണെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പിന് കൈമാറിയിട്ടുണ്ട്. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ മാവോയിസ്റ്റുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഉള്‍വനത്തില്‍ അന്‍പതിലേറെ മാവോയിസ്റ്റുകള്‍ തമ്പടിച്ചിരിക്കുന്നെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ജാര്‍ഖണ്ഡില്‍ നിന്നടക്കമുള്ള മാവോയിസ്റ്റ് അംഗങ്ങള്‍ കേരളത്തിലെ വനമേഖലയില്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട്. ഇവരാണ് പരിശീലനമടക്കമുള്ളവ നല്‍കുന്നത്. സംസ്ഥാന ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട് കേന്ദ്രവും നിരീക്ഷിച്ചുവരികയാണ്. സംഭവത്തില്‍ ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
2021ല്‍ സംസ്ഥാനത്ത് മാവോയിസ്റ്റ് പ്രവര്‍ത്തനം ശക്തമാകുന്നുവെന്ന് കേന്ദ്ര ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് ശേഷം സംസ്ഥന ഇന്റലിജന്‍സ് നിരീക്ഷിച്ചുവരികയായിരുന്നു. മാവോയിസ്റ്റ് പ്രവര്‍ത്തനം ശക്തമാകുന്നത് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് സംസ്ഥാന ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട്. ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കൂടുതല്‍ ദേശീയ-സംസ്ഥാന നേതാക്കള്‍ വയനാട്, കണ്ണൂര്‍ ജില്ലകളില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനത്തിലേക്ക് പോയാല്‍ ഇവരുടെ സുരക്ഷയടക്കം കൂടുതല്‍ ഉറപ്പ് വരുത്തണമെനന്നും സുരക്ഷ ക്രമീകരണങ്ങളില്‍ മാറ്റം ഉണ്ടാകണമെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. കണ്ണൂർ ജില്ലയിലെ ആറ് മലയോര പൊലിസ് സ്‌റ്റേഷനുകൾക്ക് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications