ചെലവ് ചുരുക്കാൻ സർക്കാർ: മോട്ടോർ വാഹന വകുപ്പിൽ അഖ്യാപിത പ്രമോഷൻ തടയൽ
തലശേരി: കൊവിഡ് കാലം സർക്കാരിന് സൃഷ്ടിച്ച സാമ്പത്തിക ഞെരുക്കം മോട്ടോർ വാഹന വകുപ്പിൻ്റെ ദൈനംദിന പ്രവർത്തനങ്ങളെ താളം തെറ്റിക്കുന്നു. ഇതു കാരണം പുതിയ നിയമനങ്ങൾ നടത്താൻ കഴിയില്ലെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. മോട്ടോർ വാഹന വകുപ്പിൽ ജീവനക്കാരുടെ ഉദ്യോഗക്കയറ്റ ഉത്തരവിറങ്ങിയിട്ട് മാസങ്ങളായിട്ടും നിയമനം നടത്തുന്നതിൽ അപ്രഖ്യാപിത വിലക്ക് സംസ്ഥാന സർക്കാർ കൊണ്ടുവന്നത് സാമ്പത്തിക ചെലവ് ചുരുക്കുന്നതിൻ്റെ ഭാഗമായാണ് നിയമന നിരോധനമെന്ന തീരുമാവും.
ഹെഡ് അക്കൗണ്ടന്‍റ്, ഹെഡ് ക്ലർക്ക്, പിആർഒ പോസ്റ്റിലുള്ളവരെ ജൂണിയർ സൂപ്രണ്ടുമാരായി ഉദ്യോഗക്കയറ്റം നൽകിയുള്ള ഉത്തരവിനാണ് അപ്രഖ്യാപിത വിലക്കുണ്ടായിരിക്കുന്നത്.കഴിഞ്ഞവർഷം തയാറാക്കിയ പട്ടികയിൽ ഓപ്പൺ വേക്കൻസികൾ ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് റിപ്പോർട്ട് ചെയ്തത്. ഓപ്പൺ വേക്കൻസികൾ റിപ്പോർട്ട് ചെയ്താൽ ഉടൻതന്നെ പട്ടികയിലുള്ള ക്രമപ്രകാരം ഉദ്യോഗക്കയറ്റം നൽകി നിയമിക്കണമെന്നാണ് കേരള സർവീസ് റൂളിൽ നിഷ്കർഷിക്കുന്നത്. തെരഞ്ഞെടുപ്പ് ചട്ടമുള്ളതിനാൽ ഉദ്യോഗക്കയറ്റം വൈകിയതെന്നായിരുന്നു അധികൃതർ നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ മേയിൽ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ കഴിഞ്ഞിട്ടും ഇതുവരെയും ഇതുസംബന്ധിച്ച നടപടികളുണ്ടായിട്ടില്ല.

ഉദ്യോഗക്കയറ്റ പട്ടികയിൽ പിന്നോട്ടുള്ള ചിലരുടെ താത്പര്യം സംരക്ഷിക്കാൻ ഭരണസ്വാധീനമുള്ള ചിലരുടെ ഇടപെടലുകളാണ് ഇതിനുപിന്നിലെന്ന് ആരോപണമുണ്ട്. ഭരണാനുകൂല വിഭാഗത്തിലെ ചില ജീവനക്കാർ തങ്ങൾക്ക് ഇഷ്ടപ്പെട്ടതും സൗകര്യപ്രദങ്ങളുമായ സ്ഥലങ്ങൾ നോട്ടമിട്ടിട്ടുണ്ട്. ഇപ്പോഴുള്ള പട്ടികയിലെ സീനിയോറിറ്റി ലിസ്റ്റ് പ്രകാരം ഉദ്യോഗക്കയറ്റം നൽകിയാൽ ഈ സ്ഥലങ്ങളിൽ ആദ്യം നിയമനങ്ങൾ നടത്തണം. അങ്ങനെയായാൽ ഇവിടങ്ങളിൽ പ്രതീക്ഷയർപ്പിച്ചു നിൽക്കുന്നവരെ മറ്റിടങ്ങളിൽ നിയമിക്കേണ്ടി വരും. ഇതു തടയിടാൻ വകുപ്പിൽ രാഷ്ട്രീയമായി നടത്തിയ ഇടപെടലുകളാണ് പ്രമോഷൻ വൈകിപ്പിക്കുന്നതിനു പിന്നിലെന്നും ആരോപണമുണ്ട്.
ഉദ്യോഗക്കയറ്റം വൈകുന്നത് പട്ടികയിലുള്ളവരുടെ സർവീസ്, പെൻഷൻ എന്നിവയെയും പ്രതികൂലമായി ബാധിക്കും. ജൂണിയർ സൂപ്രണ്ട് തസ്തികയിൽ നിയമനം ലഭിച്ചാൽ ഒരു വർഷം പ്രബോഷൻ കാലാവധി പൂർത്തിയാക്കേണ്ടതുണ്ട്. പട്ടികയിലുള്ള പലരുടെയും സർവീസ് ഒരു വർഷംകൊണ്ടു തീരുമെന്നതിനാൽ ഇനിയും വൈകിയാൽ ഉദ്യോഗക്കയറ്റം ലഭിച്ചാലും ഇവർക്ക് അതിന്‍റേതായ നേട്ടമുണ്ടാകില്ല. സർക്കാർവകുപ്പിലെ വിരമിക്കൽ, പ്രമോഷൻ എന്നിവ ചങ്ങലരീതിയിലായതിനാൽ മേൽത്തട്ടിലുള്ള ജീവനക്കാരുടെ പ്രമോഷനനുസരിച്ചേ താഴ്ത്തട്ടിലുള്ളവർക്കും ഉദ്യോഗക്കയറ്റം ലഭിക്കുകയുള്ളൂ. ഏറ്റവും താഴെത്തട്ടിലുണ്ടാകുന്ന ഒഴിവുകൾക്കനുസരിച്ചാണ് പിഎസ്‌സി ലിസ്റ്റിൽനിന്നുള്ള പുതിയ നിയമനങ്ങളും നടത്തേണ്ടത്.
പ്രമോഷൻ വൈകുന്നത് പിഎസ്‌സി ലിസ്റ്റിലുള്ള ഉദ്യോഗാർഥികളുടെ ഭാവിയെയും പ്രതികൂലമായി ബാധിക്കും. മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർ സർക്കാർ സർവീസിൽ ഒഴിവുകൾ മുറയ്ക്കു നികത്തുന്നുണ്ടെന്നും ഒരുതരത്തിലുള്ള നിയമനിരോധനവും ഇല്ലെന്ന് ആവർത്തിച്ചു പ്രഖ്യാപിക്കുന്പോഴുമാണ് സർക്കാരിന്‍റെ പ്രധാന വകുപ്പിൽ പ്രമോഷൻ കാര്യത്തിൽ അപ്രഖ്യാപിത നിരോധനം നിലനിൽക്കുന്നത്.












Click it and Unblock the Notifications