കണ്ണൂരിൽ ഓൺലൈൻ തട്ടിപ്പുകൾ പെരുകുന്നു; ആറുമാസത്തിനിടെ മാത്രം നഷ്‌ടമായത് 13.97 കോടി രൂപ
കണ്ണൂർ: കണ്ണൂർ സിറ്റി പോലീസ് പരിധിയിൽ ഓൺലൈൻ തട്ടിപ്പു സംഘങ്ങൾ പിടി മുറുക്കുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കമ്മീഷണർ ആർ അജിത്ത് കുമാർ രംഗത്തെത്തി. കണ്ണൂർ സിറ്റി പോലീസ് പരിധിയിൽ 2024 ജനുവരി മുതൽ ജൂൺ 31 വരെ ഓൺലൈൻ തട്ടിപ്പുസംഘം 13. 97 കോടി രൂപ കവർന്നതായി കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ അജിത്ത് കുമാർ സിറ്റി പോലീസ് കമ്മിഷണറുടെ കാര്യാലയത്തിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ആകെ 70 കേസുകളാണ് ഓൺലൈൻ തട്ടിപ്പ് സംഘത്തിനെതിരെ രജിസ്‌റ്റർ ചെയ്‌തുട്ടുള്ളത്. സാമ്പത്തിക ലാഭം വാഗ്ദ്ധാനം ചെയ്‌തു നിക്ഷേപകരെ ക്ഷണിക്കുന്ന രീതിയിൽ നടന്ന തട്ടിപ്പുകൾ ഭൂരിഭാഗവും നടന്നത് സോഷ്യൽ മീഡിയ പ്ളാറ്റ് ഫോമുകളിലൂടെയാണ്.

ഫേസ്ബുക്ക് പരസ്യങ്ങളിലൂടെ വലയിലാക്കുന്നവരെ വൻ തുക വളരെ പെട്ടെന്ന് കരസ്ഥമാകാമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയാണ്. ഇതിൽ താൽപര്യം പ്രകടിപ്പിക്കുന്നവരെ ടെലിഗ്രാം, വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ ചേർക്കുകയാണ്. തങ്ങൾക്ക് ലഭിച്ച വൻ തുകയുടെയും മറ്റു കണക്കുകളാണ് ഇത്തരം ഗ്രൂപ്പുകളിലെ അംഗങ്ങൾ പുതുതായി ചേരുന്നവരെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നത്. തങ്ങൾക്ക് പണം ലഭിച്ചുവെന്നതിൻ്റെ സ്ക്രീൻ ഷോട്ടുകളും പങ്കുവയ്ക്കും.
എന്നാൽ ആ ഗ്രൂപ്പിൽ പുതുതായി ചേർന്നവർ ഒഴികെ ബാക്കിയെല്ലാവരും തട്ടിപ്പുകാരുടെ ആൾക്കാരാണെന്ന് പലരും അറിയാറില്ല. തുടർന്ന് ഒരു വ്യാജ വെബ് സൈറ്റ് കാണിച്ച് അതിലൂടെ നിക്ഷേപം നടത്താൻ ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. മിക്ക തട്ടിപ്പുകളും സമാനമായ രീതിയിലാണ് നടത്താറുള്ളത്.
തുടക്കത്തിൽ ചെറിയ തുക നിക്ഷേപിക്കുന്നവർക്കുപോലും തട്ടിപ്പുകാർ അമിതമായ ലാഭം നൽകും. ഇതോടെ തട്ടിപ്പുകാരിൽ ഇരകൾക്ക് കൂടുതൽ വിശ്വാസമാകും.
പിന്നീട് നിക്ഷേപിച്ചതിനെക്കാൾ രണ്ടോമൂന്നോ ഇരട്ടി ലാഭം നേടിയതായി സ്ക്രീൻ ഷോട്ട് നൽകും. എന്നാൽ ഇത് സ്ക്രീൻ ഷോട്ട് മാത്രമാണെന്നും പിൻവലിക്കാനാകില്ലെന്നും നിക്ഷേപകർക്ക് വൈകിയാണ് മനസിലാവുക പണം പിൻവലിക്കാൻ ആഗ്രഹിക്കുമ്പോൾ ജിഎസ്‌ടിയുടെയും നികുതിയുടെയും മറവിൽ തട്ടിപ്പുകാർ കൂടുതൽ പണം ആവശ്യപ്പെട്ട് കബളിപ്പിക്കുന്നു. തങ്ങൾക്ക് ലഭിച്ച വൻതുക സ്ക്രീൻ ഷോട്ടിൽ മാത്രമേ കാണാൻ കഴിയുകയുള്ളു.
ഒരിക്കലും ഇടപാടുകാർക്ക് ആ തുക പിൻവലിക്കാൻ കഴിയില്ല ഇതോടെയാണ് തങ്ങൾ കബളിക്കപ്പെട്ടുവെന്ന് ഇടപാടുകാർക്ക് വ്യക്തമാവുക. തട്ടിപ്പിന് ഇരയാകുന്നതിലും നല്ലത് തട്ടിപ്പിന് ഇരയാകാതെ വിവേകത്തോടെ പെരുമാറുന്നതാണെന്ന് കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ അറിയിച്ചു. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായവർ ഒരു മണിക്കൂറിനകം 1930 നമ്പറിൽ പരാതി രജിസ്‌റ്റർ ചെയ്‌താൽ നഷ്‌ടപ്പെട്ട ' പണം തിരിച്ചു പിടിക്കാനാവും.
ഇത്തരത്തിൽ ഏഴു കേസുകളിലെ പ്രതികളെ പിടികൂടിയിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ സ്വദേശികളായ അൽഫാസ് സമീർ, വാസിൽ എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്. ഒരു കോടി മുതൽ ഒന്നര കോടി വരെ നഷ്‌ടപ്പെട്ട കേസുകളും രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. അതിവേഗം നൽകിയ പരാതികളിൽ 20 ലക്ഷം രൂപ തിരിച്ചു പിടിച്ചിട്ടുണ്ട്.
ഏതെങ്കിലും തരത്തിൽ ഓൺ ലൈൻ തട്ടിപ്പിന് ഇരയായവർ 1930 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കാമെന്നും സിറ്റി പോലീസ് കമ്മിഷണർ അറിയിച്ചു. സൈബർ തട്ടിപ്പുകൾ തടയുന്നതിനായി പൊലിസ് ബോധവൽക്കരണം കൂടുതൽ ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഓൺ ഇടപാടുകൾ നടത്തുന്നവർ സാമ്പത്തികമായി കബളിപിക്കപ്പെടാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ അറിയിച്ചു.












Click it and Unblock the Notifications