പാറപ്രം റഗുലേറ്റര്‍ ഉദ്ഘാടനം ചെയ്തു; കേരളത്തിനവകാശപ്പെട്ട ആനുകൂല്യം കേന്ദ്രം നിഷേധിക്കുന്നെന്ന് മുഖ്യമന്ത്രി
കണ്ണൂര്‍: കേരളത്തിന് അവകാശപ്പെട്ട പല ആനുകൂല്യങ്ങളും കേന്ദ്ര സര്‍ക്കാര്‍ നിഷേധിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പിണറായി, പെരളശ്ശേരി പഞ്ചായത്തുകളെ നടപ്പാത മുഖേന ബന്ധിപ്പിച്ച്, കിഫ്ബി ഫണ്ടില്‍നിന്ന് 55.42 കോടി രൂപ ചെലവഴിച്ച് നാവിഗേഷന്‍ ലോക്കോടെ നിര്‍മ്മിച്ച പാറപ്രം റഗുലേറ്റര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തിന് നികുതി വരുമാനം വലിയ തോതിലില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സാധാരണ കേന്ദ്ര സര്‍ക്കാരിന്റെ കയ്യിലെത്തുന്ന പണം സംസ്ഥാനങ്ങള്‍ക്ക് ജനസംഖ്യക്ക് അനുസരിച്ച് വീതിച്ച് നല്‍കണം. എന്നാല്‍ കേരളത്തിന് ലഭിച്ച 3.8 ശതമാനം വിഹിതം കേന്ദ്രം 1.9 ശതമാനമായി കുറച്ചു. ഇത് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാവുകയാണ്. ഇത് പരിഹരിക്കാന്‍ കിഫ്ബിയില്‍ നിന്നും പണം കണണ്ടെത്തി വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ കിഫ്ബി ഫണ്ട് സംസ്ഥാനത്തിന്റെ വായ്പ തുകയായി കണക്കാക്കുമെന്നാണ് ഇപ്പോള്‍ കേന്ദ്രം പറയുന്നത്.

ഇതേ സമയം നാഷണല്‍ ഹൈവേ അതോറിറ്റിയുടെ വായ്പ കേന്ദ്രത്തിന്റെ വായ്പ തുകയായി കണക്കാക്കുന്നുമില്ല. ഇതിലൂടെ കേരളത്തോട് കാണിക്കുന്ന ഇരട്ടത്താപ്പാണ് വ്യക്തമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. തുരുത്തുകള്‍ നിറഞ്ഞ പാറപ്രം ഭാഗം ഇറിഗേഷന്‍ ടൂറിസത്തിന്റെ ഭാഗമാക്കുമെന്ന് മന്ത്രി പറഞ്ഞു.
ഒന്നര വര്‍ഷം കൊണ്ട് 18 ലക്ഷം ഗ്രാമീണ ഭവനങ്ങളില്‍ കൂടി കുടിവെള്ളം എത്തിച്ചു. കണ്ണൂര്‍ ജില്ലയിലെ മുഴുവന്‍ വീടുകളിലും കുടിവെള്ളം എത്തിക്കാനുള്ള ടെണ്ടര്‍ പൂര്‍ത്തിയായി. നവംബറോടെ ധര്‍മ്മടം സമ്പൂര്‍ണ്ണമായി കുടിവെള്ളം ലഭ്യമാകുന്ന മണ്ഡലമാകുമെന്നും മന്ത്രി അറിയിച്ചു. ഡോ. വി ശിവദാസന്‍ എം പി മുഖ്യാതിഥിയായി . കെ ഐ ഐ ഡി സി ജനറല്‍ മാനേജര്‍ ജോസഫ് സ്‌കറിയ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി പി അനിത, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി കെ പ്രമീള, പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ രാജീവന്‍, പെരളശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് എ വി ഷീബ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കോങ്കി രവീന്ദ്രന്‍, ചന്ദ്രന്‍ കല്ലാട്ട്, എടക്കാട് ബ്ലോക്ക് വൈസ് പ്രസിഡണ്ട് കെ പി ബാലഗോപാലന്‍, തലശ്ശേരി ബ്ലോക്ക് അംഗം സി എം സജിത, പഞ്ചായത്ത് അംഗങ്ങളായ കെ പ്രവീണ, രഘുനാഥ്, കെ ഐ ഐ ഡി സി സിഇഒ എസ് തിലകന്‍, മൈനര്‍ ഇറിഗേഷന്‍ എക്‌സി. എഞ്ചിനീയര്‍ ഗോപകുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
പാറപ്രം റെഗുലേറ്റര്‍: ഇനി ഉപ്പുവെള്ളം കയറില്ല, ആശ്വസിച്ച് കര്‍ഷകര്‍
പാറപ്രത്ത് പുതിയ റഗുലേറ്റര്‍ യാഥാര്‍ഥ്യമായതോടെ കൃഷി ഭൂമിയില്‍ ഉപ്പുവെള്ളം കയറില്ലെന്ന ആശ്വാസത്തിലാണ് കര്‍ഷകര്‍. ജനങ്ങള്‍ക്ക് ശുദ്ധജലം ലഭ്യമായതിനൊപ്പം പിണറായി, വേങ്ങാട്, അഞ്ചരക്കണ്ടി, പെരളശ്ശേരി വില്ലേജുകളിലെ 1200 ഏക്കര്‍ കൃഷി ഭൂമിയില്‍ ഉപ്പുവെള്ളം കയറുന്നതിനുമാണ് ഇതോടെ പരിഹാരമായത്. 55.42 കോടി രൂപക്ക് കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ നേതൃത്വത്തിലാണ് നിര്‍മ്മാണം നടത്തിയത്.
പഴയ റെഗുലേറ്റര്‍ കാലപ്പഴക്കത്താല്‍ നശിച്ചതോടെ കൃഷിയിടത്തിലേക്ക് ഉപ്പുവെള്ളം കയറുന്നത് പതിവായിരുന്നു. ഇതോടെയാണ് പുതിയത് നിര്‍മ്മിച്ചത്. 99.60 മീറ്റര്‍ ആണ് റഗുലേറ്ററിന്റെ നീളം. ഇതിന് 12 മീറ്റര്‍ നീളവും മൂന്ന് മീറ്റര്‍ ഉയരവുമുള്ള ആറ് വെര്‍ട്ടിക്കല്‍ ഷട്ടറുകള്‍, രണ്ട് ജോടി ഡയമണ്ട് ആകൃതിയിലുള്ള ലോക്ക് ഗേറ്റുകള്‍, 92.8 മീറ്റര്‍ നീളമുള്ള നാവിഗേഷന്‍ ലോക്ക്, 1.5 മീറ്റര്‍ വീതിയുള്ള നടപ്പാലം എന്നിവയുമുണ്ട്.
ഷട്ടറുകള്‍ വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നതിനാല്‍ പ്രളയമുണ്ടായാല്‍ ഷട്ടറുകള്‍ വേഗത്തില്‍ തുറക്കാന്‍ സാധിക്കുമെന്നത് പദ്ധതിയുടെ സവിശേഷതയാണ്. ഇരുകരകളിലുമായി 1200 മീറ്റര്‍ നീളത്തില്‍ കോണ്‍ക്രീറ്റും കരിങ്കല്ലും ഉപയോഗിച്ച് സംരക്ഷണ ഭിത്തി ഒരുക്കിയതിനാല്‍ അരികുകള്‍ ഇടിയുന്നത് ഒഴിവാകും. പ്രവര്‍ത്തനത്തിന് ആവശ്യമായ ജനറേറ്ററും ജനറേറ്റര്‍ റൂമും ഇതോടൊപ്പം സ്ഥാപിച്ചിട്ടുണ്ട്.
റഗുലേറ്ററിന്റെ ഇരുകരകളിലും ഇന്റര്‍ലോക്ക് പാകിയും സന്ദര്‍ശകര്‍ക്ക് ഇരിക്കാനുള്ള ബെഞ്ചുകള്‍ സ്ഥാപിച്ചും ചെടികള്‍ നട്ടും 108 ഓളം പാര്‍ക്ക് ലൈറ്റുകള്‍ ഒരുക്കിയും സൗന്ദര്യവല്‍ക്കരണ പ്രവൃത്തി നടത്തിയിട്ടുണ്ട്. നാവിഗേഷന്‍ ലോക്കുള്ളതിനാല്‍ ചെറു യാനങ്ങള്‍ക്ക് ഇതുവഴി കടന്നു പോകാനും സാധിക്കും.












Click it and Unblock the Notifications