കണ്ണൂരില്‍ വീണ്ടും ബോംബ് സംഭരണം:,മട്ടന്നൂരില്‍ ഒന്‍പത് സ്റ്റീല്‍ ബോംബുകള്‍ പോലീസ് പിടികൂടി
കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും ബോംബുസംഭരണം പൊലിസ് പിടികൂടി. ലോക്‌സഭാ തെരഞ്ഞെടുപിന് രണ്ടു ദിവസങ്ങള്‍ ബാക്കി നില്‍ക്കവെ മട്ടന്നൂര്‍ മണ്ഡലത്തിലെ കൊളാരിയിലാണ് ബക്കറ്റില്‍ സൂക്ഷിച്ച ഉഗ്രസ്‌ഫോടന ശേഷിയുള്ള ഒന്‍പത് സ്റ്റീല്‍ ബോംബുകള്‍ പൊലിസ് റെയ്ഡില്‍ പിടികൂടിയത്. കൃഷി ഒഴിഞ്ഞ ' ആളൊഴിഞ്ഞ ചാലിന്‍കരയില്‍ ബക്കറ്റില്‍ സൂക്ഷിച്ച നിലയിലാണ് ബോംബുകള്‍ കണ്ടെത്തിയത്. ഇവിടെ പുല്ലരിയാന്‍ പോയ സ്ത്രിയാണ് ബോംബുകള്‍ കണ്ടതായി പൊലിസിനെ വിവരമറിയിച്ചത്.
കണ്ണൂരില്‍ നിന്നും ബോംബ് സ്‌ക്വാഡെത്തി ബോംബുകള്‍ നിര്‍വീര്യമാക്കി. കഴിഞ്ഞ ഏപ്രില്‍ ആറിന് പാനൂര്‍ മൂളിയത്തോടില്‍ ബോംബ് നിര്‍മ്മാണത്തിനിടെ സി.പി.എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് ശേഷം രാഷ്ട്രീയ സംഘര്‍ഷം മേഖലകളില്‍ പൊലിസ് റെയ്ഡ് ശക്തമാക്കി വരികയാണ്. ബോംബ് സംഭരണം നടക്കുന്നുണ്ടെന്ന് വ്യക്തമായതോടെ റെയ്ഡ് ശക്തമാക്കാന്‍ കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ അജിത്ത് കുമാര്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്. കണ്ണൂരില്‍ 320 ബുത്തുകള്‍ പ്രശ്‌നബാധിതമാണെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതില്‍ മിക്കതും പാര്‍ട്ടി ഗ്രാമങ്ങളില്‍ സ്ഥിതി ചെയ്യുന്നതാണ്. പാനൂര്‍ മൂളിയത്തോട് ബോംബ് സ്‌ഫോടന കേസില്‍ ഏറ്റവും ഒടുവില്‍ അറസ്റ്റിലായ മൂന്ന് പേരില്‍ നിന്നും മൂന്ന് കിലോ വെടി മരുന്ന് പിടികൂടിയിരുന്നു. പാനൂര്‍ സ്‌ഫോടന കേസില്‍ ഇതുവരെ 12 പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. ഈ കേസില്‍ അന്വേഷണം അന്തിമ ഘട്ടത്തില്‍ നില്‍ക്കവെയാണ് വീണ്ടും സ്റ്റീല്‍ ബോംബുകള്‍ പിടികൂടിയത് വടകര പാര്‍ലമെന്റ് മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ. ശൈലജയുടെ മണ്ഡലം കൂടിയാണ് മട്ടന്നൂര്‍.
എന്നാല്‍ ആര്‍എസ്എസ് സ്വാധീന കേന്ദ്രത്തിന് സമീപത്തു നിന്നാണ് ബോംബ് കണ്ടെത്തിയതെന്ന് സിപിഎം പ്രാദേശിക നേതൃത്വം ആരോപിച്ചു. കോളാരിയില്‍ സംഘ്പരിവാര്‍ സംഘടന നടത്തുന്ന സച്ചിദാനന്ദ ബാലസദനത്തിന്റെയും ആര്‍.എസ്.എസ് കാര്യാലയത്തിന്റെയും സമീപത്തു നിന്നാണ് ബോംബ് കണ്ടെത്തിയതെന്നാണ് ആരോപണം. ഇവിടെ നിരവധി കേസുകളില്‍ പ്രതിയായ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തമ്പടിക്കുന്നതായും ആരോപണമുണ്ട്. സംഭവത്തില്‍ മട്ടന്നൂര്‍ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications