കണ്ണൂർ സിവിൽ സ്റ്റേഷൻ വളപ്പിലെ പ്രതിഷേധം; നൂറോളം നഴ്‌സുമാർക്ക് എതിരെ കേസെടുത്ത് പോലീസ്
കണ്ണൂർ: കണ്ണൂർ സിവിൽ സ്റ്റേഷൻ വളപ്പിലെ ആംഫി തിയേറ്ററിലേക്ക് കടന്ന് പ്രതിഷേധ സമരം നടത്തിയ കേരള ഗവ. നഴ്സസ് അസോസിയേഷൻ പ്രവർത്തകർക്കെതിരെ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. നൂറോളം പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. അനുമതിയില്ലാതെ കലക്ടറേറ്റിനുള്ളിൽ അതിക്രമിച്ചു കയറി സംഘം ചേർന്നു പ്രതിഷേധിച്ചതിനും, കലക്ടറേറ്റിനു മുൻപിലെ റോഡിൽ ഗതാഗത തടസമുണ്ടാക്കിയതിനുമാണ് കേസെടുത്തത്.
എന്നാൽ പ്രതിഷേധ മാർച്ച് കലക്ടറേറ്റ് വളപ്പിൽ ഉദ്ഘാടനം ചെയ്ത എം.വിജിൻ എം എൽ എയ്ക്കെതിരെ കേസെടുത്തിട്ടില്ല. കലക്ടറേറ്റ് വളപ്പിൽ മാർച്ച് ഉദ്ഘാടനം ചെയ്യാനെത്തിയ എം.വിജിനോട് പുറത്തു പോയില്ലെങ്കിൽ അറസ്റ്റു ചെയ്യുമെന്ന് കണ്ണൂർ ടൗൺ എസ്.ഐ ആവശ്യപ്പെട്ടിരുന്നു. ഇതിൽ പ്രകോപിതനായ എം.എൽ.എ അവിടെ നിന്നു തന്നെ ഉദ്ഘാടനം ചെയ്തിരുന്നു.

സമരം കഴിഞ്ഞതിനു ശേഷം എം.എൽ.എയോട് വനിതാ പോലീസുകാരി പേരു ചോദിച്ചതും വിവാദമായിരുന്നു. എന്നാൽ പേരു ചോദിച്ചതിനല്ല താൻ ടൗൺ പൊലീസിനോട് രോഷത്തോടെ സംസാരിച്ചതെന്നും മോശമായി പെരുമാറിയതിനാണെന്നും എം വിജിൻ പിന്നീട് വ്യക്തമാക്കിയിരുന്നു. എം.എൽ.എയും പോലീസും തമ്മിലുള്ള തർക്കം തുടരുന്നതിനിടെ എം.എൽ.എയെ ന്യായീകരിച്ചു സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജനും രംഗത്തു വന്നിട്ടുണ്ട്. പൊലീസിന് വീഴ്ച്ച പറ്റിയെന്നാണ് എം.വി ജയരാജന്റെ ആരോപണം.
വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്കാണ് നഴ്സുമാർ വിവിധ ആവശ്യങ്ങളുന്നയിച്ച് കലക്ടറേറ്റിന് മുൻപിൽ പ്രതിഷേധ ധർണ നടത്തിയത്. എന്നാൽ കവാടത്തിൽ പോലീസുകാർ ഉണ്ടായിരുന്നില്ലാത്തതിനാൽ ഇവർ അകത്തു കയറി സമരം നടത്തുകയായിരുന്നു. കലക്ടറേറ്റിനകത്തു കയറരുതെന്നത് നഴ്സുമാർക്ക് അറിയാത്തതാണ് ആശയ കുഴപ്പമുണ്ടാക്കിയത്. ഇതോടെ സമരം ഉദ്ഘാടനം ചെയ്യാനെത്തിയ എം.വിജിൻ ഈ കാര്യം ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. എം.എൽ.എയും സമരക്കാരും പുറത്തേക്ക് പോകാൻ ഒരുങ്ങുമ്പോഴാണ് കണ്ണൂർ ടൗൺ എസ്.ഐ ഷമിൽ എത്തിയത്. എം.എൽ.എയ്ക്കും നഴ്സുമാർക്കുമെതിരെ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെ എം.എൽ എ രോഷത്തോടെ പ്രതികരിക്കുകയായിരുന്നു.
കണ്ണൂർ കലക്ടറേറ്റ് വളപ്പിൽ എം വിജിൻ എംഎൽഎയും കണ്ണൂർ ടൗൺ എസ്ഐയും തമ്മിൽ നടന്ന വാക്കേറ്റത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ വിശദീകരണവുമായി എംഎൽഎ രംഗത്തെത്തിയിരുന്നു പ്രകോപനമുണ്ടാക്കിയത് എസ്ഐയാണെന്നും പോലീസ് സേനക്ക് ചീത്തപ്പേരുണ്ടാക്കുന്നത് ഇതുപോലുള്ള ഉദ്യോഗസ്ഥരാണെന്നും വിജിൻ കുറ്റപ്പെടുത്തി. സിനിമ സ്റ്റൈലിൽ, ഭീഷണി സ്വരത്തിൽ പെരുമാറിയപ്പോഴാണ് പ്രതികരിച്ചത്. പോലീസ് ഉദ്യോഗസ്ഥ തന്റെ പേര് ചോദിച്ചതല്ല പ്രശ്‌നമെന്നും, മോശമായി പെരുമാറിയതാണെന്നും എം വിജിൻ പറഞ്ഞിരുന്നു.












Click it and Unblock the Notifications