പൂട്ടിക്കിടക്കുന്ന കെട്ടിടത്തിന് നികുതി: തലശേരി നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം
തലശേരി: പൂട്ടിക്കിടക്കുന്ന സംരഭകന്റെ കെട്ടിടത്തിന് ഭീമമായ നികുതി ചുമത്തിയ തലശേരി നഗരസഭയുടെ തീരുമാനം വിവാദമായി. ഇതു സംബന്ധിച്ച് തലശേരി നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു.
ചിറക്കരയിലെ ഒരുകെട്ടിടത്തിനു നികുതി ചുമത്തിയതുമായി ബന്ധപ്പെട്ടാണ് ബഹളമുണ്ടായത്. ചിറക്കരയിലെ ഒരുകെട്ടിടത്തിനു 11ലക്ഷം രൂപ നികുതി ചുമത്തിയ വിഷയം യു.ഡി.എഫ് കൗണ്‍സിലര്‍ ടിവി റാഷിദയാണ് ഉന്നയിച്ചത്.

ലൈസന്‍സിനായി സമീപിച്ചപ്പോള്‍ തന്നെ സംരംഭകനെ പ്രോത്സാഹിപ്പിക്കുന്നതിനുപകരം നിരൂത്സാഹപ്പെടുത്തുന്ന നടപടികളാണ് നഗരസഭ സ്വീകരിച്ചതെന്നും വര്‍ഷങ്ങളായി പൂട്ടിക്കിടക്കുന്ന സ്ഥാപനത്തിന് ഇത്രയും വലിയ തുക നികുതി അടപ്പിക്കുന്നത് ദ്രോഹമാണെന്നും അവര്‍ ആരോപിച്ചു.
എന്നാല്‍ 17 വര്‍ഷത്തോളമായി ഈ കെട്ടിടം അടഞ്ഞുകിടക്കുന്ന വിവരം ഉടമ നഗരസഭയെ അറിയിച്ചിട്ടില്ലെന്നും അതിനാലാണ് ഇത്രയും വലിയ തുക നികുതിയായി വന്നതെന്നും ഇതുവരെ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് ഉടമ നഗരസഭയില്‍ അപേക്ഷ നല്‍കിയിട്ടില്ലെന്നും അധ്യക്ഷ കെ.എം ജമുനാറാണി മറുപടി പറഞ്ഞു.
ധനകാര്യ കമ്മിറ്റി ചേര്‍ന്നെടുത്ത തീരുമാന പ്രകാരമാണ് ഈ കെട്ടിടനികുതി ചുമത്തിയതെന്നും വൈസ്‌ചെയര്‍മാന്‍ വാഴയില്‍ ശശി പറഞ്ഞു. മറുപടി പ്രതിപക്ഷം തള്ളി. കൗണ്‍സിലില്‍ പ്രതിപക്ഷം മാന്യത കാണിക്കണമെന്ന് ഭരണപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടതോടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ രൂക്ഷമായ വാക്കേറ്റം ഉണ്ടായി. ഇതിനുപുറമേ തലശേരി ജനറല്‍ ആശുപത്രിയിലെ കാഷ്വാലിറ്റി മുന്‍വശത്തേക്ക് മാറ്റണമെന്നും തെരുവുനായ പ്രശ്‌നവും റോഡുകളുടെ ശോചനീയാവസ്ഥയും ചര്‍ച്ചയായി.
നേരത്തെ തലശേരി നഗരസഭയിലെ എരഞ്ഞോളിയില്‍ വ്യവസായപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഫര്‍ണിച്ചര്‍ സ്ഥാപനം പൂട്ടുകയും സംരഭകന്‍ നാടുവിടുകയും ചെയ്ത സംഭവം വന്‍വിവാദമായിരുന്നു. ഭാര്യയോടൊപ്പം നാടുവിട്ട സംരഭകന്‍ തിരിച്ചെത്തുകയും സ്ഥാപനം തുറന്നുകൊടുക്കുകയും ചെയ്തതോടെയാണ് വിഷയം അവസാനിച്ചത്. വ്യവസായ മന്ത്രി പി. രാജീവ് ഉള്‍പ്പെടെ ഈ വിഷയത്തില്‍ ഇടപെട്ടിരുന്നു.
തലശേരി നഗരസഭയ്ക്കെതിരെ വ്യാപകമായ വിമര്‍ശനമാണ് ഈ വിഷയത്തില്‍ വിവിധ കോണുകളില്‍ നിന്നുമുയര്‍ന്നുവന്നത്. ഇതിനു ശേഷമാണ് മറ്റൊരു വിവാദം കൂടി ഉയര്‍ന്നു വരുന്നത്. സംരഭകരെ പീഡിപ്പിക്കുന്ന നഗരസഭയുടെ പ്രവര്‍ത്തന ശൈലി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമരത്തിനൊരുങ്ങുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. സിപിഎം മൃഗീയഭൂരിപക്ഷത്തോടെ ഭരിക്കുന്ന നഗരസഭകളിലൊന്നാണ് തലശേരി. നേരത്തെ ആന്തൂര്‍ നഗരസഭയില്‍ കെട്ടിടത്തിന് പ്രവര്‍ത്തനാനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് സാജന്‍ പാറയിലെന്ന വ്യവസായസംരഭകന്‍ ജീവനൊടുക്കിയത് സംസ്ഥാനമാകെ വിവാദമായിരുന്നു.












Click it and Unblock the Notifications