• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

തലശേരി ഇന്ദിരാഗാന്ധി ആശുപത്രി തിരഞ്ഞെടുപ്പ്; യുഡിഎഫിന് വിജയം, മമ്പറത്തിന് തോല്‍വി

Google Oneindia Malayalam News

തലശേരി: തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പാനലിന് വന്‍ വിജയം. മത്സരം നടന്ന 12 സീറ്റിലും വിജയം നേടിയാണ് യുഡിഎഫ് ഭരണം പിടിച്ചെടുത്തത്. മമ്പറം ദിവാകരന്റെ നേതൃത്വത്തിലുള്ള പാനലിനെയാണ് യുഡിഎഫ് പാനല്‍ പരാജയപ്പെടുത്തിയത്.

ഔദ്യോഗിക പാനലിനെതിരെ മത്സരിക്കാന്‍ രംഗത്തെത്തിയതോടെ മമ്പറം ദിവാകരനെ കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു. കള്ളവോട്ടും വ്യാജ തിരിച്ചറിയല്‍ കാര്‍ഡും ഉപയോഗിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി നേരത്തെ മമ്പറം ദിവാകരന്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഒരു സീറ്റില്‍ പോലും മമ്പറത്തിന് വിജയിക്കാന്‍ സാധിച്ചില്ല.

1

കെ സുധാകരനെതിരെ ഗുരുതര ആരോപണങ്ങളാണ് മമ്പറം ഉന്നയിച്ചത്. തിരഞ്ഞെടുപ്പിന് എത്തുന്ന വോട്ടര്‍മാരെ തടയുകയാണ് സുധാകരന്റെ ലക്ഷ്യമെന്നും ജീവന്‍ നല്‍കി ഇത് തടയുമെന്നും മമ്പറം പറഞ്ഞിരുന്നു. സിപിഎമ്മിന്റെ പിന്തുണ തനിക്കുണ്ടെന്ന അഭ്യൂഹം അസംബന്ധമാണ്. തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നോ മത്സരിക്കരുതെന്നോ ഡിസിസി തന്നോട് പറഞ്ഞിട്ടില്ലെന്നും മമ്പറം പ്രതികരിച്ചിരുന്നു.

2

എന്നാല്‍ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളില്‍ തുടര്‍ച്ചയായി ഭരിക്കുന്നവരെ തടയുമെന്ന പ്രഖ്യാപനം കെപിസിസിയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു. ഇന്ദിരാഗാന്ധി ആശുപത്രിയിലെ തിരഞ്ഞെടുപ്പ് ഇതിന്റെ ഭാഗമായിരുന്നു. വര്‍ഷങ്ങളാണ് പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നയാളാണ് മമ്പറം ദിവാകരന്‍. മമ്പറത്തെ താഴെയിറക്കാനാണ് കെ സുധാകരന്‍ മുന്‍കയ്യെടുത്ത് ഔദ്യോഗിക പാനലിനെ ഇറക്കിയത്. അയ്യായിരത്തി ഇരുന്നൂറ് വോട്ടര്‍മാരുള്ള സംഘത്തില്‍ ഡയറക്ടര്‍മാരായി എട്ടുപേരെ വീതമാണ് ഇരു പാനലും മത്സരിപ്പിച്ചത്.

3

അതേസമയം, വിജയത്തിന് പിന്നാലെ പ്രതികരിച്ച് കെ സുധാകരന്‍ രംഗത്തെത്തി. ഈ വിജയം കോണ്‍ഗ്രസിന് ഇരട്ടിമധുരം പകരുന്നെന്ന് സുധാകരന്‍ പറഞ്ഞു. സാധാരണ പ്രവര്‍ത്തകരുടെ വിജയം, കോണ്‍ഗ്രസിന്റെ വിജയം! ആരും പ്രസ്ഥാനത്തിന് മുകളില്‍ അല്ല, ആരും ഒഴിച്ചുകൂടാന്‍ പറ്റാത്തവരും അല്ല. കോണ്‍ഗ്രസ് വികാരം നഷ്ടപ്പെട്ടാല്‍ ആരും ഒന്നും അല്ല എന്ന തിരിച്ചറിവ് ഉണ്ടാവണമെന്ന് കെ സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

4

ആ തിരിച്ചറിവ് ആയിരം വട്ടം ഉദ്‌ഘോഷിക്കുന്നതാണ് ഇന്ദിരാ പ്രിയദര്‍ശിനിയുടെ പേരിലുള്ള ആശുപത്രി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാനല്‍ നേടിയ ഉജ്ജ്വല വിജയം. ''ചുവര്‍ ഉണ്ടെങ്കിലേ ചിത്രം വരക്കാനാകൂ.'' ഇവിടെ ചിലരെങ്കിലും ഉണ്ട്, പ്രവര്‍ത്തകരുടെ വിയര്‍പ്പു തുള്ളിയില്‍
കെട്ടിപ്പടുത്ത സ്ഥാപനങ്ങളില്‍ ഒരിക്കല്‍ കയറിയിരുന്നാല്‍ പിന്നെ പാര്‍ട്ടിയെ മറക്കും, പ്രവര്‍ത്തകരെ മറക്കും. എല്ലാം ഞാന്‍ ആണെന്ന തോന്നലും!

5

കോണ്‍ഗ്രസിനേക്കാള്‍ വലുത് ഞാനാണെന്ന തോന്നലും ഞാനെന്ന മനോഭാവത്തിനും വളര്‍ത്തിയ മഹാപ്രസ്ഥാനത്തിനെ മറന്നതിനും കാലം കരുതിവെച്ച തിരിച്ചടി. ഒന്ന് നിങ്ങള്‍ അറിയണം കണ്ണുതുറന്ന് കാണണം കേരളത്തിന്റെ തെരുവുകളിലേക്ക് നോക്കൂ... ഇന്നലെകളില്‍ കണ്ട നൈരാശ്യം പിടിച്ച കോണ്‍ഗ്രസല്ല...ഒരു മനസ്സോടെ ഒരേ വികാരമായി ഒരു സാഗരം പോലെ ത്രിവര്‍ണ്ണ പതാക ചോട്ടില്‍ ഒഴുകിയെത്തുന്ന ജനലക്ഷങ്ങള്‍...അവര്‍ക്ക് വ്യക്തികളല്ല വലുത്, കോണ്‍ഗ്രസ് മാത്രമാണ്. കോണ്‍ഗ്രസ് മാത്രം! ഇവിടെ ആര്‍ക്കും മാറിനില്‍ക്കാനാവില്ല, മുന്നോട്ട്...
ജയ് കോണ്‍ഗ്രസ്! - കെ സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

6

അതേസമയം, കോണ്‍ഗ്രസിന്റെ വിജയത്തില്‍ പ്രതികരിച്ച് വിടി ബല്‍റാം രംഗത്തെത്തി. കോണ്‍ഗ്രസാണ് ശരി. കോണ്‍ഗ്രസാണ് ശക്തി . ഇന്ദിരാഗാന്ധിയുടെ പേരിലുള്ള സ്ഥാപനം ഏതെങ്കിലും വ്യക്തികളുടെ തോന്ന്യാസത്തിനുള്ളതല്ല, പാര്‍ട്ടിയുടെ ജനകീയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വേദിയാണ്. കോണ്‍ഗ്രസിന്റെ അഭിമാന വിജയത്തിന് കളമൊരുക്കിയ സഹപ്രവര്‍ത്തകര്‍ക്കും സഹകാരികള്‍ക്കും നന്ദി. മുന്നില്‍ നിന്ന് പട നയിച്ച പ്രിയപ്പെട്ട കെപിസിസി പ്രസിഡണ്ടിന് അഭിവാദനങ്ങള്‍ എന്നാണ് വിടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്.

7

കോണ്‍ഗ്രസ് പാനലിന്റെ വിജയത്തില്‍ പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റിയും രംഗത്തെത്തി. കെപിസിസി പ്രസിഡന്റ് കണ്ണൂരില്‍ നിന്ന് തന്നെ മാറ്റത്തിന് തുടക്കം കുറിച്ചു. ഞാനാണ് പാര്‍ട്ടിയെന്നു കരുതുന്നവര്‍ക്കും പണം കൊണ്ട് എല്ലാം നേടാം എന്ന് കരുതുന്നവര്‍ക്കും സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്‍കിയ കനത്ത തിരിച്ചടിയാണ് തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രി തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക പക്ഷം നേടിയ കരുത്തുറ്റ വിജയമെന്ന് റിജില്‍ മാക്കുറ്റി പറഞ്ഞു. റിജില്‍ മാക്കുറ്റി - കോണ്‍ഗ്രസ്സ് = പൂജ്യം
ആണ്. പാര്‍ട്ടിയെ വെല്ലു വിളിക്കുന്ന എല്ലാവര്‍ക്കും ഇത് ഒരു പാഠമാണ്. പാര്‍ട്ടിയാണ് വലുത് - റിജില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

English summary
Thalassery Indira Gandhi Hospital election; UDF wins and Mambaram Divakaran loses
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X