സൈബർ കേസിൽ അറസ്‌റ്റ് ചെയ്യുമെന്ന് ഭീഷണി; വനിതാ ഡോക്‌റുടെ 9.9 ലക്ഷം രൂപ തട്ടി
തളിപ്പറമ്പ്: സൈബര്‍ കേസില്‍ അറസ്‌റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി വനിതാ ഡോക്ടറുടെ 9,90,000 രൂപ തട്ടിയെടുത്തതായി പരാതി. തൃപ്പൂണിത്തുറ ഗവ.ആയുര്‍വേദ കോളേജിലെ പ്രഫസറുമായ മണ്ടൂര്‍ മരങ്ങാട്ട് മഠത്തില്‍ ഡോ.അഞ്ജലി ശിവറാമന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നുമാണ് പണം തട്ടിയെടുത്തത്. സംഭവത്തില്‍ പരിയാരം പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
മുംബൈ പോലീസാണെന്നും ഡോ.അഞ്ജലി ശിവറാമിന്റെ പേരില്‍ മുംബൈയില്‍ സൈബര്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും തെറ്റിദ്ധരിപ്പിച്ച ശേഷമാണ് തട്ടിപ്പ് നടത്തിയത്. ചെയ്യാത്ത കുറ്റത്തിന് പ്രതി ചേര്‍ക്കപ്പെട്ടതില്‍ ഭയന്നു പോയ ഡോക്ടറില്‍ നിന്നും തട്ടിപ്പുകാര്‍ ബാങ്ക് വിശദാംശങ്ങള്‍ കൈക്കലാക്കി. കഴിഞ്ഞ ബുധനാഴ്ചയാണ് തട്ടിപ്പുകാര്‍ ആദ്യം ബന്ധപ്പെട്ടത്.

രണ്ട് ദിവസം കൊണ്ട് പലപ്പോഴായി ഒ.ടി.പി നമ്പര്‍ കൈക്കലാക്കി 9,90,000 രൂപ തട്ടിയെടുക്കുകയായിരുന്നു.ഡോ.അഞ്ജലി ശിവറാമിന്റെ പേരില്‍ എസ്.ബി.ഐ പിലാത്തറ ശാഖയിലെ അക്കൗണ്ടില്‍ നിന്നുമാണ് പണം നഷ്ടമായത്. ഡോക്ടറുടെ പരാതിയില്‍ നവി മുംബൈയിലെ പ്രദീപ് സാവന്തിനും സംഘത്തിനുമെതിരെ പരിയാരം പൊലിസ് കേസെടുത്തു അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. മറ്റൊരു സംഭവത്തില്‍ മുംബൈ പോലീസ് ആണെന്ന വ്യാജേന ഫോണ്‍ ചെയ്ത് മട്ടന്നൂര്‍ സ്വദേശിയില്‍ നിന്നും 3,54,478 രൂപ തട്ടിയെടുത്തതായും പരാതിയുണ്ട്.

പരാതിക്കാരന്റെ പേരില്‍ ഒരു കൊറിയര്‍ ഇറാനിലേക്ക് അയച്ചിട്ടുണ്ടെന്നും അതില്‍ നിങ്ങളുടെ പേരിലുള്ള കാലാവധി കഴിഞ്ഞ പാസ്‌പോര്‍ട്ട് ,ക്രെഡിറ്റ് കാര്‍ഡ് , മാരക മയക്കുമരുന്നായ എം ഡി എം എ എന്നിവ അയച്ചിടുണ്ടെന്ന് പറഞ്ഞ് മുബൈ പോലീസില്‍ നിന്നാണെന്ന് പരിചയപ്പെടുത്തിയ ഒരാള്‍ ഫോണ്‍ വിളിക്കുകയായിരുന്നു. ശേഷം ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ്‌റ് ആവശ്യപ്പെടുകയും പരാതികരന്റെ അക്കൗണ്ടിലെ പണം ആര്‍ ബി ഐ വെരിഫിക്കേഷനു വേണ്ടി അയാള്‍ പറയുന്ന അക്കൗണ്ടിലേക് അയച്ചു നല്‍കാന്‍ ആവശ്യപ്പെടുകയും അത് വിശ്വസിച്ച പരാതിക്കാരന്‍ 3,54.478 രൂപ നല്‍കുകയായിരുന്നു. പിന്നീട് ഇത് ഒരു തട്ടിപ്പാണെന്ന് മനസ്സിലായതോടെയാണ് പൊലിസില്‍ പരാതിയുമായെത്തിയത്.
മറ്റൊരു പരാതിയില്‍ തലശ്ശേരി സ്വദേശിക്ക് 2800 രൂപയും നഷ്ടമായിട്ടുണ്ട്. ഫേസ്ബുക്കില്‍ പേര്‍സണല്‍ ലോണിനായിയുള്ള പരസ്യം കണ്ട് വാട്‌സ്ആപ്പ് വഴി ബന്ധപ്പെടുകയും തുടര്‍ന്ന് പ്രോസസ്സിങ് ചര്‍ജായി പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പരാതിക്കാരന്‍ 2800 രൂപ നല്‍കുകയായിരുന്നു.പിന്നീട് ആവശ്യപ്പെട്ട ലോണ്‍ നല്‍കാതെ വഞ്ചിച്ചുവെന്നാണ് പരാതി.












Click it and Unblock the Notifications