ഫിഷറീസ് സർവകലാശാല: പയ്യന്നൂരിൽ ക്ലാസുകൾ അടുത്ത അധ്യയന വർഷം തുടങ്ങും
പയ്യന്നൂർ: കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയുടെ (കുഫോസ്) ഫിഷറീസ് കോളേജ് അടുത്ത അധ്യയനവർഷം പയ്യന്നൂരിൽ പ്രവർത്തനം തുടങ്ങും. ബാച്ചിലർ ഇൻ ഫിഷറീസ് സയൻസ് കോഴ്‌സാണ് ഇവിടെ തുടങ്ങുക. കോളേജിനായി കെട്ടിടം കണ്ടെത്താൻ ശ്രമമാരംഭിച്ചു. സ്വന്തം കെട്ടിടമുണ്ടാക്കാൻ സമയമെടുക്കുമെന്നതിനാൽ താത്‌കാലികാടിസ്ഥാനത്തിൽ വാടകക്കെട്ടിടമാണ് നോക്കുന്നത്. സ്ഥലം ടി. ഐ മധുസൂദനൻ എം.എൽ.എ.യുടെ ഉൾപ്പെടെ സഹായത്തോടെയാണ് ഏറ്റെടുക്കുക.
ആദ്യഘട്ടത്തിൽ കോളേജിന്റെ പ്രവർത്തനത്തിനായി സർക്കാർ കെട്ടിടങ്ങൾ പയ്യന്നൂരിൽ ലഭിക്കുമോയെന്ന് പരിശോധിച്ചിരുന്നു. സർക്കാർ സ്കൂൾ കെട്ടിടങ്ങൾ ഒഴിവുണ്ടോയെന്നും നോക്കി. ഇത് ലഭിക്കാത്തതിനെത്തുടർന്നാണ് പയ്യന്നൂർ നഗരത്തോടുചേർന്നുള്ള വാടകക്കെട്ടിടം നോക്കുന്നത്. സർവകലാശാലാ വൈസ് ചാൻസലർ ഉൾപ്പെടെയുള്ളവർ പയ്യന്നൂരിലെ കെട്ടിടങ്ങളുടെ സാധ്യതകൾ പരിശോധിച്ചിരുന്നു.

ഫിഷറീസ് കോളേജിന് തത്ത്വത്തിൽ അംഗീകാരം നൽകിയതായി കഴിഞ്ഞദിവസം പയ്യന്നൂരിലെത്തിയ ഫിഷറീസ് മന്ത്രി സജി ചെറിയാൻ പറഞ്ഞിരുന്നു. കോളേജിന്റെ പ്രവർത്തനത്തിനായി അധ്യാപക തസ്തികകൾ അനുവദിച്ച് ഉത്തരവാകേണ്ടതുണ്ട്. താത്‌കാലിക ജീവനക്കാരെവെച്ച് കോളേജിന്റെ പ്രവർത്തനം നടത്താൻ കഴിയില്ലെന്നതാണ് സർവകലാശാലാ അധികൃതരുടെ വാദം. താത്‌കാലികനിയമനം നടത്തിയാൽ കോളേജിന്റെ പ്രവർത്തനം വിപുലീകരിക്കുമ്പോൾ അത് തടസ്സമായി മാറാനിടയണ്ടെന്നും അധികൃതർ പറയുന്നു.
2018 ഒക്ടോബർ 11-നാണ് കുഫോസിന്റെ പ്രാദേശികകേന്ദ്രം പയ്യന്നൂർ മമ്പലത്ത് വാടകക്കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയത്. കോളേജിന് സ്ഥിരംകെട്ടിടത്തിനായി കോറോം വില്ലേജിൽ റവന്യുവകുപ്പിന്റെ പക്കലുള്ള 25 ഏക്കറോളം മിച്ചഭൂമിയാണ് കണ്ടെത്തിയിട്ടുള്ളത്.
സർവകലാശാലാ അധികൃതരുടെ അപേക്ഷപ്രകാരം മിച്ചഭൂമി പൊതു ആവശ്യത്തിനായി തരം മാറ്റിനൽകിയിരുന്നു. സ്ഥലം സർവകലാശാലയ്ക്ക് കൈമാറിയുള്ള ഉത്തരവ് റവന്യൂവകുപ്പിൽ നിന്നുണ്ടായാലേ കോളേജിനായി കെട്ടിടം നിർമിക്കാനാകൂ. രണ്ടുവർഷത്തിനകം സ്വന്തം സ്ഥലത്ത് കെട്ടിടം നിർമിക്കാനാണ് കുഫോസ് ലക്ഷ്യമിടുന്നത്. ഇതു അതിവേഗം പൂർത്തീകരിക്കാനുള്ള പദ്ധതികളാണ് അണിയറയിൽ ഒരുങ്ങുന്നത്.












Click it and Unblock the Notifications