മൊഴി കൊടുക്കാന്‍ മോഷ്ടിച്ച കാറുമായി പൊലീസ് സ്റ്റേഷനിലെത്തിയ യുവാവ് അറസ്റ്റില്‍
കണ്ണൂര്‍: മൂവാറ്റുപുഴയില്‍ നിന്നും മോഷ്ടിച്ച കാറുമായി മറ്റൊരു കേസില്‍ മൊഴി നല്‍കുന്നതിനായി കണ്ണൂര്‍ സിറ്റി പൊലിസ് സ്റ്റേഷനിലെത്തിയ യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. സംശയാസ്പദമായ പെരുമാറ്റത്തെ തുടര്‍ന്ന് ചോദ്യം ചെയ്തതിനു ശേഷമായിരുന്നു അറസ്റ്റ്. പിടിയിലായ തലശേരി വടക്കുമ്പാട് സ്വദേശിയായ യുവാവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വടക്കുമ്പാട് സ്വദേശിയായ പി. ആസിഫിനെയാണ് കണ്ണൂര്‍ സിറ്റി പൊലിസ് അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കിയത്. വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച കാറുമായാണ് ഇയാള്‍ പൊലിസ് പിടിയിലായത്. മൂവാറ്റുപുഴയില്‍ നിന്നും മോഷ്ടിച്ച കാറുുമായാണ് ഇയാള്‍ വ്യാജനമ്പര്‍ പ്ലേറ്റുണ്ടാക്കി സഞ്ചരിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഇയാളെ കണ്ണൂര്‍ സിറ്റി പൊലിസ് സ്റ്റേഷനില്‍ മറ്റൊരു കേസില്‍ ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചിരുന്നു.

ഇതിനിടെ ഇയാള്‍ വന്ന കാറിന്റെ നമ്പര്‍ പ്ലേറ്റ് ഇളകിയിരിക്കുന്നതു കണ്ടു പൊലിസ് ചോദ്യം ചെയ്തപ്പോഴാണ് മോഷ്ടിച്ച കാറാണെന്ന് ആസിഫ് സമ്മതിച്ചത്. തുടര്‍ന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കര്‍ണാടക രജിസ്ട്രേഷനെന്ന വ്യാജേനെയാണ് മോഷ്ടിച്ച കാര്‍ ആസിഫ് റോഡിലിറക്കിയിരുന്നത്. വാഹനത്തിന്റെ ചെസിസ് നമ്പറിലും സ്റ്റിക്കര്‍ ഒട്ടിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.
പൊലിസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. മോഷ്ടിച്ച വാഹനത്തിന്റെ യഥാര്‍ത്ഥ നമ്പറും ഇയാള്‍ പൊലിസിനോട് പറഞ്ഞിട്ടുണ്ട്. ഈ നമ്പറുളള കാര്‍ മൂവാറ്റുപുഴ പൊലിസ് സ്റ്റേഷനില്‍ നിന്നും മോഷണം പോയതായി പൊലിസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ സിറ്റി പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന വാഹന തട്ടിപ്പു കേസിലുള്‍പ്പടെ പ്രതിയുടെ പങ്കിനെപ്പറ്റി അന്വേഷണം നടന്നുവരുന്നതായി പൊലിസ് അറിയിച്ചു.












Click it and Unblock the Notifications