അതിവേഗ റെയില്‍വേപാത പദ്ധതി:പിണറായി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി യുവകലാസാഹിതി
തലശേരി: രണ്ടാം പിണറായി സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ അതിവേഗ റെയില്‍വേ പാത പദ്ധതിക്കെതിരെ സിപിഐ സാംസ്‌കാരിക സംഘടനയായ യുവകലാസാഹിതി രംഗത്തെത്തി. സില്‍വര്‍ ലൈന്‍ റെയില്‍പദ്ധിയുള്‍പ്പെടെയുള്ളവയ്ക്കു കേന്ദ്രാനുമതി ലഭിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപടി തുടങ്ങിയ പശ്ചാത്തലത്തിലാണ് ഇടതു അനുകൂലസംഘടന തന്നെ വിമര്‍ശനവുമായി രംഗത്തുവന്നത്.
സമൂഹത്തിലെ ചെറിയൊരു വിഭാഗം വരുന്ന അതീവ സമ്പന്നര്‍ക്കായാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന വിമര്‍ശനമാണ് യുവകലാസാഹിതിയുടെത്. വിലകൊടുത്തു വാങ്ങുന്ന ദുരന്തമെന്നാണ് ഈ വിഷയത്തില്‍ യുവകലാസാഹിതി നേതാക്കള്‍ പരസ്യമായി പ്രതികരിച്ചത്. ജനവിരുദ്ധമായ വികസന നയങ്ങള്‍ നടപ്പിലാക്കുക വഴി കേരളം മറ്റൊരു ബംഗാളായി മാറാനുള്ള സാധ്യതയ്ക്കു വഴിമരുന്നിടുമെന്ന ആശങ്കയാണ് യുവകലാസാഹിതിക്കുള്ളത്.

അതിവേഗ റെയില്‍പദ്ധതി ഒരിക്കലും സാധാരണക്കാര്‍ക്ക് വേണ്ടിയല്ലെന്നും ഇതുപയോഗിക്കാനുള്ള യാത്രാചെലവ് സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയില്ലെന്നും യുവകലാസാഹിതി അവരുടെ മുഖമാസികയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.ഭീമമായ ചെലവും ഗുരുതര പാരിസ്ഥിതിക ആഘാതവുമുണ്ടാക്കുന്നതുമാണ് അതിവേഗ റെയില്‍ പദ്ധതിയെന്നാണ് നേതാക്കള്‍ ആരോപിക്കുന്നത്. അറുപതിനായിരം കോടി മുതല്‍ ഒരു ലക്ഷം കോടിരൂപവരെയാണ് ഇതിനായുള്ള ചെലവ് പ്രതീക്ഷിക്കുന്നത്.
കൊവിഡും പ്രളയവും കാരണം പാപ്പരായ കേരളത്തിന് അതിവേഗ പാതയുടെ നിര്‍മാണ ചെലവ് താങ്ങാനാവില്ലെന്നും ഒരുകാരണവശാലും പദ്ധതിയുമായി മുന്‍പോട്ടുപോകരുതെന്നും സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണന്‍ തുറന്നടിച്ചു. ഈ പദ്ധതിപ്രകാരം പതിനായിരങ്ങളെ കുടിയൊഴുപ്പിക്കേണ്ടിവരുമെന്നും അവശേഷിച്ച കുന്നിടിക്കലും തണ്ണീര്‍ത്തടങ്ങളെ നികത്തലും ഗുരുതരമായ സാമൂഹ്യ പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നു യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി ഇ സതീശനും ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇതേ വിമര്‍ശനം തന്നെ സിപിഎമ്മിന്റെ പോഷക സംഘടനയായ ശാസ്ത്ര സാഹിത്യപരിഷത്തും പങ്കുവയ്ക്കുന്നുണ്ട്.
വിമര്‍ശനം മൃദുസ്വരത്തിലൂടെയാണ് നടത്തുന്നതെങ്കിലും പദ്ധതിയെ കുറിച്ചുള്ള ആശങ്ക നേതാക്കള്‍ തുറന്നു പറഞ്ഞിട്ടുണ്ട്. അതിവേഗ റെയില്‍ പദ്ധതിയുടെ പാരിസ്ഥിതിക ആഘാത പഠന റിപ്പോര്‍ട്ടും പദ്ധതി രേഖയും പൊതുജന ചര്‍ച്ചയ്ക്കു ലഭ്യമാക്കണമെന്നാണ് ശാസ്ത്രസാഹിത്യപരിഷത്ത് ആവശ്യപ്പെടുന്നത്.പദ്ധതിയുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ അതുവരെ നിര്‍ത്തിവയ്ക്കണമെന്നും പരിഷത്ത് ആവശ്യപ്പെട്ടു.
സില്‍വര്‍ ലൈനിനായി നിര്‍മിക്കുന്ന പാതയും നിലവിലെ ബ്രോഡ് ഗേജ് റെയില്‍വേ പാതയും വ്യത്യസ്തമായതിനാല്‍ പരസ്പരം ചേര്‍ന്നു പോകുന്നതല്ലെന്നു സംസ്ഥാനന്തര യാത്രകള്‍ക്കു ഇതു പ്രയോജനം ചെയ്യില്ലെന്നും പരിഷത്ത് സംസ്ഥാന പ്രസിഡന്റ് എ.പി മുരളീധരന്‍ ചൂണ്ടിക്കാട്ടി. പരിഷത്ത് പുറത്തിറക്കിയ ഡിജിറ്റല്‍ മാസികയിലാണ് ഈ വിഷയത്തില്‍ പരിഷത്തിന്റെ എതിരഭിപ്രായം അദ്ദേഹം തുറന്നടിച്ചത്.
സില്‍വര്‍ ലൈന്‍ പദ്ധതി പൂര്‍ത്തിയാക്കുമ്പോള്‍ രണ്ടുലക്ഷം കോടി രൂപ കവിയും. ഇപ്പോള്‍ തന്നെ സാമ്പത്തിക കടകെണിയിലായ സംസ്ഥാനത്തിന് ഇതു താങ്ങാന്‍ കഴിയില്ലെന്നും പരിഷത്ത് ആശങ്കപ്പെടുന്നുണ്ട്.വന്‍കിട പദ്ധതികള്‍ നടപ്പിലാക്കുന്നതിനു പകരം നിലവിലെ റെയില്‍വേ ലൈന്‍ ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാക്കാനും കാലഹരണപ്പെട്ട സിഗ്‌നല്‍ സംവിധാനം നവീകരിച്ച് മെമു ട്രെയിന്‍ ഓടിക്കാനുമുള്ള സംവിധാനമാണ് സര്‍ക്കാര്‍ മുന്‍കൈയെടുക്കേണ്ടതെന്നും പരിഷത്ത് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications