ആഡംബര കാറിന്റെ രഹസ്യ അറയില്‍ 2 കോടിയുടെ സ്വർണം കടത്തി; കാസർഗോഡ് ഒരാൾ പിടിയിൽ
കാസർഗോഡ്: ആഡംബരകാറിൽ കൊണ്ടുപോകുകയായിരുന്ന രണ്ട് കോടി രൂപയുടെ സ്വർണം പിടികൂടി കസ്റ്റംസ്. സംഭവത്തിൽ ദേവരാജ് സേഠ് എന്നയാളെ പോലീസ് പിടികൂടി. ഇയാൾ മംഗളൂരു സ്വദേശിയാണ്. കാറിൽ രഹസ്യ അറ ഉണ്ടാക്കി അതിലാണ് സ്വർണം കടത്തിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ചയായിരുന്നു കസ്റ്റംസ് പരിശോധന നടത്തിയത്. ചെറുവത്തൂര്‍ ദേശീയപാത 66ല്‍ വെച്ചാണ് ദേവരാജ് സഞ്ചരിച്ച വാഹനം പിടികൂടുന്നത്. 2838.35 ഗ്രാം തൂക്കം വരുന്ന 24 കാരറ്റ് പരിശുദ്ധിയുള്ള സ്വര്‍ണമാണ് പിടികൂടിയത്.

വിവിധ വിമാനത്താവളങ്ങൾ വഴി കടത്തിയ സ്വർണം ആരണങ്ങളാക്കി മാറ്റാൻ കൊണ്ടുപോകുന്നതിനിടയിലാണ് കസ്റ്റംസ് പിടിച്ചത്. സ്വര്‍ണം കൊണ്ടുപോകാന്‍ ഉപയോഗിച്ച ഫോർഡ് കാറും കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കോഴിക്കോട് കൊടുവള്ളിയില്‍ നിന്ന് മംഗളൂരുവിലെ ആഭരണ നിര്‍മാണ ശാലയിലേക്കാണ് സ്വർണം കൊണ്ടുപോയിരുന്നതെന്ന് ദേവരാജ് മൊഴി നൽകി. പിടികൂടിയ സ്വര്‍ണത്തിന് 2.04 കോടി രൂപ വിലവരുമെന്ന് കസ്റ്റംസ് അറിയിച്ചു.
വിമാനത്താവളങ്ങൾ വഴി കടത്തുന്ന സ്വർണം കൊടുവള്ളി കേന്ദ്രീകരിച്ച് രഹസ്യ കേന്ദ്രത്തിൽ സംഭരിക്കുകയും പിന്നീട് ഇവ ആഭരണ നിർമ്മാതാക്കൾക്ക് കൈമാറുന്നതാണ് കള്ളക്കടത്തുകാരുടെ രീതിയെന്നും അധികൃതർ അറിയിച്ചു.
അതിനിടെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും അനധികൃതമായി കടത്തിയ സ്വർണം കസ്റ്റംസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. 727.34 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. 51.58 ലക്ഷം രൂപ വിലമതിക്കുന്നതാണ് സ്വർണം.
വ്യാഴാഴ്ച ഷാർജയിൽ നിന്നെത്തിയ ആളിൽ നിന്നും ശനിയാഴ്ച ദുബൈയിൽ നിന്നും വന്ന യാത്രക്കാരനിൽ നിന്നുമാണ് സ്വർണം പിടികൂടിയത്. ആദ്യ സംഭവത്തിൽ വിമാനത്തിൽ സീറ്റിനടിയില്‍ ഒളിപ്പിച്ചനിലയിലാണ് സ്വർണം കണ്ടെടുത്തത്. ഇതിന് 28.15 ലക്ഷം രൂപ വിലയാണ് കണക്കാക്കുന്നത്. ശനിയാഴ്ച ദുബായില്‍നിന്ന് എത്തിയ യാത്രക്കാരനില്‍നിന്ന് 326.34 ഗ്രാം സ്വര്‍ണം ആണ് പിടിച്ചെടുത്തത്. സ്വർണം കുഴമ്പ് രൂപത്തിലാക്കി കാപ്സ്യൂളുകളിലായിരുന്നു നിറച്ചിരുന്നത്. 24 കാരറ്റിന്റെ 326.24 ഗ്രാം സ്വർണമാണ് ഇതിൽ നിന്ന് ലഭിച്ചത്. ഇതിന് 23.43 ലക്ഷം രൂപമാണ് വിപണി വില.
നെടുമ്പാശേരിയിൽ നിന്നും ഒന്നരക്കോടിയുടെ സ്വർണം കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ദുബായിൽനിന്നെത്തിയ കന്യാകുമാരി സ്വഗേശി ഖാദർ മൊയ്തീനാണു സ്വർണം കടത്താൻ ശ്രമിച്ചത്.ജീൻസിനകത്ത് പ്രത്യേക അറ തീർത്ത് അതിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.












Click it and Unblock the Notifications