കാസർഗോഡ് ഗവ കോളേജിലെ പ്രിൻസിപ്പലിന്റെ വാദം പൊളിയുന്നു;കുടിവെള്ളം മലിനമെന്ന് പരിശോധന റിപ്പോർട്ട്
ഫെബ്രുവരി 20 മുതലായിരുന്നു കുടിവെള്ള വിഷയമുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ കോളേജിൽ പ്രതിഷേധം തുടങ്ങിയത്.

കാസർഗോഡ്: കാസർഗോഡ് ഗവൺമെന്റ് കോളേജിലെ കുടിവെള്ളം മലിനമാണെന്ന് ആരോപിച്ച് വിദ്യാർത്ഥികൾ നടത്തിയ സമരവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പ്രിൻസിപ്പലിന്റെ വാദത്തെ തള്ളി വെള്ളത്തിന്‍റെ ലാബ് പരിശോധനാ ഫലം പുറത്ത്. കോളേജിൽ നിന്നും ശേഖരിച്ച കുടിവെള്ളം മലിനമാണെന്നാണ് ജല അതോറിറ്റി തയ്യാറാക്കിയ ലാബ് റിപ്പോർട്ടിൽ പറയുന്നത്. കുടിവെള്ളത്തിന് യാതൊരു പ്രശ്നവുമില്ലെന്നും എസ്എഫ്ഐ വിദ്യാർത്ഥികൾ തന്നോടുള്ള വൈരാഗ്യം തീർക്കുകയാണെന്നുമായിരുന്ന പ്രിൻസിപ്പലിന്റെ വാദമാണ് ഇതോടെ പൊളിഞ്ഞിരിക്കുന്നത്.
കോളേജിൽ, മയക്കുമരുന്ന് വിൽപ്പന നടക്കുന്നതായും അത് ചോദ്യംചെയ്തതിനാണ് തനിക്കെതിരെ എസ്എഫ്ഐ സമരത്തിനിറങ്ങിയതെന്നുമായിരുന്നു മുൻ പ്രിൻസിപ്പലായ ഡോ എൻ രമ ആരോപിച്ചത്. റാഗിങ്ങിനും ലഹരി ഉപയോഗത്തിനും എസ്എഫ്ഐക്കാര്‍ക്കെതിരെ നിരവധി പരാതികൾ ലഭിച്ചിരുന്നു. ഇതിൽ അവർക്കെതിരായ തന്റെ നടപടികളാണ് അവരെ പ്രകോപിച്ചത്. കുടിവെള്ളം മലിനമായ പ്രശ്നം കോളജില്‍ ഉണ്ടായിട്ടില്ലെന്നും താനത് പരിശോധിച്ചതാണെന്നും ഡോ രമ പറഞ്ഞിരുന്നു.
എന്നാൽ കോളേജിലെ വെള്ളം മലിനമാണെന്നും ഇ- കോളി ബാക്ടീരിയ അടക്കം ഹാനികരമായ ഘടകങ്ങള്‍ അളവിലും കൂടുതല്‍ ഉണ്ടെന്നുമാണ് പരിശോധനയിൽ തെളിഞ്ഞിരിക്കുന്നത്.
ഫെബ്രുവരി 20 മുതലായിരുന്നു കുടിവെള്ള വിഷയമുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ കോളേജിൽ പ്രതിഷേധം തുടങ്ങിയത്. ഇക്കാര്യം പ്രിൻസിപ്പലിനോട് സംസാരിച്ചപ്പോൾ ഈ വെള്ളം കുടിച്ചാൽ മതിയെന്നും ഇതിന് പരിഹാരം കാണാൻ സമയമില്ലെന്നുമാണ് പ്രിൻസിപ്പൽ പറഞ്ഞതെന്നുമായിരുന്നു വിദ്യാർത്ഥിരൾ ആരോപിച്ചത്. പരിഹാരം കാണാതെ ചേംബറിൽ നിന്നും പുറത്ത് പോകില്ലെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കിയതോടെ വിദ്യാർത്ഥികളെ പ്രിൻസിപ്പൽ പൂട്ടിയിടുകയായിരുന്നു. സംഭവത്തെ തുടർന്ന് പ്രിൻസിപ്പൽ ഇൻ ചാർജായിരുന്ന രമയെ മാറ്റിയിരുന്നു. അതേസമയം രമയെ ഉപരോധിച്ച സംഭവത്തിൽ വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസും എടുത്തിരുന്നു.












Click it and Unblock the Notifications