'തീ പടര്‍ന്നു, മുന്നില്‍ മരണം'; 3-ാം നിലയില്‍ നിന്ന് വാട്ടര്‍ടാങ്കിലേക്ക് എടുത്തുചാടി നളിനാക്ഷന്‍, പുതുജീവന്‍
കാസര്‍കോട്: കുവൈത്തിലെ അഹമ്മദി ഗവര്‍ണേറ്റിലെ ലേബര്‍ ക്യാംപില്‍ 49 പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തത്തില്‍ നിന്ന് കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിയായ നളിനാക്ഷന്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. തീ പടരാന്‍ തുടങ്ങിയതോടെ വാട്ടര്‍ ടാങ്കിലേക്ക് ചാടിയാണ് നളിനാക്ഷന്‍ രക്ഷപ്പെട്ടത്. അപകടം നടക്കുമ്പോള്‍ കെട്ടിടത്തിന്റെ മൂന്നാം നിലയിലായിരുന്നു നളിനാക്ഷന്‍ ഉണ്ടായിരുന്നത്.
താഴെ നിന്ന് തീ പടര്‍ന്ന് മൂന്നാം നിലയില്‍ എത്തിയപ്പോള്‍ എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ലായിരുന്നു എന്ന് നളിനാക്ഷന്‍ പറയുന്നു. തീയില്‍ വെന്തെരിയും എന്ന ഘട്ടമായപ്പോഴാണ് പെട്ടെന്ന് താഴെയുള്ള വാട്ടര്‍ ടാങ്കിന്റെ കാര്യം ഓര്‍മ വന്നത്. ചാടാന്‍ പറ്റുന്ന പാകത്തിലാണ് വാട്ടര്‍ ടാങ്കുള്ളത് എന്ന് നളിനാക്ഷന് അറിയാമായിരുന്നു. രണ്ടാമതൊന്ന് ആലോചിക്കാതെ മൂന്നാം നിലയില്‍ നിന്ന് നളിനാക്ഷന്‍ വാട്ടര്‍ ടാങ്കിലേക്ക് എടുത്ത ചാടുകയായിരുന്നു.

വീഴ്ചയില്‍ അരയ്ക്ക് താഴെ പരിക്കേറ്റെങ്കിലും ജീവന്‍ തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ് നളിനാക്ഷന്‍. ആശുപത്രിയില്‍ എത്തുന്നത് വരെ ബോധമുണ്ടായിരുന്നില്ല എന്നും നളിനാക്ഷന്‍ പറയുന്നു. അതിനിടെ തീപിടിത്തത്തിന്റെ വാര്‍ത്ത പുറത്ത് വന്നതോടെ നളിനാക്ഷന്റെ കുടുംബം ആശങ്കയിലായിരുന്നു. അമ്മ യശോദയും ഭാര്യ ബിന്ദുവും സഹോദരങ്ങളും ആധിയിലായിരുന്നു വിവരം അറിഞ്ഞത് മുതല്‍ ആശങ്കയിലായിരുന്നു.
എന്നാല്‍ നളിനാക്ഷന്റെ ശബ്ദം ഫോണില്‍ കേട്ടപ്പോള്‍ കുടുംബത്തിനും ആശ്വാസമായി. കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂര്‍ ഒളവറ സ്വദേശിയാണ് നളിനാക്ഷന്‍. പത്ത് വര്‍ഷത്തിലേറെയായി കുവൈത്തില്‍ ജോലി ചെയ്ത് വരികയാണ് നളിനാക്ഷന്‍. വിവിധ സംഘടനകളുമായി ചേര്‍ന്ന് സന്നദ്ധ പ്രവര്‍ത്തനവും അദ്ദേഹം നടത്തുന്നുണ്ട്. അതേസമയം തീപിടിത്തത്തില്‍ 14 മലയാളികള്‍ മരിച്ചിട്ടുണ്ട് എന്നാണ് വിവരം.
ഇതില്‍ 13 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കേളു പൊന്മലേരി (51), കാസര്‍കോട് ചെര്‍ക്കള കുണ്ടടക്ക സ്വദേശി രഞ്ജിത് (34), കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിന്‍ എബ്രഹാം സാബു (29), പന്തളം സ്വദേശി ആകാശ് എസ് നായര്‍, കൊല്ലം സ്വദേശി ഷമീര്‍, വാഴമുട്ടം സ്വദേശി പിവി മുരളീധരന്‍ (54), കൊല്ലം സ്വദേശി ലൂക്കോസ്, വാഴവിള സ്വദേശി സാജന്‍ ജോര്‍ജ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
മരിച്ച 49 പേരില്‍ 21 പേരും ഇന്ത്യക്കാരാണ്. മലയാളിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ബിടിസി കമ്പനിയുടെ തൊഴിലാളികള്‍ താമസിക്കുന്ന മംഗഫ് ബ്ലോക്ക് നാലിലാണ് ബുധനാഴ്ച പുലര്‍ച്ചെ തീപിടുത്തമുണ്ടായത്. 195 പേരായിരുന്നു അപകട സമയത്ത് കെട്ടിടത്തിലുണ്ടായിരുന്നത്. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന പാചകശാലയില്‍ നിന്നാണ് തീപിടുത്തമുണ്ടായത് എന്നാണ് നിഗമനം.
എല്ലാവരും ഉറക്കത്തിലായിരുന്നപ്പോഴായിരുന്നു അപകടം എന്നതും ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. 16 മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം കത്തിക്കരിഞ്ഞു. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഡി എന്‍ എ പരിശോധന നടത്തും. അതിനിടെ അപകടത്തില്‍ ഇന്ത്യ നടുക്കം രേഖപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വിദേശ കാര്യ സഹമന്ത്രി കുവൈത്തിലെത്തും. അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ജീവന്‍നഷ്ടമായതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. അപകടത്തില്‍പെട്ടവര്‍ക്ക് അടിയന്തര സഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വിദേശകാര്യ മന്ത്രിയ്ക്ക് കത്തയച്ചിട്ടുണ്ട്.












Click it and Unblock the Notifications