നീലേശ്വരം വെട്ടിക്കെട്ട് അപകടം: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കണ്ണൂർ: നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ സാരമായി പാെള്ളലേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. നാൽപ്പത് ശതമാനത്തിലേറെ പൊള്ളലേറ്റ് വെന്റിലേറ്ററിലായിരുന്ന ചോയ്യോങ്കോട് കിണാവൂർ സന്ദീപ് ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ടാണ് മരണം സ്ഥിരീകരിച്ചത്.
നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്ര കളിയാട്ടത്തിനിടെ പടക്ക ശേഖരത്തിന് തീപിടിച്ചായിരുന്നു കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെയാണ് അപകടം ഉണ്ടായത്. പുലർച്ചെ 12. 15 ഓടെയായിരുന്നു അപകടം. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ട പുറപ്പാട് സമയത്ത് പടക്കം പൊട്ടിച്ചപ്പോൾ തീപ്പൊരി പടക്കം സൂക്ഷിച്ച കെട്ടിടത്തിലേക്ക് വീഴുകയും ഒന്നാകെ പാെട്ടിത്തെറിക്കുകയുമായിരുന്നു.

ക്ഷേത്രമതിലിനോട് ചേർന്നുള്ള ഷീറ്റ് പാകിയ കെട്ടിടത്തിലായിരുന്നു പടക്കം സൂക്ഷിച്ചത്. ഇതിന് സമീപം സ്ത്രീകളും കുട്ടികകളും ഉൾപ്പെടെ ഉള്ള ആളുകൾ തെയ്യം കാണാനായി ഉണ്ടായിരുന്നു. 150 ൽ അധികം പേർക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു. സംഭവത്തിന് പിന്നാലെ നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ ക്ഷേത്ര സമിതി ഭാരവാഹികളടക്കമഉള്ള പ്രതികൾക്ക് ഹോസ്ദുർഗ് കോടതി ജാമ്യം അനുവദിച്ചിരുന്നു,
ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ, സെക്രട്ടറി ഭരതൻ, പടക്കത്തിന് തിരികൊളുത്തിയ പി രാജേഷ് എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്.
രാജേഷ് മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിൽ പടക്കം പൊട്ടിക്കാൻ ഒപ്പമുണ്ടായിരുന്ന കെ വി വിജയൻ എന്നയാളെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇയാൾ റിമാൻഡിലാണ്. പ്രതികൾക്കെതിരെ വധ ശ്രമത്തിനാണ് കേസ് ചുമത്തിയിരിക്കുന്നത്. സ്ഫോടക വസ്തു നിയമപ്രകാരമുള്ള വകുപ്പുകളും ചേർത്തിട്ടുണ്ട്.
പടക്കം സൂക്ഷിച്ചതിന് സമീപത്ത് നിന്ന് തന്നെ പടക്കം പാെട്ടിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക കണ്ടെത്തൽ സംഘാടകർ യാതൊരു സുരക്ഷാ സംവിധാനവും ഒരുക്കിയിരുന്നില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ഓട്ടോ ഡ്രൈവറായിരുന്നു സന്ദീപ്. സി കുഞ്ഞിരാമന്റെയും ചെറുവത്തൂർ കാരിയിലെ എം കെ സാവത്രിയുടെയും മകനാണ്. ഭാര്യ പി വിജില. രണ്ട് കുട്ടികളാണ്.












Click it and Unblock the Notifications