കടലാക്രമണ സാധ്യത; കാസർകോഡ് വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിരോധിച്ചു
കാസർകോഡ്: കാസർഗോഡ് ജില്ലയിലെ തീരപ്രദേശങ്ങളിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിർത്തിവെക്കാൻ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ നിര്‍ദേശം നല്‍കി. ബേക്കല്‍ പള്ളിക്കര ബീച്ച്, ഹൊസ്ദുര്‍ഗ് കൈറ്റ് ബീച്ച്, ചെമ്പരിക്ക, അഴിത്തല, വലിയപറമ്പ കണ്വതീര്‍ത്ഥ ബീച്ചുകള്‍ എന്നിവിടങ്ങളില്‍ വിനോദ സഞ്ചാരികളുടെ പ്രവേശനവും താല്‍ക്കാലികമായി നിരോധിച്ചു.
തീരദേശ പ്രദേശങ്ങളില്‍ അതീവ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശമുണ്ട്. കടലാക്രമണ ബാധിത പ്രദേശങ്ങളില്‍ ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കുന്നതിനായി നേരത്തെ തന്നെ തയ്യാറാക്കിയിട്ടുള്ള സ്ഥാപനങ്ങളുടെയോ സ്‌കൂളുകളുടെയോ അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അധികൃതർക്ക് നിർദ്ദേശം നൽകി. മൂന്ന് ദിവസത്തേക്ക്, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കടലോര മേഖലകളിലേക്ക് വിനോദസഞ്ചാരം അനുവദിക്കില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.

അതേസമയം കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കേരള തീരത്ത് തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഞായറാഴ്ച രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ അതി തീവ്ര തിരമാലകൾ കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. തെക്കൻ തമിഴ്‌നാട് തീരത്ത് തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും നാളെ ( രാത്രി 11.30 വരെ 0.5 മുതൽ 1.8 മീറ്റർ വരെ അതി തീവ്ര തിരമാലകൾക്ക് സാധ്യത ഉണ്ട്.
കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നാണ് മുന്നറിയിപ്പ്. കൂടാതെ കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം, മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം, ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക, മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ എല്ലാ ബീച്ചുകളിൽ നിന്നും ആളുകളെ ഒഴിവാക്കണം, കേരള തീരത്തോട് ചേർന്ന പ്രദേശങ്ങളിൽ വള്ളങ്ങളിലും ചെറിയ യാനങ്ങളിലും ഇന്ന് രാത്രി 08 മണിക്ക് ശേഷം മത്സ്യബന്ധനം നടത്താൻ പാടുള്ളതല്ല., കേരള തീരത്തോട് ചേർന്ന പ്രദേശങ്ങളിൽ ഈ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ പൊഴികളിൽ നിന്നും അഴിമുഖങ്ങളിൽ നിന്നും മത്സ്യബന്ധനത്തിനായി ചെറിയ യാനങ്ങളിൽ കടലിലേക്ക് പുറപ്പെടാൻ പാടുള്ളതല്ലെന്നും വകുപ്പ് നിർദ്ദേശിച്ചു.












Click it and Unblock the Notifications