വിദ്യാർത്ഥിനിക്കെതിരെ ലൈംഗികാതിക്രമം; സസ്പെന്റ് ചെയ്ത അധ്യാപകനെ തിരിച്ചെടുത്ത് കാസർഗോഡ് കേന്ദ്ര സർവ്വകലാശാല
കാസർഗോഡ്: വിദ്യാര്‍ത്ഥിനികളോട് ലൈംഗികാതിക്രമം കാണിച്ചെന്ന പരാതിയിൽ സസ്പെന്റ് ചെയ്ത അധ്യാപകനെ തിരിച്ചെടുത്ത് കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാല. എംഎ ഇംഗ്ലീഷ് വിഭാഗം അസി പ്രൊഫസര്‍ ഇഫ്തിഖര്‍ അഹമ്മദിനെയാണ് തിരിച്ചെടുത്തത്. ഉപാധികളോടെയാണ് നടപടി.
അധ്യാപകനെതിരെ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് സർവ്വകലാശാല വ്യക്തമാക്കി.പരാതി ഉന്നിയച്ച ഒന്നാം വര്‍ഷ ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളുടെ അക്കാദമിക് ചുമതലകളില്‍ ഇടപെടരുതെന്ന് നിർദ്ദേശമുണ്ടെന്നും സർവ്വകലാശാല അറിയിച്ചു. ഈ രണ്ട് ഉപാധികളുടെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചിരിക്കുന്നത്.

വിദ്യാര്‍ത്ഥികളുടെ പരാതിയെ തുടര്‍ന്ന് ഇക്കഴിഞ്ഞ നവംബറിലായിരുന്നു ഇഫ്തിഖറിനെ സസ്പെന്റ് ചെയ്തത്. ഇന്റേണൽ കംപ്ലെയിന്റ് കമ്മിറ്റിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ക്ലാസിൽ തലകറങ്ങി വീണ വിദ്യാർത്ഥിനിയോട് ഇയാൾ ലൈംഗികാതിക്രമം കാണിച്ചെന്നായിരുന്നു വിദ്യാർത്ഥികൾ പരാതിയിൽ പറഞ്ഞത്.
കുട്ടി തലകറങ്ങി വീണപ്പോൾ പരീക്ഷാ ചുതലയുണ്ടായിരുന്ന ഗവേഷണ വിദ്യാർഥി ഉടൻ ഇഫ്തിഖറിനെ വിവരമറിയിച്ചു. ഉടൻ തന്നെ അവിടെ എത്തിയ ഇഫ്തിഖർ വിദ്യാർത്ഥിയുടെ തോളിൽ തട്ടി ഉണർത്താനും പെൺകുട്ടിയെ കൈയ്യിലെടുക്കാനും ശ്രമിച്ചു. കൂടാതെ വെള്ളം മുഖത്ത് തളിച്ച ശേഷം പെൺകുട്ടിയുടെ മുഖമാകെ തഴുകിയെന്നും പരാതിയിൽ പറഞ്ഞിരുന്നു.
പാഠഭാഗങ്ങൾ പഠിപ്പിക്കുമ്പോൾ ലൈംഗിക ചുവയോടെയാണ് സംസാരിക്കാറുള്ളതെന്നും വിദ്യാർത്ഥികൾ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. 31 ഓളം സംഭവങ്ങൾ എടുത്തുപറഞ്ഞുകൊണ്ടായിരുന്നു വിദ്യാർത്ഥികൾ പരാതി കൊടുത്തത്. ക്ലാസിലെ 44 പേരിൽ 33 പേരും പരാതിയിൽ ഒപ്പിട്ടിട്ടുണ്ട്. നവംബർ 15 ന് നൽകിയ പരാതി സർവകലാശാലയിലെ ആഭ്യന്തര പരാതിപരിഹാര കമ്മിറ്റിക്ക് (ഐ സി സി) കൈമാറുകയായിരുന്നു. തുടർന്ന് സമിതിയുടെ അന്വേഷണത്തിനൊടുവിൽ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ് പ്രൊഫ കെ സി ബൈജുവാണ് അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു ഉത്തരവ് പുറത്തിറക്കിയത്.












Click it and Unblock the Notifications