ശബ്ദം നേർത്ത് വന്നു, ആദ്യം രോഗം കണ്ടെത്തിയത് 2015 ൽ; ലക്ഷണങ്ങൾ കാണിക്കാതെ 4 വർഷം, ഒടുവിൽ
കൊച്ചി: കഴിഞ്ഞ വർഷം ജർമ്മിനിയിലേക്ക് വിദഗ്ദ ചികിത്സയ്ക്കായി പോയപ്പോഴായിരുന്നു ഉമ്മൻചാണ്ടിയുടെ രോഗ വിവരം ചർച്ചയായത്. എന്നാൽ 2015 മുതൽ തന്നെ അദ്ദേഹം ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്നു. തുടക്കത്തിൽ ശബ്ദ വ്യത്യാസമായിരുന്നു ശ്രദ്ധയിൽ പെട്ടത്. അന്ന് സോളാർ കേസുമായി ബന്ധപ്പെട്ട ബഹളങ്ങൾ നടക്കുന്ന സമയമായിരുന്നു. അതുകൊണ്ട് തന്നെ ഈ മാനസിക ബുദ്ധിമുട്ടികളാകാം ശബ്ദത്തെ ബാധിച്ചതെന്നായിരുന്നു കുടുംബം കരുതിയത്. എന്നാൽ ശബ്ദവ്യത്യാസം കൂടുതൽ പ്രകടമായതോടെ അദ്ദേഹം ചികിത്സ തേടി.
ഇൻഎൻടി സർജനായ ഡോ ജോൺ പണിക്കറിനടുത്തായിരുന്നു അദ്ദേഹം ചികിത്സയ്ക്കെത്തിയത്. പരിശോധനയിൽ തൊണ്ടയ്ക്കുള്ളിൽ വലത്തേ ശബ്ദനാളിയിൽ പൂപ്പൽ പോലെ തോന്നിക്കുന്നൊരു വളർച്ച കണ്ടത്തിയിരുന്നു. തുടർന്ന് മരുന്ന് നൽകി. മൂന്നാഴ്ച മരുന്ന് കഴിച്ചതോടെ ആ പൂപ്പൽ അപ്രത്യക്ഷമാകുകയും ചെയ്തു. ഇതോടെ അദ്ദേഹം വീണ്ടും തന്റെ രാഷ്ട്രീയ തിരക്കുകളിലേക്ക് നീങ്ങി.

4 വർഷത്തോളം പിന്നീട് യാതൊരു പ്രശ്നവും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. എന്നാൽ വീണ്ടും മുൻപ് സംഭവിച്ചതിന് പോലെ തന്നെ ശബ്ദത്തിൽ വ്യത്യാസം അനുഭവപ്പെടാൻ തുടങ്ങി. രണ്ടാമതും ഡോ പണിക്കറുടെ അടുത്ത് തന്നെ ചികിത്സ തേടി. പരിശോധനയിൽ തൊണ്ടയിൽ ചെറിയ വളർച്ച ശ്രദ്ധയിൽ പെട്ടു. ഉടൻ തന്നെ ബയോപ്സി നടത്താൻ ആവശ്യപ്പെട്ടെങ്കിലും തിരഞ്ഞെടുപ്പ് പ്രചരണം പൂർത്തിയാക്കി വരാമെന്നായിരുന്നത്രേ അദ്ദേഹം ഡോക്ടറോട് പറഞ്ഞത്.
തിരഞ്ഞെടുപ്പ് പ്രചരണത്തിന് ശേഷം അദ്ദേഹം വീണ്ടും ഡോക്ടറുടെ അടുത്തെത്തി. പരിശോധനയിൽ തൊണ്ടയിൽ കാൻസർ വളർച്ചയാണെന്ന് കണ്ടെത്തി. കീമോ തെറാപ്പി ചെയ്യാനായിരുന്നു ഡോക്ടറുടെ നിർദ്ദേശം. കീമോ ആരംഭിക്കാനിരിക്കെ അദ്ദേഹത്തിന് ഡെങ്കിപ്പനി പിടിപ്പെട്ടത് ആരോഗ്യം മോശമാക്കി. ഇതിനിടയിൽ അദ്ദേഹം ആയുർവേദ ചികിത്സയിലേക്ക് മാറി. എന്നാൽ വൈകാതെ തന്നെ വിദഗ്ദ ചികിത്സയ്ക്കായി ജർമ്മിനിയിലേക്ക് പോകുകയായിരുന്നു.

അവിടെ നടത്തിയ പരിശോധനയിൽ കാൻസർ വളർച്ച കാണാനില്ലെന്നാണ് ഡോക്ടർമർ അറിയിച്ചത്. ഇതോടെ നാട്ടിലേക്ക് മടങ്ങി. 2021 ലായിരുന്നു വീണ്ടും ആരോഗ്യം വഷളാകുന്നത്. കൊവിഡ് ബാധിച്ചതിന് പിന്നാലെ അദ്ദേഹത്തിന് വീണ്ടും ശബ്ദ തടസം അനുഭവപ്പെടുകയായിരുന്നു. പരിശോധനയിൽ വലത്തേ ശബ്ദനാളിയിൽ വളർച്ച തിരിച്ചറിഞ്ഞു. ഇതോടെ 2022 നവംബറോടെ വിദഗ്ദ ചികിത്സയ്ക്കായി അദ്ദേഹം ജർമ്മിനിയിലേക്ക് പോയി. ജർമ്മിനിയിലെ ചാരിറ്റി മെഡിക്കൽ യൂനിവേഴ്സിറ്റിയിലായിരുന്ന ചികിത്സ. ഇത് പൂർത്തിയാക്കിയ ശേഷം പിന്നീട് ബംഗളൂരിലെ എച്ച്സിജി ആശുപത്രിയിലേക്ക് മാറ്റി.
തുടർ പരിശോധനയിലാണ് കാൻസർ പടരാൻ തുടങ്ങിയതായി കണ്ടെത്തിയത്. ആരോഗ്യമില്ലാത്തത് കാരണം കീമോ തെറാപ്പി ഒഴിവാക്കുകയായിരുന്നു. പോഷകങ്ങൾ നൽകി ആരോഗ്യം പിടിച്ച് നിർത്താനുള്ള ശ്രമത്തിലായിരുന്നു ഡോക്ടർമാർ. ഇതിനിടയിലാണ് ചൊവ്വാഴ്ച പുലർച്ചയോടെ അന്ത്യം സംഭവിച്ചത്.












Click it and Unblock the Notifications