സിപിഎം തിരുവനന്തപുരം ജില്ല സെക്രട്ടറിയായി എ.എ. റഹീം; വർക്കലയിൽ ജോയി
സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി എ.എ. റഹീം എം.പിയെ നിയോഗിക്കാൻ പാർട്ടി തീരുമാനിച്ചു. നിലവിലെ സെക്രട്ടറിയായിരുന്ന വി. ജോയ് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വർക്കല മണ്ഡലത്തിൽ നിന്ന് സി.പി.എം സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിച്ചതോടെയാണ് ഈ പുതിയ നിയമനം ഉണ്ടായത്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തിൽ ഇന്ന് ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച നിർണ്ണായക തീരുമാനങ്ങൾ കൈക്കൊണ്ടത്.

വർക്കല മണ്ഡലത്തിൽ വി. ജോയിയെ അല്ലാതെ മറ്റൊരു സ്ഥാനാർത്ഥിയെ പരിഗണിക്കുന്നത് മണ്ഡലത്തിലെ വിജയസാധ്യതയെ ബാധിക്കുമെന്ന വിലയിരുത്തൽ പാർട്ടിയിലുണ്ടായിരുന്നു. മണ്ഡലം നിലനിർത്താൻ അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം അനിവാര്യമാണെന്ന പൊതുവികാരം ഉയർന്നതോടെ, ടേം വ്യവസ്ഥയിൽ ഇളവ് നൽകി അദ്ദേഹത്തെ വീണ്ടും മത്സരിപ്പിക്കാൻ പാർട്ടി നേതൃത്വം നിർദ്ദേശിക്കുകയായിരുന്നു. വി. ജോയിയെ കൂടാതെ കടകംപള്ളി സുരേന്ദ്രൻ, ഐ.ബി. സതീഷ്, ഡി.കെ. മുരളി, സി.കെ. ഹരീന്ദ്രൻ, കെ. ആൻസലൻ എന്നിവർക്കും വിജയസാധ്യത കണക്കിലെടുത്ത് ടേം വ്യവസ്ഥയിൽ ഇളവ് നൽകാൻ ധാരണയായിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിൽ സി.പി.എം കഴിഞ്ഞ തവണ മത്സരിച്ച പത്ത് സീറ്റുകളിൽ ഒൻപതിടത്തും സിറ്റിങ് എം.എൽ.എമാരെ തന്നെ നിലനിർത്താനാണ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം അംഗീകാരം നൽകിയത്. വി. ശിവൻകുട്ടി (നേമം), ഒ.എസ്. അംബിക (ആറ്റിങ്ങൽ), ഡി.കെ. മുരളി (വാമനപുരം), കടകംപള്ളി സുരേന്ദ്രൻ (കഴക്കൂട്ടം), വി.കെ. പ്രശാന്ത് (വട്ടിയൂർക്കാവ്), ജി. സ്റ്റീഫൻ (അരുവിക്കര), സി.കെ. ഹരീന്ദ്രൻ (പാറശാല), ഐ.ബി. സതീഷ് (കാട്ടാക്കട), കെ. ആൻസലൻ (നെയ്യാറ്റിൻകര) എന്നിവരാണ് സ്ഥാനാർത്ഥി പട്ടികയിലുള്ളത്. അഞ്ചാം തീയതി ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് പാർട്ടി നേതൃത്വം അറിയിച്ചു.












Click it and Unblock the Notifications