എ, ഐ പോരാട്ടം വിസ്മൃതിയിലേക്ക്: സംസ്ഥാന കോണ്‍ഗ്രസില്‍ ഇത് പുതിയ ഗ്രൂപ്പുകളുടെ കാലം
തിരുവനന്തപുരം: പാർട്ടി പുനഃസംഘടന ഐ എ സി സി നേതൃത്വം ഇടപെട്ട് നിർത്തിവെച്ചതിനെ തുടർന്ന് സംസ്ഥാന കോണ്‍ഗ്രസില്‍ വലിയ തോതിലുള്ള ആസ്വാരസ്യങ്ങളാണ് പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. എന്ത് തന്നെ വന്നാലും പുനഃസംഘടനയുമായി മുന്നോട്ട് പോവണമെന്ന ഉറച്ച നിലപാടിലാണ് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍.
ഏതാനും എംപിമാരുടെ പരാതിയെ തുടർന്നാണ് പുനഃസംഘടന നിർത്തിവെച്ചതെന്നാണ് കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വർ നല്‍കിയ സൂചന. അങ്ങനെയെങ്കില്‍ ആരൊക്കെയാണ് പരാതി നല്‍കിയ ആ എംപിമാരെന്ന് തന്നെ അറിയിക്കണമെന്നാണ് സുധാകരന്‍ ആവശ്യപ്പെടുന്നത്.

സുധാകരന്‍ അനുനയനത്തിന് വഴങ്ങുന്നില്ലെങ്കില്‍ മറുപക്ഷവും കടുത്ത നിലപാടിലേക്ക് പോയേക്കും. വഴങ്ങിയില്ലെങ്കില്‍ പുനഃസംഘടന കഴിയുന്നത്ര വൈകിപ്പിച്ച് സംഘടന തിരഞ്ഞെടുപ്പിലൂടെയോ അതിന് മുമ്പോ അദ്ദേഹം സ്ഥാനമൊഴിഞ്ഞാല്‍ പകരക്കാരനെ നിയമിച്ചോ തിരിച്ചടി നല്‍കാനുള്ള തന്ത്രമാണ് കോണ്‍ഗ്രസിലെ പുതിയ സുധാകര വിരുദ്ധ ചേരി പയറ്റാനൊരുങ്ങുന്നത്.
തകർപ്പന്‍ ഡാന്‍സ് ചുവടുകളുമായി ആര്യ: ഒപ്പം കിടിലന്‍ വൈറല്‍ ചിത്രങ്ങളും

നിലവിലെ പ്രശ്നം പരിഹരിക്കപ്പെട്ടാലും ഇല്ലെങ്കിലും സംസ്ഥാനത്തെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യത്തില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പരമ്പരാഗത എ, ഐ ഗ്രൂപ്പുകളില്‍ വലിയ വിള്ളല്‍ വീഴ്ത്തിക്കൊണ്ടായിരുന്നു പ്രതിപക്ഷ നേതാവ് സ്ഥാനത്ത് വിഡി സതീശനും കെ പി സി സി അധ്യക്ഷ സ്ഥാനത്ത് കെ സുധാകരനും എത്തിയത്.

തിരിച്ചടി നേരിട്ടതോടെ എ യും ഐ യും പിന്നീട് സംയുക്തമായി നീങ്ങുന്ന നിലപാടായിരുന്നു സ്വീകരിച്ചത്. പുനഃസംഘടനയുമായി ബന്ധപ്പെട്ട് ആദ്യമൊക്കെ ശക്തമായ എതിർപ്പ് ഉന്നയിച്ച ഗ്രൂപ്പുകള്‍ പിന്നീട് കെ പി സി സിയുടെ നിലപാടിന് വഴങ്ങുകയായിരുന്നു. എന്നാല്‍ പുതിയ സംഭവ വികാസത്തോടെ സംസ്ഥാനത്തെ ഗ്രൂപ്പ് സമവാക്യങ്ങള്‍ പുതിയ തലത്തിലേക്കും മാറുകയും ചെയ്യുകയാണ്.

എ, ഐ ഗ്രൂപ്പ് എന്നതില്‍ നിന്ന് മാറി എ ഐ സി സി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍-വിഡി സതീശന്‍ നേതൃത്വത്തില്‍ ഒരു ഗ്രൂപ്പും രമേശ് ചെന്നിത്തല, കെ. സുധാകരൻ എന്നിവരുടെ നേതൃത്വത്തില്‍ മറ്റൊരു ഗ്രൂപ്പും എന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോവുന്നത്. പുനഃസംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തിരക്കിട്ട ചർച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഇരുകൂട്ടരും മറുവഴി തേടുന്നുണ്ട്.

പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വിഡി സതീശനും കെ സുധാകരനും തമ്മിലുള്ള ചർച്ച ഉടന്‍ നടക്കും. തർക്കം ഒഴിവാക്കാന്‍ സുധാകരന്‍ തയ്യാറാണ്. എന്നാല്‍ പുനഃസംഘടന ഒഴിവാക്കിക്കൊണ്ടുള്ള ഒരു ഒത്തുതീർപ്പിനും അദ്ദേഹം തയ്യാറല്ല. വേണമെങ്കില്‍ ഡി സി സി ഭാരവാഹികളുടെ എണ്ണത്തില്‍ നേരിയ വർധന അംഗീകരിക്കാനും കെ പി സി സി തയ്യാറാക്കിയ അന്തിമ കരട് പട്ടികയില്‍ ചില വിട്ട് വീഴ്ചകള്‍ക്കും സുധാകരന്‍ തയ്യാറാണ്.

പാർട്ടിയെ പിന്‍വാതിലിലൂടെ കൈപ്പിടിയില്‍ ഒതുക്കുകയെന്ന ലക്ഷ്യത്തോടെ ചിലർ നടത്തുന്ന നീക്കങ്ങള്‍ക്ക് വഴങ്ങാനില്ലെന്ന കൃത്യമായ സൂചനയാണ് കെ സുധാകരന്‍ നല്‍കുന്നത്. നേതൃത്വം ഇനിയും കടുത്ത തീരുമാനം തുടർന്നാല്‍ ഈ നിലയിൽ കെ പി സി സി അധ്യക്ഷനായി തുടരുന്നതിൽ അർഥമില്ലെന്ന കാര്യവും സുധാകരന്‍ എ ഐ സി സിയെ അറിയിച്ചിട്ടുണ്ട്.

കെസി വേണുഗോപാവും വിഡി സതീശനും തന്നെ മറയാക്കി പാർട്ടി പിടിക്കാന്‍ ശ്രമിക്കുന്നുവെന്ന സംശയമാണ് സുധാകരന്‍ അനുകൂലികള്‍ ഉയർത്തുന്നത്. സംഘടനാ തിരഞ്ഞെടുപ്പും നടക്കുന്നുണ്ടെങ്കിലും പുനഃസംഘടനയ്ക്ക് തടസ്സമില്ലെന്നായിരുന്നു ധാരണ. എന്നാല്‍ ഇപ്പോഴത്തെ ഈ അസാധാരണ നീക്കത്തിന് പിന്നില്‍ ചില നീക്കങ്ങള്‍ ഉണ്ടെന്ന് സുധാകരന്‍ അനുകൂലികള്‍ ഉറച്ച് വിശ്വസിക്കുന്നു.












Click it and Unblock the Notifications