തൃക്കാക്കരയിൽ സുധാകരന് പരാജയ ഭീതിയെന്ന് റഹീം, സുധാകരൻ കളള് കുടിച്ച പട്ടിയെ പോലെയെന്ന് ജനീഷ് കുമാർ
കൊച്ചി: തൃക്കാക്കരയിൽ ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം നയിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച കെപിസിസി അധ്യക്ഷൻ കെ സുധാകരനെ രൂക്ഷമായി വിമർശിച്ച് എഎ റഹീം എംപി. മുഖ്യമന്ത്രി ചങ്ങല പൊട്ടിയ നായയെ പോലെ തൃക്കാക്കരയിൽ തേരാപാര നടക്കുകയാണ് എന്നാണ് കെ സുധാകരൻ അധിക്ഷേപിച്ചത്. വിവാദമായതിന് പിന്നാലെ പരാമർശം പിൻവലിച്ച് സുധാകരൻ രംഗത്ത് എത്തിയിരുന്നു. കെ സുധാകരനിൽ നിന്ന് അക്രമവും, അശ്ലീലവുമല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന് റഹീം തുറന്നടിച്ചു. പരാജയഭീതിയും മറുവശത്ത് തനത് സംസ്കാര ശൂന്യതയുമാണ് കെ സുധാകരന്റെ വാക്കുകളിൽ പ്രകടമാകുന്നത് എന്ന് കോന്നി എംഎൽഎ കെയു ജനീഷ് കുമാർ പ്രതികരിച്ചു.
എഎ റഹീമിന്റെ പ്രതികരണം: ''മുഖ്യമന്ത്രിയെ ചെത്തുകാരന്റെ മകനെന്ന് പറഞ്ഞു അധിക്ഷേപിക്കാൻ ശ്രമിച്ച അതേ നാവുകൊണ്ട് തന്നെയാണ് ഇപ്പോൾ വീണ്ടും മലിനമായ വാക്കുകൾ ആവർത്തിക്കുന്നത്. അത്ഭുതമില്ല, സുധാകരനാണ്, ആയുധവും അക്രമവും, അശ്ലീലവുമല്ലാതെ മറ്റൊന്നും അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല. ആധുനിക കേരളം കേൾക്കാൻ ആഗ്രഹിക്കാത്തത് മാത്രമേ ശ്രീ കുമ്പക്കുടി സുധാകരന്റെ മലിനമായ നാക്കിൽ നിന്നും കേൾക്കാൻ കഴിയൂ. വ്യാജഡോക്ടറായ മോൺസൺ മാവുങ്കലിന്റെ മുന്നിൽ ചികിത്സയ്ക്കായി പോയ മഹാനാണ്. എന്തു ചികിത്സയെന്നു കേരളത്തിന് ഇതുവരെ മനസ്സിലായിട്ടുമില്ല.
എനിക്ക് തോന്നിയാൽ ഞാൻ ബിജെപിയിൽ പോകുമെന്ന് പറഞ്ഞയാൾ... ബിജെപിയിൽ പോകാനും തട്ടിപ്പു ഡോക്ടറുടെ മുന്നിൽ ചികിത്സ തേടി പോകാനും പ്രാപ്തമായ മനസും ശരീരവുമാണ് ഖദറിൽ മൂടിക്കെട്ടി വച്ചിരിക്കുന്ന സുധാകരൻ. ഉടയാത്ത ഖദറും കറപുരണ്ട മനസ്സുമാണ് സുധാകരൻ. ധാർഷ്ട്യവും ധിക്കാരവുമാണ് അദ്ദേഹത്തിന്റെ നടപ്പിലും വാക്കിലും. ആരെയെങ്കിലും വെല്ലുവിളിക്കാതെ അദ്ദേഹത്തിന്റെ ഒരു ദിവസവും കടന്നുപോകാറില്ല. ഒരു പരിഷ്‌കൃത സമൂഹത്തിനും ചേരാത്ത രാഷ്ട്രീയ വ്യക്തിത്വമാണ് കെപിസിസി പ്രസിഡന്റിന്റേത്.
തൃക്കാക്കരയിൽ സുധാകരന് പരാജയ ഭീതിയാണ്. ആ ഭീതിയാണ് മുഖ്യമന്ത്രിയ്‌ക്കെതിരെ ഇത്തരം തരം താണ പ്രസ്‍താവന നടത്താൻ കാരണം . ബോധപൂർവ്വം പ്രകോപനം സൃഷ്ടിക്കലുമാണ് ലക്ഷ്യം. കേരളം ഇതെല്ലാം കേൾക്കുന്നുണ്ട് .തൃക്കാക്കരയും കേരളമാകെയും കേൾക്കാൻ ആഗ്രഹിക്കാത്ത മോശമായ ഭാഷാ പ്രയോഗമാണ് കോൺഗ്രസ്സ് നേതാവായ ശ്രീ സുധാകരൻ മുഖ്യമന്ത്രിയ്‌ക്കെതിരെ നടത്തിയത്. ജനഹൃദയങ്ങളിലാണ് സഖാവ് പിണറായി വിജയൻ. സുധാകരന്റെ അധിക്ഷേപത്തിനു തകർക്കാൻ കഴിയില്ല പിണറായി എന്ന കരുത്തിനെ. കേരളത്തിന്റെ കാവലും കരുതലുമാണ് ജനങ്ങളുടെ പ്രിയപ്പെട്ട പിണറായി. തൃക്കാക്കരയിലെ വോട്ടർമാർ സുധാകരന് മറുപടി നൽകും. കേരളം കേൾക്കുന്നുണ്ട്... ഇത് തൃക്കാക്കര കേൾക്കുന്നുണ്ട്.....''

കെയു ജനീഷ് കുമാർ എംഎൽഎയും സുധാകരനെതിരെ രംഗത്ത് വന്നു: '' അലഞ്ഞ് നടക്കുന്ന പട്ടി സുധാകരനാണെന്ന് തൃക്കാക്കരയിലെ ജനം തെളിയിക്കും കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ മാനസിക നില തകർന്നിരിക്കുകയാണ്. അതിനാലാണ് മുഖ്യമന്ത്രിയെ ചങ്ങല പൊട്ടിച്ച പട്ടിയോട് ഉപമിക്കാൻ കെ സുധാകരന് തോന്നുന്നത്. പരാജയഭീതിയും മറുവശത്ത് തനത് സംസ്കാര ശൂന്യതയുമാണ് കെ സുധാകരന്റെ വാക്കുകളിൽ പ്രകടമാകുന്നത്.
കളള് കുടിച്ച പട്ടിയെ പോലെയാണ് കെ പി സി സി പ്രസിഡന്റിന്റെ പെരുമാറ്റം.
സ്വന്തം പ്രസിഡന്റിന് അടിയന്തരമായി വിദഗ്ദ ചികിത്സ നൽകാൻ കോൺഗ്രസ്സ് നേതാക്കൾ തയ്യാറാക്കണം. അദ്ദേഹത്തെ ഈ നിലയിൽ തുറന്നു വിട്ടാൽ എല്ലാ കാലത്തും ജനങ്ങൾ ആത്മ നിയന്ത്രണം പാലിക്കണമെന്നില്ല. അലഞ്ഞ് നടക്കുന്ന പട്ടി സുധാകരൻ ആണെന്ന് തൃക്കാക്കരയിൽ ജനം തെളിയിക്കും. കേരളത്തിൻെറ പ്രിയപ്പെട്ട മുഖ്യമന്ത്രിയെ അങ്ങേയറ്റം നീചമായ ഭാഷയിൽ അപമാനിച്ച കെ സുധാകരന് തൃക്കാക്കരയിലെ പ്രബുദ്ധ ജനങ്ങൾ മറുപടി നൽകും''.












Click it and Unblock the Notifications