'കര്‍ണാടക പൊലീസിന്റെ മുഴുവന്‍ ചെലവും വഹിച്ചു'; കേരള പൊലീസ് സൗജന്യ സുരക്ഷയൊരുക്കിയെന്ന് മദനി
ന്യൂദല്‍ഹി: കേരളത്തില്‍ തങ്ങിയ 12 ദിവസവും കേരളാ പൊലീസ് തനിക്ക് സൗജന്യമായാണ് സുരക്ഷ ഉറപ്പാക്കിയത് എന്ന് ബെംഗളൂരു സ്ഫോടന കേസിലെ പ്രതി അബ്ദുള്‍ നാസര്‍ മദനി. സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അധിക സത്യവാങ്മൂലത്തില്‍ ആണ് മദനി ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം തന്നോടൊപ്പം കേരളത്തിലേക്ക് വന്ന കര്‍ണാടക പൊലീസ് ഉദ്യോഗസ്ഥര്‍ സ്വകാര്യ ഹോട്ടലില്‍ താമസിച്ചതിന്റെ എല്ലാ ചെലവുകളും തനിക്ക് വഹിക്കേണ്ടി വന്നുവെന്നും മദനി പറഞ്ഞു.
സുരക്ഷയ്ക്കായി കര്‍ണാടകാ പൊലീസിന് 6.76 ലക്ഷം രൂപ നല്‍കിയിരുന്നു. ഇതിന് പുറമെയാണ് ഈ ചെലവ് വഹിക്കേണ്ടി വന്നത് എന്ന് മദനി ത്യവാങ്മൂലത്തില്‍ പറയുന്നു. ജൂണ്‍ 26 മുതല്‍ ജൂലായ് ഏഴ് വരെ വരെയായിരുന്നു മദനി കേരളത്തില്‍ ചെലവഴിച്ചത്. അസുഖബാധിതനായ പിതാവിനെ കാണാനാണ് അബ്ദുള്‍ നാസര്‍ മദനിക്ക് കേരളത്തില്‍ പോകാന്‍ സുപ്രീം കോടതി അനുമതി നല്‍കിയിരുന്നത്.

എന്നാല്‍ കേരളത്തില്‍ എത്തിയ ഉടന്‍ ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ച മദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഈ കാലയളവില്‍ സുരക്ഷയ്ക്കായി പണം നല്‍കിയതിനൊപ്പം ഒപ്പമുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ താമസം, ഭക്ഷണം എന്നിവയുടെ ചെലവ് തനിക്ക് വഹിക്കേണ്ടി വന്നു എന്നാണ് മദനി പറയുന്നത്. തനിക്ക് സുരക്ഷ ഉറപ്പാക്കാന്‍ വന്ന കര്‍ണാടക പൊലീസ് ഉദ്യോഗസ്ഥര്‍ സ്വകാര്യ ഹോട്ടലുകളിലാണ് താമസിച്ചത് എന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടക പൊലീസിനെ കൂടാതെ കേരള പൊലീസും തനിക്ക് സുരക്ഷ നല്‍കിയിരുന്നു എന്നും എന്നാല്‍ അത് തികച്ചും സൗജന്യം ആയിരുന്നുവെന്നും മദനി വ്യക്തമാക്കി. കേരളത്തില്‍ എത്തിയ ദിവസം തന്നെ ആശുപത്രിയില്‍ പ്രവേശിച്ചിപ്പിച്ചതിനാല്‍ പിതാവിനെ കാണാതെ മടങ്ങേണ്ടി വന്നെന്നും മദനി സത്യവാങ്മൂലത്തില്‍ പറഞ്ഞു. വൃക്ക മാറ്റിവെക്കല്‍ ഉള്‍പ്പടെ വേണ്ടിവരും എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുകയാണ്.
ഈ സാഹചര്യത്തില്‍ നാട്ടില്‍ ചികിത്സയ്ക്ക് വിധേയമാകാന്‍ അനുവദിക്കണം എന്നും എല്ലാ ബന്ധുക്കളും കേരളത്തിലാണുള്ളത് എന്നും മദനി പറഞ്ഞു. ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ച് കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണം എന്നും അധിക സത്യവാങ്മൂലത്തില്‍ അബ്ദുള്‍ നാസര്‍ മദനി ആവശ്യപ്പെട്ടു. ഇനി പോകുമ്പോള്‍ സുരക്ഷാച്ചുമതല കേരളാ പൊലീസിന് നല്‍കണമെന്നും മദനി പറഞ്ഞു. മദനിയുടെ ആവശ്യം തിങ്കളാഴ്ചയാണ് സുപ്രീം കോടതി പരിഗണിക്കുക.












Click it and Unblock the Notifications