ഭാരത് ജോഡോ യാത്രയില്‍ ധീരജ് വധക്കേസിലെ പ്രതിയും: രാജകുമാരന്റെ യാത്ര ഇതിനാണോയെന്ന് എസ്എഫ്ഐ
തിരുവനന്തപുരം: രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയില്‍ ഇടുക്കി എഞ്ചിനീയറിങ് കോളേജിലെ വിദ്യാർത്ഥി ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി നിഖില്‍ പൈലിയും. യാത്രയില്‍ പങ്കെടുത്ത് രാഹുല്‍ ഗാന്ധിക്കൊപ്പം സഞ്ചരിക്കുന്ന നിഖില്‍ പൈലിയുടെ ഫോട്ടോയും ഇദ്ദഹത്തിനൊപ്പമുള്ള മറ്റ് അണികളുടേയും ഫോട്ടോയും പുറത്ത് വന്നിട്ടുണ്ട്. ഇതോടെ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ഇടത് കേന്ദ്രങ്ങള്‍ രംഗത്തെത്തി. സൈബർ ഇടത്തും വിമർശനം ശക്തമാണ്.

ഭാരത് ജോഡോ യാത്രയെ കൊടും ക്രിമിനലുകൾക്ക് പരവതാനി വിരിക്കുന്ന രാഹുൽ യാത്രയെന്നാണ് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ വിമർശിക്കുന്നത്. ധീരജിനെ കൊലപ്പെടുത്തിയതാണ് കോൺഗ്രസുകാർക്ക് അഭിമാനം തോന്നുന്ന കാര്യമെന്നും അയാളെയാണ് കോൺഗ്രസിന്റെ രാജകുമാരൻ നയിക്കുന്ന ജാഥയിൽ ആനയിക്കുന്നതെന്നും ആർഷോ ഫേസ്ബുക്ക് കുറിപ്പിലൂടെ വിമർശിച്ചു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

കൊടും ക്രിമിനലുകൾക്ക് പരവതാനി വിരിക്കുന്ന രാഹുൽ യാത്ര. സഖാവ് ധീരജ് എന്ന പേര് കേരള മനഃസാക്ഷിയുടെ മരവിക്കാത്ത ഓർമകളിൽ നിന്ന് മായാറായിട്ടില്ല. ഇടുക്കിയിൽ എഞ്ചിനിയറിങ്ങ് കോളേജിൽ നിന്ന് എസ് എഫ് ഐയുടെ തൂവെള്ള കൊടി പിടിച്ചു എന്ന ഒറ്റ കാരണത്താൽ കെ എസ് യു - യൂത്ത് കോൺഗ്രസ് കൊടും ക്രിമിനലുകൾ ഇട നെഞ്ചിൽ കത്തിയിറക്കി കൊന്ന് കളഞ്ഞ ധീരജിനേയും പാവപ്പെട്ട കുടുംബാഗങ്ങളെയും അധിക്ഷേപിക്കുന്ന നിലപാടാണ് കോൺഗ്രസ് പാർടി തുടർന്ന് സ്വീകരിച്ചത്.

ഇപ്പോഴിതാ ഒരു പടി കൂടി കടന്ന് സ. ധീരജ് വധക്കേസിലെ ജാമ്യത്തിലിറങ്ങിയ ഒന്നാം പ്രതി നിഖിൽ പൈലി രാഹുൽ ഗാന്ധിയുടെ ജാഥയിൽ സാനിധ്യമായി മുന്നിൽ നിന്ന് തന്നെ അനുഗമിക്കുന്നു. യൂത്ത് കോൺഗ്രസ് - വനിതാ കോൺഗ്രസ് നേതാക്കൾ അയാളുമൊത്തുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി അഭിമാനത്തോടെ പ്രചരിപ്പിക്കുന്നു. 19 വയസുകാരൻ എസ് എഫ് ഐ പ്രവർത്തകനെ കുത്തി കൊലപ്പെടുത്തിയതാണ് കോൺഗ്രസ് നേതാക്കൾക്ക് അഭിമാനം തോന്നുന്ന കാര്യം.

അയാളെയാണ് കോൺഗ്രസിന്റെ രാജകുമാരൻ നയിക്കുന്ന ജാഥയിൽ ആനയിക്കുന്നത്. ബി ജെ പിക്കെതിരെ എന്ന് പറഞ്ഞു രാഹുൽ ഗാന്ധി നയിക്കുന്ന യാത്രയുടെ യഥാർത്ഥ ലക്ഷ്യം കോൺഗ്രസിലെ കൊലപാതകികൾക്ക് പൊതു സ്വീകാര്യതയുണ്ടാക്കി കൊടുക്കാനാണോ എന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കണം. രാജ്യത്തെ ജനാധിപത്യ പൊതു സാമൂഹത്തിന്റെ മുഖത്ത് തുപ്പി കൊണ്ടുള്ള ഈ പേകൂത്തുകളുടെ ഉത്തരവാദിത്വം കൂടി രാഹുൽ ഗാന്ധി ഏറ്റെടുക്കുന്നുണ്ടോ എന്ന് കൂടി അദ്ദേഹം വിശദമാക്കണം.

ഡിവൈഎഫ്ഐ നേതാവ് വികെ സനോജും സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഇടുക്കി എഞ്ചിനിയറിങ് കോളേജിൽ ക്രൂരമായി കൊലചെയ്യപ്പെട്ട പത്തൊൻപത് വയസ്സുള്ള വിദ്യാർത്ഥി സ:ധീരജിന്റെ മുഖം ഓർമയിൽ നിന്ന് മാഞ്ഞിട്ടില്ല.അവന്റ കുടുംബത്തിന്റെയും നാടിന്റെയും കണ്ണീര് തോർന്നിട്ടുമില്ല. എന്നിട്ടും മനസാക്ഷിയെ മരവിപ്പിക്കുന്ന നിലയിൽ ക്രൂരമായി കുത്തി വീഴ്ത്തി കൊന്ന് കളഞ്ഞ ആ കുഞ്ഞിനെയും കുടുംബത്തെയും തുടർച്ചയായി അധിക്ഷേപിക്കുന്ന നിലപാടാണ് കോൺഗ്രസ് നേതൃത്വം തുടർച്ചയായി സ്വീകരിച്ചതെന്നാണ് വികെ സനോജ് ഫേസ്ബുക്കില്‍ കുറിച്ചത്.

ഇപ്പോഴിതാ ധീരജ് വധ കേസിലെ ജാമ്യത്തിലിറങ്ങിയ ഒന്നാം പ്രതിയും യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റുമായ നിഖിൽ പൈലി രാഹുൽ ഗാന്ധിയുടെ യാത്രയുടെ സ്ഥിര സാനിദ്ധ്യമായി കൂടെ സഞ്ചരിക്കുന്നു. മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മുതൽ യൂത്ത് കോൺഗ്രസ് നേതാക്കൾ വരെ ഫോട്ടോയെടുത്ത് അഭിമാനത്തോടെ സോഷ്യൽ മീഡിയയിൽ പങ്ക് വെക്കുന്നു. മുഖ്യധാരാ മാധ്യമങ്ങളും അവർ സൃഷ്ടിച്ച പൊതുബോധവും വിഷമങ്ങളില്ലാതെ അത് കണ്ട് നിൽക്കുന്നു.

കൊലക്കേസ് പ്രതികളായ വിചാരണ നേരിടുന്ന കൊടും ക്രിമിനലുകൾക്ക് പൊതു സ്വീകാര്യത ഉണ്ടാക്കി കൊടുക്കാനാണോ രാഹുൽ ഗാന്ധി യാത്ര നടത്തുന്നതെന്ന് വ്യക്തമാക്കണം. ഒരു വിദ്യാർത്ഥി പ്രവർത്തകനെ ക്രൂരമായി കൊന്ന് കളഞ്ഞ ക്രിമിനലിനെ തന്റെ യാത്രയുടെ ഭാഗമാക്കി എന്ത് സന്ദേശമാണ് നൽകുന്നതെന്ന് രാഹുൽ ഗാന്ധിയും കോൺഗ്രസ് നേത്വത്വവും വിശദീകരിക്കണം. ധീരജിന്റെ കുടുംബത്തിന് നേരെയും പൊതു സമൂഹത്തിന് നേരെയുമുള്ള ഈ വെല്ലു വിളി രാഹുൽ ഗാന്ധി ഇടപെട്ട് തിരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications