അലന്‍സിയര്‍ കടന്നുപിടിച്ചു, അമ്മ നടപടിയെടുത്തില്ല; നടന്‍ ഇപ്പോഴും സജീവമെന്ന് ദിവ്യ ഗോപിനാഥ്
കൊച്ചി: താരസംഘടനയായ അമ്മയ്‌ക്കെതിരെ നടി ദിവ്യ ഗോപിനാഥ്. നടന്‍ അലന്‍സിയറിനെതിരെയാണ് ഗുരുതരമായ ആരോപണം നടി ഉന്നയിച്ചിരിക്കുന്നത്. ആഭാസം എന്ന സിനിമയുടെ സെറ്റില്‍ വെച്ച് അലന്‍സിയര്‍ മോശമായി പെരുമാറിയെന്നാണ് ദിവ്യ ആരോപിക്കുന്നത്. 2018ല്‍ തന്നെ താരസംഘടനയായ അമ്മയില്‍ പരാതി നല്‍കിയിരുന്നു.
എന്നാല്‍ സംഘടന നടപടിയെടുത്തില്ലെന്നും നടി പറഞ്ഞു. തന്റെ പരാതിയില്‍ ഇതുവരെ മറുപടി പോലും അമ്മ നല്‍കിയിട്ടില്ലെന്നും ദിവ്യ ഗോപിനാഥ് വ്യക്തമാക്കി. അലയന്‍സിയര്‍ തന്നെ കടന്നുപിടിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. ഹേമ കമ്മിറ്റിയിലും ദിവ്യ മൊഴി നല്‍കിയിരുന്നു.

പരാതി വരുന്ന സമയത്ത് ഔദ്യോഗിക സ്ഥാനത്ത് നിന്ന് മാറിനിന്ന് ആ പരാതിയില്‍ നടപടികള്‍ സ്വീകരിക്കേണ്ടത് സിസ്റ്റത്തിന് ആവശ്യമാണ്. അമ്മയില്‍ പരാതി കൊടുത്തപ്പോഴും അവരോട് ചോദിച്ചത് എന്ത് നടപടിയാണ് നിങ്ങളുടെ അംഗമായ വ്യക്തിക്കെതിരെ സ്വീകരിക്കുക എന്നായിരുന്നു. ഈ തുറന്നുപറച്ചില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തോളം ബാധിച്ചു.
പരാതി ലഭിച്ചയാള്‍ ഇന്നും സിനിമയില്‍ സജീവമാവുകയും, അംഗീകാരങ്ങള്‍ ലഭിക്കുകയും ചെയ്യുമ്പോള്‍ ഞാന്‍ അവസരങ്ങള്‍ നഷ്ടമായി ജീവിക്കുകയാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി പേര്‍ മാറ്റങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നുണ്ട്. അതില്‍ സന്തോഷം. അലയന്‍സിയര്‍ ചെയ്ത തെറ്റ് സമ്മതിച്ചതാണ്. അസോസിയേഷന്‍ ഇതില്‍ എന്ത് നടപടിയാണ് എടുത്തതെന്ന് സ്വയം ചോദിക്കണമെന്നും ദിവ്യ ഗോപിനാഥ് പറഞ്ഞു.
2018ല്‍ ഇതേ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ 2024 ആയിട്ടും എന്ത് മാറ്റമാണ് ഉണ്ടായിരിക്കുന്നത്. വോട്ടക്കാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുകയും, നമ്മള്‍ ആഗ്രഹിച്ച തൊഴിലിടങ്ങളില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരികയുമാണ്. നിങ്ങളെ കൊണ്ട് പറ്റില്ലെങ്കില്‍ മാറിക്കോളൂ എന്നാണ് പലരും പറയുന്നത്. അതിക്രമം നേരിട്ടവര്‍ മാറി നില്‍ക്കണമെന്നാണ് ഇവരെല്ലാം പ്രതീക്ഷിക്കുന്നത്. നമ്മള്‍ മാറണം, ഇവര്‍ മാറാതിരിക്കുക എന്നാണ് അവസ്ഥ.
എനിക്ക് അതിക്രമം നേരിടേണ്ടി വന്നയാളോട് പ്രതികരിച്ചു. ധൈര്യത്തോടെ പുറം ലോകത്തോട് പറയാനാവുന്നത് അതുകൊണ്ടാണ്. പ്രതികരിച്ച ഉടന് അയാള്‍ ഇറങ്ങിപ്പോയെങ്കില്‍ ആ സിനിമയില്‍ പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നു. എന്റെ നാലാമത്തെ മാത്രം സിനിമയായിരുന്നു അത്. അയാള്‍ സിനിമയില്‍ സജീവമായി നില്‍ക്കുന്ന വ്യക്തിയായത് കൊണ്ട് ബുദ്ധിമുട്ടിക്കുക എളുപ്പവുമായിരുന്നു.
സിനിമയിലെ ഭൂരിഭാഗം കഴിഞ്ഞത് കൊണ്ട് മാറ്റിനിര്‍ത്താന്‍ സാധിച്ചില്ലെന്നും ദിവ്യ ഗോപിനാഥ് പറഞ്ഞു. ഒരു തൊഴിലിടത്തിനെ വൃത്തിയാക്കാനാണ് ശ്രമിക്കുക. ശബ്ദമുയര്‍ത്തിയാല്‍ മാത്രമേ മാറ്റങ്ങളുണ്ടാവൂ. ലൈംഗിക ചൂഷണങ്ങള്‍ മാത്രമല്ല, ജോലി ചെയ്യുന്ന സ്ഥലത്ത് പരസ്പരം ബഹുമാനമുണ്ടാവുക, അര്‍ഹിക്കുന്ന വേതനം നല്‍കുക, അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക എന്നിവയെല്ലാം സിനിമയ്ക്ക് വേണ്ടിയുള്ള പോരാട്ടമാണെന്നും നടി പറഞ്ഞു.












Click it and Unblock the Notifications