'മേജർ ശസ്ത്രക്രിയ ഉണ്ട്, മുന്നോട്ട് പോകുമെന്നാണ് വിചാരിക്കുന്നത്, പ്രാർത്ഥിക്കണം'; വീഡിയോയുമായി ബാല
മാർച്ച് ആദ്യവാരത്തോടെയായിരുന്നു ഗുരുതര ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് നടൻ ബാലയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കരൾരോഗവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ചികിത്സ തേടിയതെന്ന് നടനോട് അടുത്ത വൃത്തങ്ങൾ പിന്നീട് അറിയിക്കുകയായിരുന്നു. ഇപ്പോഴും ചികിത്സയുമായി ആശുപത്രിയിൽ തന്നെ തുടരുകയാണ് ബാല.
അതിനിടെ ആശുപത്രിയിൽ വെച്ച് തന്റെ രണ്ടാം വിവാഹ വാർഷികം ആഘോഷിക്കുന്ന വീഡിയോ ഇപ്പോൾ ബാല പങ്കുവെച്ചിട്ടുണ്ട്. തന്റെ അസുഖത്തെ കുറിച്ചും ശസ്ത്രക്രിയയെ കുറിച്ചും വീഡിയോയിൽ ബാല പറയുന്നുണ്ട്. മാത്രമല്ല തനിക്ക് വേണ്ടി പ്രാർത്ഥിച്ചവർക്ക് എല്ലാ നന്ദിയും അറിയിക്കുകയാണെന്നും വീഡിയോയിൽ ബാല പറയുന്നു. നടന്റെ വാക്കുകളിലേക്ക്

'എല്ലാവർക്കും നമസ്കാരം. ആശുപത്രിയിൽ വന്നിച്ച് ഏകദേശം ഒരുമാസം ആയി. എലിസബത്തിന്റെ നിർബന്ധപ്രകാരം വന്നതാണ്. ഞാൻ അഡ്മിറ്റാണ്. എല്ലാവരുടെയും പ്രാർത്ഥന കൊണ്ട് വീണ്ടും വരികയാണ്. ഇനി ഒരു രണ്ടു മൂന്നു ദിവസം കഴിഞ്ഞാൽ മേജർ ശസ്ത്രക്രിയയുണ്ട്. മരണ സാധ്യതയുണ്ട്. എന്നാൽ രക്ഷപ്പെടാനുള്ള സാധ്യതയാണ് കൂടുതലാണ്. നിങ്ങളുടെ പ്രാർത്ഥന കൊണ്ട് മുന്നോട്ടുപോകുമെന്ന് വിചാരിക്കുന്നു. നെഗറ്റീവ് ആയി ഒന്നും ചിന്തിക്കുന്നില്ല. എനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി പറയുന്നു.
ഓപ്പറേഷന് വേണ്ടി ഒപ്പിടാൻ വേണ്ടി വന്നത് ചിറ്റപ്പനും ചിറ്റമ്മയുമാണ്. അമ്മയ്ക്കും അച്ഛനും വരാൻ സാധിച്ചിട്ടില്ല. ഈ വിശേഷ ദിനം ആഘോഷിക്കണമെന്ന് എലിസബത്തിന് ഭയങ്കര നിർബന്ധമായിരുന്നു. ഞാൻ പറഞ്ഞു, എന്തായാലും ദൈവമാണ് തീരുമാനിക്കുന്നത്. അത് ജനനമായാലും മരണമായാലും', ബാല പറഞ്ഞു.

ഇനി എന്തെങ്കിലും സംഭവിച്ചാൽ അടുത്ത വിവാഹം ഒരു നടനെ വേണ്ട, ഒരു ഡോക്ടറുമായി മതിയെന്നും കേക്ക് മുറിച്ച് നൽകുന്നതിനിടയിൽ എലിസബത്തിനോടായി ബാല പറയുന്നുണ്ട്. അതേസമയം അടുത്ത വിവാഹ വാർഷികാഘോഷം ഞങ്ങൾ ഒരുമിച്ച് ഡാൻസ് കളിച്ച് ആഘോഷിക്കുമെന്നായിരുന്നു എലിസബത്ത് പറഞ്ഞത്.
ഗായിക അമൃതയുമായി വിവാഹം വേർപിരിഞ്ഞതിന് പിന്നാലെയായിരുന്നു ഡോക്ടറായ എലിസബത്തിനെ ബാല വിവാഹം കഴിച്ചത്. തൃശ്ശൂർ സ്വദേശിയാണ് എലിസബത്ത്. അതേസമയം ബാല ആശുപത്രിയിൽ ആയതിന് പിന്നാലെ മുൻ ഭാര്യയും അമൃതയുടെ പങ്കാളിയുമായി സംഗീത സംവിധായകൻ ഗോപി സുന്ദറും ബാലയെ കാണാൻ ആശുപത്രിയിൽ എത്തിയിരുന്നു. തന്റെ മകളെ കാണണമെന്ന ആവശ്യം ബാല അറിയിച്ചതോടെ മകൾ അവന്തികയേയും കൂട്ടിയായിരുന്നു അമൃത ആശുപത്രിയിൽ എത്തിയത്.
ഏറെ നേരം ബാല മകൾക്കൊപ്പം ചെലവിട്ടിരുന്നതായി ബന്ധുക്കൾ അറിയിച്ചിരുന്നു. രണ്ട് തവണയായി ഐസിയുവിലേക്ക് മകളെ എത്തിച്ച് സംസാരിച്ചുവെന്നായിരുന്നു അമൃതയുടെ സഹോദരി അഭിരാമി സുരേഷ് അറിയിച്ചത്. മാത്രമല്ല അമൃതയും ബാലയുമായി സംസാരിച്ചിരുന്നുവെന്നും ആശുപത്രിയിൽ ഏറെ നേരം ഉണ്ടായിരുന്നുവെന്നും ബന്ധുക്കൾ അറിയിച്ചിരുന്നു.
ബാല ഉടൻ കരൾ മാറ്റൽ ശസ്ത്രക്രിയയ്ക്ക് വിധേയമാകുമെന്നാണ് റിപ്പോർട്ടുകൾ. സിറോസിസ് ബാധിച്ച കരൾ മാറ്റി വെയ്ക്കുന്നതാണ് നല്ലതെന്ന് കരൾ രോഗ വിദഗ്ദനും ബാലയെ ചികിത്സിച്ച ഡോക്ടറുമായ സുധീന്ദ്രൻ വ്യക്തമാക്കിയിരുന്നു. വർഷങ്ങളോളം ഉള്ള പ്രശ്നമായത് കൊണ്ട് മരുന്നിലൂടെ മാറ്റിയെടുക്കുക പ്രയാസമാണ്. അത്തരം സന്ദർഭങ്ങളിൽ ശസ്ത്രക്രിയ തന്നെയാണഅ നല്ലതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ അവസ്ഥ അൽപം ക്രിട്ടിക്കലായിരുന്നുവെന്നും ഡോക്ടർ അറിയിച്ചിരുന്നു. ബിലിറൂബിന്റെ അളവ് വളരെ കൂടുതൽ ആയിരുന്നു. രക്തം കട്ടപിടിക്കുന്നതിന് സമയം എടുത്തിരുന്നു. ലിവറിന്റെ 20 - 30 പെർസെന്റ് ഫങ്ക്ഷന് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നാണ് ഡോക്ടർ പറഞ്ഞത്. പിന്നീട് നടൻ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും സ്ഥിതി സ്റ്റേബിൾ ആണെന്നും ഡോക്ടർമാർ അറിയിച്ചിരുന്നു.












Click it and Unblock the Notifications