Get Updates
Get notified of breaking news, exclusive insights, and must-see stories!

കടക്ക് മുന്നില്‍ കുത്തിയ കൊടി കത്തിച്ച കൊച്ചിന്‍ ഹനീഫ: അന്ന് നടന്നത്, എം എം ലോറൻസിന്റെ കുറിപ്പ്

ശക്തനായ തൊഴിലാളി സംഘടനാ നേതാവും മുതിർന്ന സിപിഎം നേതാവുമായ എംഎം ലോറന്‍സ് കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. വിവിധ തലങ്ങളിലെ തൊഴിലാളികളെ അണിനിരത്തി എണ്ണിയാല്‍ ഒതുങ്ങാത്ത സമരപരമ്പരകള്‍ക്ക് നേതൃത്വം നല്‍കിയ തൊഴിലാളി നേതാവാണ് എംഎം ലോറന്‍സ്. തന്റെ സമര ജീവിതത്തിന് ഇടയില്‍ കൊച്ചിന്‍ ഹനീഫയുമായി ബന്ധപ്പെട്ട ഒരു ഏടിനെക്കുറിച്ച് എംഎം ലോറന്‍സ് തന്നെ തന്റെ ഫേസ്ബുക്കില്‍ നേരത്തെ കുറിച്ചിരുന്നു.

അന്ന് കൊച്ചിന്‍ ഹനീഫ സിനിമ നടനൊന്നും അല്ല. കൊച്ചിയിൽ ചുമട്ടുതൊഴിലാളി സമരം നടക്കുന്ന കാലത്ത് ജ്യു സ്ട്രീറ്റും മാര്‍ക്കറ്റ് റോഡും ചേരുന്ന മാര്‍ക്കറ്റ് റോഡ് ജംഷനിലെ കടകളുടെ മുന്‍പിൽ സമരക്കാര്‍ കൊടി കുത്തിയിരുന്നു. ഈ കൊടികളില്‍ ഒന്ന് ഹനീഫ എടുത്ത് കത്തിച്ചതാണ് പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയത്. എംഎം ലോറന്‍സ് നേരത്തെ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ..

haneefa-lawrence-

ചുമട്ടുതൊഴിലാളി സമരവും കൊച്ചിന്‍ ഹനീഫയും.

1970ല്‍ ആണ് സി ഐ ടി യു രൂപീകരിച്ചത്. സി ഐ ടി യു രൂപീകൃതമാകുന്നതിന് മുന്‍പ് (വര്‍ഷം കൃത്യമായി ഓര്‍ക്കുന്നില്ല. പാര്‍ട്ടി രണ്ടാകുന്നതിനു മുന്‍പ് ആണെന്നാണ് ഓര്‍മ്മ) ചുമട്ടുതൊഴിലാളികളെ എറണാകുളത് സംഘടിപ്പിക്കുന്നത് ഞാനും കെ എ പുഷ്പാകരന്‍ തുടങ്ങിയവര്‍ പ്രധാനമായും മുന്‍കൈ എടുത്താണ്. ഞാന്‍ പ്രെസിന്‍ഡന്റും പുഷ്പകരന്‍ സെക്രട്ടറിയുമായി ഒരു യൂണിയന്‍ രൂപീകരിച്ചു. സംസ്ഥാനത്ത് ആദ്യമായി രൂപികരിച്ച ചുമട്ട്തൊഴിലാളി സംഘന എറണാകുളത്തുണ്ടാക്കിയ ആ യൂണിയന്‍ ആയിരുന്നു. ഇന്ത്യയില്‍ മറ്റെവിടെയെങ്കിലും അതിന് മുമ്പ് ചുമട്ടുതൊഴിലാളി സംഘന ഉണ്ടായിരുന്നോ എന്ന് അറിയില്ല.

സംഘന അതിവേഗത്തില്‍ വളര്‍ന്നുകൊണ്ടിരുന്നു. പലവിധത്തിലുള്ള ചരക്കുകള്‍ ആണ് ചുമട്ടു തൊഴിലാളികള്‍ കൈകാര്യം ചെയ്തിരുന്നത്. കടകളുമായി ബന്ധപ്പെട്ട് സ്ഥിരമായി ജോലി ചെയ്യുന്ന ചുമട്ട് തൊഴിലാളികളും അല്ലാത്ത വിഭാഗം തൊഴിലാളികളും ഉണ്ടായിരുന്നു. സ്ഥിരം ഒരേ കടകളുമായി ബന്ധപ്പെട്ട് ചെയ്യുന്നവരുടെ ജോലിയില്‍ മറ്റുള്ളവര്‍ വന്ന് കൈയ്യടക്കാന്‍ യൂണിയന്‍ അനുവദിച്ചിരുന്നില്ല.

ഇതിനിടയ്ക്ക് സംഘന ശക്തി പ്രാപിച്ച സ്ഥിതിയില്‍, വിവിധതരം പണികള്‍ക്ക് ( വിവിധതരം ഉല്‍പന്നങ്ങളുടെ പൊതു സ്വഭാവം അനുസരിച്ചു സബ് കമ്മിറ്റികളും ഉണ്ടാക്കിയിരുന്നു. ഉദ: ഇരുമ്പിന്റെ ജോലി ചെയ്യുന്നവരുടെ സ്ഥിതിയല്ല തുണിക്കടകളില്‍ ജോലി ചെയ്യുന്നവര്‍ക്ക്, അതേ സ്ഥിതിയല്ല പലചരക്ക് കടകളില്‍ ചുമട് ജോലി ചെയ്യുന്നവര്‍ക്.

ഈ വ്യതാസം അനുസരിച്ച് ആയിരുന്നു സബ് കമ്മിറ്റകള്‍ രൂപികരിക്കപ്പെട്ടത് ) വ്യത്യസ്ത തോതില്‍ കൂലി വര്‍ധനവിനുള്ള ആവശ്യം യൂണിയന്‍ ഉന്നയിച്ചു. ഈ ആവശ്യം അംഗീകരിക്കാന്‍ കട ഉടമകള്‍ തയ്യാറായില്ല. കൂടിയാലോചനകള്‍ പരാജയപ്പെട്ടു. അതിനെത്തുടര്‍ന്ന് പണിമുടക്കുവാന്‍ തീരുമാനം എടുത്തു. പ്രസ്താവനയും അടിച്ചിറക്കി. പണിമുടക്കിന്റെ മുന്നോടിയായി യൂണിയന്റെ ചെങ്കൊടി കടകളുടെ മുന്‍പാകെ ഉയര്‍ത്തി.

ഈ സമയത്ത് ജ്യു സ്ട്രീറ്റും മാര്‍ക്കറ്റ് റോഡും ചേരുന്ന മാര്‍ക്കറ്റ് റോഡ് ജംഷനിലെ കടകളുടെ മുന്‍പിലും കൊടി കുത്തിയിരുന്നു. അതില്‍ ഒരു കട നടത്തിയിരുന്നത് പിന്നീട് വലിയ സിനിമാ നടന്‍ ആയി തീര്‍ന്ന കൊച്ചിന്‍ ഹനീഫയും അദ്ദേഹത്തിന്റ് കുടുംബത്തില്‍പെട്ടവരും ആയിരുന്നു. അന്ന് ഹനീഫ നടനല്ല. ചില നാടകത്തിലും മറ്റും അഭിനയിച്ചിട്ടുണ്ട് എന്നാണ് കേട്ടത്. സ്ഥിരമായി ജിംനേഷ്യത്തില്‍ പോകുന്ന ആള്‍ ആയിരുന്നു. ചില ആളുകള്‍ ഹനീഫയെ ഒരു ഗുണ്ടയായിട്ടും കണക്കാക്കിയിരുന്നു. തന്റെ കടയുടെ മുന്നില്‍ കൊടി കുത്തിയത് ഹനീഫയെ രോക്ഷം കൊള്ളിച്ചു.

ഞാന്‍ അന്ന് തോട്ടെക്കാട്ടു റോഡിലെ ഒരു വീട്ടില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു. ഒരു രാത്രിയില്‍ ഏതാണ്ട് പത്തു മണിയോടെ പടിക്കല്‍ ആരോ മുട്ടി. ആരാണ് എന്ന് ചോദിച്ചപ്പോള്‍ 'ഞാനാണ്' എന്ന് വളരെ ഭവ്യതയോടെ മുട്ടിയ ആള്‍ പ്രതികരിച്ചു. തുറന്നു വരാന്‍ പറഞ്ഞപ്പോള്‍ 'പട്ടിയുണ്ടോ' എന്ന് ചോദിച്ചു. പട്ടിയെ ഞാന്‍ പൂട്ടിയേക്കാം എന്ന് പറഞ്ഞു പുറത്തിറങ്ങി പട്ടിയെ പൂട്ടിയപ്പോള്‍ എന്നെ കാണാന്‍ വന്നയാള്‍ മുറ്റത്തു വീടിന്റെ വാതില്‍ക്കല്‍ വന്നു. അയാള്‍ ധരിച്ചിരുന്നത് ഖദര്‍ വസ്ത്രം ആയിരുന്നു.

'ഒരു സങ്കടം പറയാന്‍ വന്നതാണ്' അയാള്‍ തുടര്‍ന്നു, 'എന്റെ അനന്തരവന്‍ ഒരു അബദ്ധം കാണിച്ചു. ഹനീഫ എന്നാണ് അവന്റെ പേര്. ചുമട്ട്തൊഴിലാളി പണിമുടക്കുമായി ബന്ധപ്പെട്ട് എന്റെ കടയുടെ മുന്നില്‍ സ്ഥാപിച്ച പാര്‍ട്ടി കൊടിയെടുത്തു അവന്‍ കത്തിച്ചു.'
' പാര്‍ട്ടി കൊടിയല്ല യൂണിയന്‍ കൊടി ആണത്' എന്ന് ഞാന്‍ അയാളെ തിരുത്തി.'കൊടി കത്തിച്ചതിന്റെ പേരില്‍ അവനെ കൊല്ലുമെന്നാണ് തൊഴിലാളികളുടെ തീരുമാനം..ഞാന്‍ അവനെ മദ്രാസിലേക്കോ മറ്റോ അയച്ചോളാം..' എന്ന് വന്നയാള്‍ പറഞ്ഞു. (ചെങ്കൊടിയെ വളരെ പരിപാവനമായ ഒന്നായാണ് തൊഴിലാളികള്‍ കണക്കാക്കിയിരുന്നത്.)
' കൊടി കത്തിച്ചത് അങ്ങേയറ്റം തെറ്റായി പോയി, എങ്കിലും ഞാന്‍ അയാളെ രക്ഷിച്ചോളാം' എന്ന് ഞാന്‍ പറഞ്ഞു.

അത് പറഞ്ഞു കഴിഞ്ഞപ്പോള്‍, മടിയില്‍ വെച്ചിരുന്ന കടലാസില്‍ പൊതിഞ്ഞ കനമുള്ള ഒരു പൊതിയെടുത്തു എന്റെ നേരെ നീട്ടി. 'എന്താ അത്, പണം ആയിരിക്കും അല്ലെ' എന്ന് ഞാന്‍ ചോദിച്ചു. 'അതേ, കുറച്ചു കാശാണ്' എന്ന് അയാള്‍ പറഞ്ഞു.

'പണം കൈയില്‍ വെച്ചുകൊള്ളു, ഞങ്ങള്‍ പണത്തിന് വേണ്ടിയല്ല തൊഴിലാളികളെ സംഘടിപ്പിക്കുന്നത്. നിങ്ങള്‍ക്ക് അത് അറിയില്ല. അതുകൊണ്ട് ഞാനത് ക്ഷമിക്കുകയാണ്.' പണം വാങ്ങാതെ ഞാന്‍ അയാളോട് പറഞ്ഞു.

'നിങ്ങള്‍ പൊയ്ക്കോളൂ, ഞാന്‍ വേണ്ടത് ചെയ്തോളാം' എന്നും ഞാന്‍ പറഞ്ഞു.
അയാള്‍ പോയി.

ഹനീഫയെ ആരും ആക്രമിച്ചില്ല.

ഹനീഫ അങ്ങനെ മദ്രാസിലേക് പോയി. കുറെ കാലം കഴിഞ്ഞു മദ്രാസില്‍ നിന്നും വലിയ നടനായാണ് ഹനീഫ തിരിച്ചു വന്നത്.പണിമുടക്ക് വിജയിച്ചു. കൂലി വര്‍ദ്ധനവ് അംഗീകരിച്ചു. ( അത് സംബന്ധിച്ച് മറ്റൊരു സന്ദര്‍ഭത്തില്‍ എഴുതാം).

വന്നയാളുടെ പേര് ബാവ എന്നാണ്. ബാവ ഹനീഫയുടെ മാമ ആയിരുന്നു(അമ്മാവന്‍). ഉറച്ച കോൺഗ്രസുകാരനായിരുന്ന ബാവയും ബാവയുടെ മൂത്ത സഹോദരനും. ജ്യൂ സ്ട്രീറ്റിലെ 'കൊച്ചുണ്ണി ബ്രതേര്‍സ്' കടയുടെ പ്രധാന നടത്തിപ്പുകാരന്‍ ബാവയുടെ അടുത്ത ബന്ധുവായ എ കെ കൊച്ചുണ്ണി ആയിരുന്നു. അന്ന് മുസ്ലിം ലീഗിന്റ് എറണാകുളം സെക്രട്ടറിയാണ് എ കെ കൊച്ചുണ്ണി.

ഈ സംഭവത്തിന് ശേഷം ബാവ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉറച്ച അനുഭാവി ആയി മാറി. പിന്നീട് എല്ലാ വര്‍ഷവും ബാവയുടെ വീട്ടില്‍ പെരുന്നാളിന് വിഭവസമൃദ്ധമായ ഭക്ഷണം ഒരുക്കി പാര്‍ട്ടി അനുഭവികളായ കച്ചവടക്കാരെയും എന്റെ കുടുംബാംഗങ്ങളെയും ക്ഷണിക്കും. പെരുന്നാളിന് ഭക്ഷണം വിളമ്പാന്‍ ഹനീഫ വരുമായിരുന്നു.ഹനീഫ മരിച്ചപ്പോള്‍ ബാവയുടെ അനുമതിയോടെ അനുശോചന സമ്മേളനത്തില്‍ ഞാന്‍ ഇക്കാര്യങ്ങള്‍ എല്ലാം പറഞ്ഞിരുന്നു.

ഇത്തവണ പെരുന്നാള്‍ പരിപാടി വേണ്ടെന്ന് വെച്ച് മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക് ഒരു തുക കൊടുക്കാന്‍ ആണ് ബാവയുടെ തീരുമാനം. അത് കേട്ടപ്പോള്‍ 'വളരെ നന്നായി, സന്തോഷം ആയി' എന്ന് ഞാന്‍ ബാവയോട് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+