ധാര്‍മികതയുടെ പേരില്‍ എന്നെ ഒഴിവാക്കണം; ചലച്ചിത്ര അക്കാദമിയുടെ ഭരണസമിതി അംഗമാകാനില്ലെന്ന് ഇന്ദ്രന്‍സ്
തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമിയുടെ ഭരണസമിതി അംഗത്വത്തില്‍ നിന്ന് ഒഴിവാക്കണം എന്ന് നടന്‍ ഇന്ദ്രന്‍സ്. ഇക്കാര്യം ആവശ്യപ്പെട്ട് കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനും സെകട്ടറിക്കും ഇന്ദ്രന്‍സ് ഇ മെയില്‍ സന്ദേശം നല്‍കി. കേരള ചലച്ചിത്ര അക്കാദമി പോലൊരു ഉന്നതമായ സ്ഥാപനത്തില്‍ ഭരണ സമിതി അംഗമായി എളിയ ചലച്ചിത്ര പ്രവര്‍ത്തകനായ തന്നെ പരിഗണിച്ചതില്‍ നന്ദി ഉണ്ടെന്ന് ഇന്ദ്രന്‍സ് പറയുന്നു.
എന്നാല്‍ വിവിധ ചലച്ചിത്രങ്ങളുടെ ഭാഗമായി താന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് എന്നും അതിന്റെ അണിയറ പ്രവര്‍ത്തകര്‍ വിവിധ അവാര്‍ഡുകള്‍ക്കായി ചലച്ചിത്ര അക്കാദമിയിലേക്ക് അടക്കം അവരുടെ കലാ സൃഷ്ടികള്‍ അയയ്ക്കുകയും ചെയ്യുന്ന സാഹചര്യം നിലനില്‍ക്കെ, താന്‍ കൂടി ഭാഗമായ ഒരു സമിതിയില്‍ ഇരുന്നുള്ള അവാര്‍ഡ് നിര്‍ണയ രീതി ധാര്‍മികമായി ശരിയല്ലെന്ന് വിശ്വസിക്കുന്നു എന്നും ഇന്ദ്രന്‍സ് വിശദീകരിച്ചു.

താന്‍ കേരള ചലച്ചിത്ര അക്കാദമിയുടെ ഭരണസമിതി അംഗമാണ് എന്നതിന്റെ പേരില്‍ അവരുടെ കലാസൃഷ്ടികള്‍ തള്ളപ്പെടാന്‍ പാടില്ല എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു എന്നും ഇന്ദ്രന്‍സ് കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനും സെകട്ടറിക്കും അയച്ച ഇ മെയിലില്‍ സൂചിപ്പിച്ചു. സംവിധായകനും നടനുമായ രഞ്ജിത്താണ് കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍.
വസ്ത്രാലങ്കാരകനായി ചലച്ചിത്ര ജീവിതം തുടങ്ങിയ ഇന്ദ്രന്‍സ് അതിവേഗമാണ് ക്യാമറയുടെ മുന്നിലേക്ക് എത്തിയത്. സി പി വിജയകുമാര്‍ സംവിധാനം ചെയ്ത സമ്മേളനം എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സ്വതന്ത്ര വസ്ത്രാലങ്കാരകനായത്. സി ഐ ഡി ഉണ്ണികൃഷ്ണന്‍ ബി എ, ബി എഡ് എന്ന ചിത്രത്തിലെ വേഷം അഭിനയ ജീവിതത്തിലെ വഴിത്തിരിവായി. പിന്നീട് അക്കാലത്തെ മലയാള സിനിമകളില്‍ ഒഴിവാക്കാനാകാത്ത ഹാസ്യ നടനായി ഇന്ദ്രന്‍സ് മാറുകയായിരുന്നു.
അടുത്തിടെയാണ് മികച്ച ക്യാരക്ടര്‍ വേഷങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയത്. അതും അദ്ദേഹം മികച്ചതാക്കിയതോടെ ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രമായുള്ള ചിത്രങ്ങളും എത്തി. 2018-ല്‍ പുറത്തിറങ്ങിയ ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടി. 2019-ല്‍ വെയില്‍മരങ്ങള്‍ എന്ന ചിത്രത്തിലൂടെ സിംഗപ്പൂര്‍ സൗത്ത് ഏഷ്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്‌ക്കാരവും ഇന്ദ്രന്‍സിനെ തേടിയെത്തി. ഇതിനോടകം 250 ലേറെ ചിത്രങ്ങളില്‍ ഇന്ദ്രന്‍സ് അഭിനയിച്ചിട്ടുണ്ട്.
ഫോട്ടോയും കിടു ക്യാപ്ഷനും കിടു നവ്യയുടെ പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ












Click it and Unblock the Notifications