സോമനും മധുവിനും പിന്നാലെ അമ്മയുടെ അമരത്ത്, നയിച്ചത് 18 വര്‍ഷം..; തിലകനെതിരേയും ദിലീപിനൊപ്പവും
കൊച്ചി: നടന്‍ ഇന്നസെന്റിന്റെ മരണത്തോടെ മലയാള സിനിമക്ക് നഷ്ടമാകുന്നത് പ്രതിഭാശാലിയായ സംഘാടകനേയും. അമ്മ എന്ന മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയെ 18 വര്‍ഷക്കാലമാണ് ഇന്നസെന്റ് നയിച്ചത്. അക്കാലത്തിനിടക്ക് നിരവധി വിവാദങ്ങളില്‍ അമ്മയുടെ പേര് വന്നെങ്കിലും സംഘടനാപരമായി ദുര്‍ബലപ്പെടാതെ അമ്മയെ കാത്തത് ഇന്നസെന്റ് കാണിച്ചത് അസാമാന്യമായ നേതൃപാടവമായിരുന്നു.
അമ്മ പ്രസിഡന്റ് സ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാലമിരുന്നതിന്റെ റെക്കോഡ് ഇന്നസെന്റിന്റെ പേരിലാണ്. 1994 ല്‍ തിരുവതാംകൂര്‍ കൊച്ചി സംഘത്തിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്തുകൊണ്ടാണ് അമ്മ സംഘടന നിലവില്‍ വരുന്നത്. അന്ന് എം ജി സോമന്‍ ആയിരുന്നു പ്രസിഡന്റ്. മമ്മൂട്ടിയും മോഹന്‍ലാലും വൈസ് പ്രസിഡന്റുമാരും ടി പി മാധവന്‍ സെക്രട്ടറിയുമായിരുന്നു. ആ കമ്മിറ്റിയിലെ എക്‌സിക്യൂട്ടീവ് മെമ്പറായിരുന്നു ഇന്നസെന്റ്.

പിന്നീട് നടന്‍ മധു പ്രസിഡന്റായ പുതിയ ഭരണസമിതി വന്നപ്പോള്‍ അതില്‍ ഇന്നസെന്റ് എക്‌സിക്യൂട്ടീവ് മെമ്പറായി ഇല്ലായിരുന്നു. സുരേഷ് ദോപിയും രാജന്‍ പി ദേവുമായിരുന്നു അന്ന് വൈസ് പ്രസിഡന്റുമാര്‍. പിന്നീട് 2000 ത്തിലെ ഭരണസമിതിയില്‍ ആണ് ആദ്യമായി ഇന്നസെന്റ് അമ്മ പ്രസിഡന്റാകുന്നത്.
അതിന് ശേഷം 2018 വരെ ആ സ്ഥാനത്ത് തുടര്‍ന്നു. ഇക്കാലയളവില്‍ ആണ് അമ്മ എന്ന സംഘടന ഏറെ വളര്‍ന്നത്. നിരവധി സ്റ്റേജ് ഷോകള്‍ വിദേശത്തും സ്വദേശത്തും സംഘടിപ്പിച്ച് താരങ്ങളെ കൂടുതല്‍ ജനങ്ങളോട് അടുപ്പിക്കാന്‍ അമ്മയ്ക്കായി. തുടക്കകാലത്ത് 10 പേര്‍ക്ക് മാത്രമായിരുന്നു അമ്മയുടെ കൈനീട്ടം എന്ന സഹായം ലഭിച്ചിരുന്നത്. അതും ആയിരം രൂപ. എന്നാല്‍ ഇന്നസെന്റ് സാരഥ്യം ഏറ്റെടുത്തതോടെ ആണ് ഇത് വിപുലീകരിക്കപ്പെട്ടത്.
ഇടവേള ബാബുവിന്റെ ഇത്തരം ആശയങ്ങളെ ഇന്നസെന്റ് എന്നും പിന്തുണച്ചിരുന്നു. അതിനാല്‍ തന്നെ ഇന്ന് ''കൈനീട്ട പദ്ധതി' 127 പേര്‍ക്ക് മാസംതോറും 5000 രൂപ വീതം ജീവിതാവസാനം വരെ നല്‍കുന്നതിലേക്കു എത്തിനില്‍ക്കുകയാണ്. മലയാള സിനിമയിലെ എല്ലാ താരങ്ങളേയും അണിനിരത്തി ട്വന്റി 20 എന്ന സിനിമയ്ക്ക് ആലോചന ആരംഭിച്ചപ്പോള്‍ തന്നെ ചില സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.

എന്നാല്‍ ഇതിനെ അതിജീവിക്കാന്‍ സംഘടനക്ക് കരുത്തായത് ഇന്നസെന്റിന്റെ നേതൃപാടവമായിരുന്നു. അമ്മയെ ഏറ്റവും പ്രതിരോധത്തിലാക്കിയ വിഷയങ്ങളിലൊന്നായിരുന്നു തിലകനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍. മലയാളത്തിന്റെ മഹാനടനായിട്ട് പോലും തിലകനെതിരെ പോലും അച്ചടക്ക നടപടി സ്വീകരിച്ച് മുന്നോട്ട് പോയത് ഇന്നസെന്റ് കാണിച്ച കാര്‍ക്കശ്യം കൊണ്ട് മാത്രമായിരുന്നു.
നടിയെ ആക്രമിച്ച കേസിലെ പ്രതിപ്പട്ടികയിലേക്ക് ദിലീപിന്റെ പേര് വന്നപ്പോഴും ഇന്നസെന്റ് ഒന്നും മിണ്ടിയില്ല. ദിലീപ് അനുകൂല നിലപാടായിരുന്നു ഇന്നസെന്റ് സ്വീകരിച്ചിരുന്നത്. അതിനാല്‍ തന്നെ ഇത് വലിയ വിവാദങ്ങള്‍ക്കും വഴിവെച്ചു. ഇതിനെ തുടര്‍ന്ന ചില നടിമാര്‍ രാജിവെച്ചിരുന്നു. എന്നാല്‍ ദിലീപിന് പരസ്യ പിന്തുണ നല്‍കുകയായിരുന്നു ഇന്നസെന്റ് ചെയ്തത്. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരുന്നു.
Hair Care Tips: വേഗം പോയി മരത്തിന്റെ ചീപ്പ് വാങ്ങിക്കോ... മുടി വേഗം വളരും
ഇതിന് പിന്നാലെ 2018 ലെ ഭരണസമിതിയുടെ കാലാവധി അവസാനിപ്പിച്ചപ്പോള്‍ പ്രസിഡന്റ് സ്ഥാനം ഇന്നസെന്റ് ഒഴിയുകയായിരുന്നു. അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹന്‍ലാലിനെ എത്തിക്കാന്‍ മുന്‍പന്തിയില്‍ നിന്നതും ഇന്നസെന്റ് തന്നെയായിരുന്നു. സംഘടനയെന്ന നിലയില്‍ എല്ലാവരെയും ഒരുമിച്ച് മുന്നോട്ടു കൊണ്ടുപോകാനും അതേസമയം അച്ചടക്കത്തിന്റെ വാളോങ്ങാനും ഇന്നസെന്റിന് മടിയുണ്ടായിരുന്നില്ല












Click it and Unblock the Notifications