ക്യാന്‍സര്‍ വന്നപ്പോള്‍ ചെറുപുഞ്ചിരി; മനസ്സ് തുറന്നപ്പോള്‍ കൂട്ടച്ചിരി; ഇന്നസെന്റിന്റെ പോരാട്ടം
ചാലക്കുടി: ഇന്നസെന്റ് വിടവാങ്ങിയ ഈ ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ഓര്‍മയിലെത്തുന്നത് അദ്ദേഹത്തിന്റെ ക്യാന്‍സര്‍ പോരാട്ടമാണ്. എന്റെ വീട്ടിലെ അതിഥിയെന്നും, സുഹൃത്തെന്നുമൊക്കെയാണ് അദ്ദേഹം ക്യാന്‍സറിനെ വിശേഷിപ്പിച്ചത്. ക്യാന്‍സര്‍ വന്നപ്പോള്‍ അതിനെ ചെറു ചിരിയോടെയാണ് ഇന്നസെന്റ് അതിനെ കുറിച്ച് മനസ്സുതുറന്നത്.എന്നാല്‍ ഇന്നസെന്റിന്റെ തുറന്നു പറച്ചിലുകള്‍ പലപ്പോഴും കേരളത്തിലാകെ കൂട്ടച്ചിരികളാണ് വഴി തുറന്ന് കൊടുത്തത്.
കാരണം അത്രയക്ക് രസകരമായിട്ടായിരുന്നു അക്കാര്യങ്ങള്‍ ഇന്നസെന്റ് അവതരിപ്പിച്ചത്. അതിലുപരി കേള്‍ക്കുന്നവന് മനസ്സിന് വേദന തോന്നരുത് എന്ന വിശാല ചിന്താഗതിയും അദ്ദേഹത്തിനുണ്ടായിരുന്നു.തന്റെ വീട്ടില്‍ 8 വര്‍ഷത്തോളമായി ഒരു അതിഥിയുണ്ടെന്നായിരുന്നു ഇന്നസെന്റ് ക്യാന്‍സറിനെ കുറിച്ച് പറഞ്ഞത്. മൂന്നാം തവണ ക്യാന്‍സര്‍ വന്നതോടെയാണ് ഇന്നസെന്റ് ഇത്തരത്തില്‍ രോഗത്തെ വിശേഷിപ്പിച്ചത്.

കുട്ടിക്കാലത്ത് നമ്മള്‍ ഒളിച്ചുകളിക്കുമ്പോള്‍ പിടിക്കപ്പെടുന്നത് പോലെയാണ് രോഗത്തിന്റെ കാര്യം. ഇവിടെ ക്യാന്‍സര്‍ ശരീരത്തില്‍ ഒളിച്ചിരിക്കുകയാണ്. ഡോക്ടര്‍മാര്‍ അതിനെ കണ്ടെത്തുമ്പോള്‍, കക്ഷി പുതിയ സ്ഥലം കണ്ടുപിടിക്കും. അവിടെ നിന്ന് ഓടിക്കുന്നതോടെ ശരീരത്തിലെ മറ്റേതെങ്കിലും ഭാഗത്തായിരിക്കും പുള്ളി ഒളിക്കുക. ഡോക്ടര്‍ തന്നോട് പറഞ്ഞത് ഇന്നസെന്റ് ശരീരത്തില്‍ വീണ്ടും കോമഡി വന്നല്ലോ എന്നാണെന്നും ഇന്നസെന്റ് പറഞ്ഞിരുന്നു.
മനസ്സില്‍ പണ്ട് പറഞ്ഞത് മാത്രം ഓര്‍ത്താല്‍ മതി, ഇതല്ല, ഇതിനപ്പുറവും ചാടിക്കടന്നവനാണീ കെകെ ജോസഫ് എന്ന് ഹാസ്യരൂപത്തില്‍ ക്യാന്‍സറിനോടായി ഇന്നസെന്റ് കുറിച്ച വാക്കുകളാണ്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങള്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു ഇന്നസെന്റിന് ആദ്യമായി ക്യാന്‍സര്‍ രോഗലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങിയത്.
എറണാകുളത്തുള്ള ഡോക്ടര്‍ ഗംഗാധരന്റെ ചികിത്സയിലായിരുന്നു അദ്ദേഹം. 2013ല്‍ തൊണ്ടയ്ക്കായിരുന്നു അദ്ദേഹത്തിന് അര്‍ബുദം ബാധിച്ചത്. ആ അനുഭവമാണ് ക്യാന്‍സര്‍ വാര്‍ഡിലെ ചിരി എന്ന സ്വന്തം അനുഭവങ്ങള്‍ നിറഞ്ഞ പുസ്തകം പുറത്തിറക്കാന്‍ കാരണം.നിരവധി ക്യാന്‍സര്‍ രോഗികള്‍ക്കാണ് ഇന്നസെന്റിന്റെ പുസ്തകം പ്രചോദനമായത്. രോഗബാധിതനായാലും അതിനെ നര്‍മത്തോടെ നേരിടുന്ന ശൈലിയായിരുന്നു പുസ്തകത്തിലും അദ്ദേഹം സ്വീകരിച്ചത്.
ഇന്നസെന്റ് എങ്ങനെ രോഗത്തെ ഇത്ര തമാശയോടെ നേരിട്ടുവെന്ന് നടന്‍ ജയസൂര്യ മുമ്പ് വെളിപ്പെടുത്തിയിരുന്നു. താന്‍ കലൂര്‍ പള്ളിയില്‍ ഇന്നസെന്റിന് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ പോയിരുന്നു. ആ സമയം അദ്ദേഹത്തെ വിളിച്ചിരുന്നു. ഉടനെ അദ്ദേഹം പറഞ്ഞത്, നീ പള്ളിയില്‍ പോയി പ്രാര്‍ത്ഥിക്കൂ, പക്ഷേ നീയും അമ്മയുടെ ഭാഗമാണ്. അമ്മയില്‍ നിന്ന് അഞ്ചിന്റെ പൈസ മോഷ്ടിക്കരുത്, മോഷ്ടിച്ചാല്‍ നിനക്കൊക്കെ എന്റെ അവസ്ഥയാകും എന്നായിരുന്നു ഇന്നസെന്റ് പറഞ്ഞിരുന്നതെന്ന് ജയസൂര്യ പറഞ്ഞിരുന്നു.
അത്രയ്ക്ക് നര്‍മത്തോടെയാണ് ക്യാന്‍സറിനെ അദ്ദേഹം കൈകാര്യം ചെയ്തത്. മരുന്നിന്റെ കൂടെ രോഗികള്‍ക്ക് ഇന്നസെന്റിന്റെ പുസ്തകവും നല്‍കണമെന്നും ജയസൂര്യ പറഞ്ഞിരുന്നു. ഇത്തരത്തില്‍ തമാശകളിലൂടെ തന്റെ ജീവിതത്തെ തന്നെയാണ് ഇന്നസെന്റ് മലയാളികളിലേക്ക് എത്തിച്ചത്.
ഗാന്ധിയുടെ നാട്ടിലേക്ക് ഒരു യാത്ര പോയാലോ; സൗരാഷ്ട്ര തന്നെ ബെസ്റ്റ്, കണ്ടിരിക്കണം ഈ സ്ഥലങ്ങള്‍












Click it and Unblock the Notifications