'ജയസൂര്യയുടെ ഇരട്ടത്താപ്പ് മന്ത്രിമാര്‍ മാന്യമായി തുറന്നുകാട്ടി, ജോജുവിനോട് കോണ്‍ഗ്രസ് ചെയ്തതോ?'; എംബി രാജേഷ്
പാലക്കാട്: നെല്‍ കര്‍ഷകര്‍ക്ക് വില നല്‍കിയില്ല എന്ന നടന്‍ ജയസൂര്യയുടെ വിമര്‍ശനത്തോട് പക്വമായാണ് വേദിയിലുണ്ടായിരുന്ന മന്ത്രിമാര്‍ പ്രതികരിച്ചത് എന്ന് മന്ത്രി എം ബി രാജേഷ്. കാര്യമറിയാതെ ആരോപണം ഉന്നയിച്ച ജയസൂര്യയ്ക്ക് രാഷ്ട്രീയമായി മറുപടി നല്‍കുക മാത്രമാണ് മന്ത്രിമാര്‍ ചെയ്തത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജയസൂര്യയ്ക്കെതിരെ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ജയസൂര്യയ്ക്കെതിരെ മാന്യമല്ലാത്ത ഒരു വാക്ക് പോലും മന്ത്രിമാര്‍ പറഞ്ഞിട്ടില്ലെന്നും ഉത്തര്‍പ്രദേശില്‍ മന്ത്രിയെ ചോദ്യം ചെയ്തയാള്‍ക്ക് തല്ലു കിട്ടിയ അനുഭവമുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ച്ചു. പി പ്രസാദും രാജീവും ഏറ്റവും സഹിഷ്ണുതയോടെയാണ് ജയസൂര്യയുടെ വിമര്‍ശനം കേട്ടതും അതിനോട് പ്രതികരിച്ചതും എന്ന് എം ബി രാജേഷ് പറഞ്ഞു. രാഷ്ട്രീയമായി മറുപടി പറയുന്നതെങ്ങനെയാണ് ആക്രമിക്കലാകുന്നത് എന്നും അദ്ദേഹം ചോദിച്ചു.

'രണ്ട് മന്ത്രിമാര്‍ ഇരിക്കെയാണ് അദ്ദേഹം വസ്തുനിഷ്ഠമല്ലാത്ത കാര്യം പറഞ്ഞത്. അത് വസ്തുനിഷ്ഠമല്ല എന്നത് മന്ത്രി തന്നെ തുറന്നുകാട്ടുകയായിരുന്നു. അതിന് ഞങ്ങളോട് അരിശപ്പെട്ടിട്ട് എന്ത് കാര്യം. പറയുമ്പോള്‍ വസ്തുനിഷ്ഠമായിട്ടു വേണ്ടേ പറയാന്‍', രാജേഷ് പറഞ്ഞു. നടന്‍ ജോജു ജോര്‍ജിനോട് മുന്‍പ് കോണ്‍ഗ്രസ് നേതാക്കള്‍ അങ്ങനെയാണോ പെരുമാറിയതെന്നും അദ്ദേഹം ചോദിച്ചു.
ജയസൂര്യ ആദ്യം പറഞ്ഞത് സുഹൃത്ത് കൃഷ്ണപ്രസാദിന് കാശ് കിട്ടിയിട്ടില്ലെന്നും അതുകൊണ്ടാണ് താന്‍ ഇതിവിടെ പറഞ്ഞതെന്നുമാണ്. എന്നാല്‍ മന്ത്രി രേഖയെടുത്ത് കൃഷ്ണപ്രസാദിന് പൈസ ജൂലൈയില്‍ കൊടുത്തിട്ടുണ്ട് എന്നു പറഞ്ഞപ്പോള്‍ പറയുന്നു കൃഷ്ണപ്രസാദിന്റെ കാര്യമല്ല പറഞ്ഞതെന്ന്, എം ബി രാജേഷ് പറഞ്ഞു. ജയസൂര്യയെ ഒരു സിനിമയിലെ ജഗതിയുടെ കഥാപാത്രത്തോടാണ് അദ്ദേഹം ഉപമിച്ചത്.
'ഒരു ജഗതി കുതിരയെ വിഴുങ്ങി എന്ന് പറഞ്ഞ് ചാടി നടക്കുന്നില്ലേ. കുതിരയെ ഓപ്പറേറ്റ് ചെയ്ത് പുറത്തെടുത്ത് കഴിഞ്ഞപ്പോള്‍, സമാധാനമായി എന്ന് പറയും. അല്‍പം നേരം കഴിഞ്ഞ് താന്‍ വിഴുങ്ങിയത് കറുത്ത കുതിരയെയല്ല, വെളുത്ത കുതിരയെയാണ് എന്ന് പറഞ്ഞ് വീണ്ടും ചാടും. അതുപോലെയാണ് ഇവിടെയും,' മന്ത്രി പറഞ്ഞു. ഈ ഇരട്ടത്താപ്പാണ് തങ്ങള്‍ ചൂണ്ടിക്കാട്ടിയത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അത് രാഷ്ട്രീയമായി തങ്ങളുടെ ചുമതലയാണെന്നും അന്തസുള്ള ഭാഷയില്‍ മന്ത്രിമാര്‍ അതു തുറന്നുകാട്ടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. നെല്ല് സംഭരണത്തിന് കേന്ദ്ര സര്‍ക്കാര്‍ 637 കോടി രൂപ കുടിശിക നല്‍കാനുണ്ട്. ഏതെങ്കിലും സിനിമാ താരങ്ങള്‍ കാര്യമറിയാതെ എന്തെങ്കിലും പറഞ്ഞാല്‍ അതല്ലേ ചര്‍ച്ചയാകുന്നത് എന്നും കേന്ദ്രം 637 കോടി രൂപ കുടിശിക നല്‍കാനുണ്ടെന്നത് നിങ്ങള്‍ എന്തുകൊണ്ട് ചര്‍ച്ചയാക്കുന്നില്ല എന്നും മന്ത്രി മാധ്യമങ്ങളോട് ചോദിച്ചു.












Click it and Unblock the Notifications