'പറ്റില്ലെങ്കില്‍ താന്‍ ചെയ്യണ്ട, പിടിച്ച് തള്ളി, ഇടിച്ചു', സിനിമാ ജീവിതത്തിൽ ആദ്യത്തെ സംഭവമെന്ന് മഹേഷ്
നടൻ മഹേഷിന് കഴിഞ്ഞ ദിവസമാണ് സീരിയൽ ലൊക്കേഷനിൽ വെച്ച് അസിസ്റ്റന്റ് ഡയറക്ടറുടെ മർദ്ദനമേറ്റത്. നെഞ്ചിൽ അടിയേറ്റ മഹേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. തുടർന്ന് മർദ്ദിച്ച അസിസ്റ്റന്റ് ഡയറക്ടറെ സീരിയലിൽ നിന്ന് പുറത്താക്കി. മഹേഷിന് വേണ്ടി ഈ സംഭവത്തിൽ സിനിമാ സംഘടനകൾ ഇടപെട്ടില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു. യഥാർത്ഥത്തിൽ സംഭവിച്ചത് എന്തെന്ന് തുറന്ന് പറഞ്ഞ് മഹേഷ് തന്നെ രംഗത്ത് വന്നിരിക്കുകയാണ്. വൺ 2 ടോക്സിനോടാണ് പ്രതികരണം.
മഹേഷിന്റെ വാക്കുകൾ: 'മധുരനൊമ്പരക്കാറ്റ്' എന്ന സീരിയലിന്റെ ലൊക്കേഷനില്‍ ആയിരുന്നു താന്‍. തനിക്ക് സീന്‍ നേരത്തെ വായിക്കണം. സീരിയലിന് വേണ്ടി കരാര്‍ ഒപ്പിട്ടപ്പോഴും ആദ്യം പറഞ്ഞത് സീന്‍ നേരത്തെ വായിക്കാന്‍ തരണം എന്നതാണ്. രാവിലെ തൊട്ട് സീന്‍ ചോദിച്ചു. ജിജോ എന്ന അസിസ്റ്റന്റ് ഡയറക്ടര്‍ സീന്‍ തന്നില്ല. വളരെ സങ്കീര്‍ണമായ രംഗമായിരുന്നു ഷൂട്ട് ചെയ്യേണ്ടിയിരുന്നത്.

ക്യാമറയുടെ മുന്നില്‍ വെച്ച് സീന്‍ തന്നപ്പോള്‍, അത് നേരത്തെ തരണമെന്ന് പറഞ്ഞിട്ടില്ലേ എന്ന് സംവിധായകനോട് ചോദിച്ചു. സംവിധായകന്‍ ഇയാളോട് ചോദിച്ചു എന്താണ് സീന്‍ നേരത്തെ കൊടുക്കാതിരുന്നത് എന്ന്. കൊടുക്കാന്‍ പറ്റിയില്ല, ക്യാമറയ്ക്ക് മുന്നില്‍ വെച്ച് വായിച്ചാല്‍ മതി എന്ന് അയാള്‍ മറുപടി നല്‍കി. അങ്ങനെ പറ്റില്ലെന്ന് താനും പറഞ്ഞു.
അങ്ങനെ പറ്റില്ലെങ്കില്‍ താന്‍ ചെയ്യണ്ട എന്നും പറഞ്ഞ് ഇയാള്‍ തന്നെപ്പിടിച്ച് തളളി. താന്‍ കയ്യിലുളള ചീര്‍പ്പ് വെച്ച് ഇയാളുടെ നേര്‍ക്ക് വീശി. അയാള്‍ തന്റെ നെഞ്ചത്ത് ആഞ്ഞ് ഇടിച്ചു. ഉച്ചയായപ്പോഴേക്ക് ഇടത് കൈ വിറയ്ക്കാന്‍ തുടങ്ങി. വൈകിട്ട് ആശുപത്രിയില്‍ പോയപ്പോള്‍ ഇസിജിയില്‍ വേരിയേഷന്‍ ഉണ്ട്. താനൊരു ഹൃദയരോഗി കൂടിയാണ്.
സംഭവത്തിന് പിന്നാലെ അമ്മയിലെ ജയനെ വിളിച്ചു. ആത്മയില്‍ കൂടി അറിയിക്കൂ, ബാക്കി കാര്യങ്ങള്‍ ചെയ്യാം, ഫെഫ്കയില്‍ വിളിച്ച് പറയാം എന്ന് പറഞ്ഞു. ഫെഫ്കയില്‍ മിനി സ്‌ക്രീന്‍ ഇന്‍ ചാര്‍ജ് വയലാര്‍ മാധവന്‍കുട്ടിയാണ്. അദ്ദേഹത്തിന്റെ നമ്പറിന് വേണ്ടി ശാന്തിവിള ദിനേശിനെ വിളിച്ചു. അദ്ദേഹം വിളിച്ച് പറയാമെന്ന് പറഞ്ഞു. കുറച്ച് കഴിഞ്ഞ് വയലാര്‍ മാധവന്‍കുട്ടി തന്നെ വിളിച്ചു. ഉടനെ തന്നെ നടപടിയെടുക്കാം എന്ന് പറഞ്ഞു. നടപടിയെടുത്തു. സംഘടനയില്‍ നിന്ന് ഒരുപാട് വിളിച്ച് പിന്തുണ തന്നു.
അമ്മയില്‍ നിന്നും ഇടപെടലുണ്ടായി. ജയന്‍ എല്ലാത്തിനും നിന്നും. തന്നെ ആക്രമിച്ച ആളെ പിന്നെ കണ്ടിട്ടില്ല. തൃശൂരില്‍ നിന്നുളള ആളാണ്. ഇടയ്ക്കിടെ ഹൈപ്പറാകുന്ന ആളാണ്. എന്തെങ്കിലും ഉപയോഗിക്കുന്നുണ്ടോ എന്നറിയില്ല. ഈ 40 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ ആദ്യത്തെ അനുഭവം ആണ്. ദേഷ്യത്തേക്കാള്‍ ഏറെ സങ്കടമാണ് ഉളളത്, മഹേഷ് പറഞ്ഞു.












Click it and Unblock the Notifications