മുകേഷ് കൊല്ലത്ത് ഇല്ല? തിരുവനന്തപുരത്തെ വീടിന് പോലീസ് കാവൽ, പ്രതിപക്ഷ പ്രതിഷേധം ശക്തം
തിരുവനന്തപുരം: മുകേഷിന്റെ തിരുവനന്തപുരത്തെ വീടിന് പോലീസ് കാവൽ ഏർപ്പെടുത്തി. നടിയുടെ പരാതിയിൽ കേസെടുത്തതിന് പിന്നാലെയാണ് നടനും എം എൽ എ യുമായ മുകേഷിന്റെ വീടിന് കാവൽ ഏർപ്പെടുത്തിയത്. മെഡിക്കൽ കോളേജ് പോലീസിന്റെ നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കിയത്.
രണ്ട് വാഹനങ്ങളിലാണ് പോലീസ് സ്ഥലത്തേക്ക് എത്തിയത്. വീടിന് മുന്നിൽ മുകേഷിന്റെ വാഹനം ഉണ്ടെങ്കിലും മുകേഷ് വീട്ടിൽ ഉണ്ടോ എന്ന് വ്യക്തമല്ല. പ്രതികരണത്തിനായി മാധ്യമങ്ങൾ എത്തിയെങ്കിലും മുകേഷിന്റെ പ്രതികരണങ്ങളൊന്നും വന്നിട്ടില്ല.

നിലവിൽ മുകേഷ് കൊല്ലത്ത് ഇല്ലെന്നാണ് വിവരം. തിരുവനന്തപുരത്ത് ഉള്ളതായാണ് സൂചന. നടി കേസുമായി മുന്നോട്ട് പോയതോടെ കൊല്ലത്ത് നിന്ന് മുകേഷ് മാറിയതായാണ് റിപ്പോർട്ടുകൾ. നിലവിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം ജില്ലയിൽ നടക്കുന്നുണ്ട്. മുകേഷിന്റെ പട്ടത്താനത്തെ വീട്ടിലേക്കും എം എൽ എ ഓഫീസിലേക്കും മാർച്ച് നടക്കുന്നുണ്ട്.
കൊച്ചിയിലെ നടി ആണ് മുകേഷിന് എതിരെ ലൈംഗിക പീഡന പരാതി നൽകിയത്. ഇതിന് പിന്നാലെയാണ് പോലീസ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കൊച്ചി മരട് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അമ്മയിൽ അംഗത്വവും സിനിമയിൽ ചാൻസും വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചെന്നാണ് പരാതി. മുകേഷിനെതിരെ നടി പരാതി നൽകിയതിന് പിന്നാലെ മുകേഷ് എം എൽ എ സ്ഥാനം രാജി വെയ്ക്കണം എന്ന ആവശ്യം ഉയർന്നുവരുന്നുണ്ട്. സെക്ഷൻ 354, 354 എ, 509 എന്നീ വകുപ്പുകൾ നടനെതിരെ ചുമത്തിയിട്ടുണ്ട്
മുകേഷിന് പുറമെ ജയസൂര്യ, മണിയൻ പിള്ള രാജു, ഇടവേള ബാബു എന്നിവർക്കെതിരെയും രണ്ട് പ്രൊഡക്ഷൻ കൺട്രോളർമാർക്കെതിരെയും ലോയേഴ്സ് കോൺഗ്രസ് നേതാവ് ചന്ദ്രശേഖരനെതിരെയും കേസെടുത്തിട്ടുണ്ട്. ഇതിൽ ജയസൂര്യയ്ക്കെതിരെ തിരുവനന്തപുരം കന്റോൺമെന്റ് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. നടിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയിൽ നടൻ ജയസൂര്യയ്ക്ക് എതിരെ തിരുവനന്തപുരം
കന്റോൺമെന്റ് പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
മുകേഷ് എം എൽ എ, ഇടവേള ബാബു, മണിയൻ പിള്ള രാജു, കോൺഗ്രസ് നേതാവ് അഡ്വ. വി എസ് ചന്ദ്രശേഖരൻ, കാസ്റ്റിംഗ് ഡയറക്ടർ വിച്ചു, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ എന്നിവർക്കെതിരെ കൊച്ചിയിൽ കേസ് രജിസ്റ്റർ ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.












Click it and Unblock the Notifications