
'വാ തുറന്ന് ചോദിക്കണം, ഏത് കമ്മിറ്റിയോടായാലും';സ്വഭാവ നടനുള്ള അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമം: ഷൈന്‍ ടോം ചാക്കോ
കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിനെതിരെ വീണ്ടും പ്രതികരണവുമായി നടന്‍ ഷൈന്‍ ടോം ചാക്കോ. 'അടിത്തട്ട്' സിനിമയുടെ വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു ഷൈന്‍ ടോം ചാക്കോയുടെ പ്രതികരണം. ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ 'കുറുപ്പ്' സിനിമയെ ഒഴിവാക്കിയ വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ഷൈന്‍ ടോം ചാക്കോ.
ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ കുറുപ്പ് ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. എങ്ങനെയാണ് ഇത്രയും സിനിമകള്‍ കുറഞ്ഞ ദിവസത്തിന് ഉള്ളില്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി കണ്ടു തീര്‍ത്തത് എന്നാണ് ഷൈന്‍ ടോം ചാക്കോ ചോദിക്കുന്നത്. അവാര്‍ഡ് നിര്‍ണയിക്കുന്നതിന് മലയാളികള്‍ തന്നെ മലയാളം സിനിമകളെ വിലയിരുത്തണം എന്നും ഷൈന്‍ ടോം ചാക്കോ അഭിപ്രായപ്പെട്ടു.
ജീവനക്കാരന്റെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കാന്‍ 'പറന്നെത്തി' യൂസഫലി; കാണാന്‍ ആളുകളുടെ തിരക്ക്

എങ്ങിനെയാണ് സാറേ ഇത്രയും സിനിമകള്‍ ഒരാള്‍ കാണുന്നത് എന്ന് നിങ്ങള്‍ പോയി ചോദിക്കണം എന്നും ഏത് കമ്മിറ്റിയോടാണെങ്കിലും വാ തുറന്ന് ചോദിക്കണം എന്നുമായിരുന്നു ഷൈന്‍ ടോം ചാക്കോ പറഞ്ഞത്. ആകെ എത്ര സിനിമകള്‍ ഉണ്ട്. 160 സിനിമകള്‍ കണ്ട് തീര്‍ക്കാന്‍ എത്ര ദിവസമാണ് വേണ്ടത്. എല്ലാ സിനിമയും ഒരു ദിവസം കൊണ്ട് കാണാല്‍ പറ്റില്ലല്ലോ എന്നും ഷൈന്‍ ടോം ചാക്കോ ചോദിക്കുന്നു.

എല്ലാ സിനിമകളും വിലയിരുത്തണം എങ്കില്‍ ഒറ്റയടിക്ക് ഇരുന്ന് കാണണം. നമ്മുടെ നാട്ടില്‍ ഉള്ളവരെയല്ലേ എടുക്കേണ്ടത് എന്നും ഒരാള്‍ അഞ്ച് ദിവസം കൊണ്ട് ഇത്രയും സിനിമകള്‍ കണ്ടാല്‍ തലയ്ക്ക് ഭ്രാന്ത് പിടിക്കില്ലേ എന്നും ഷൈന്‍ ടോം ചാക്കോ ചോദിച്ചു. അഞ്ച് ദിവസം കൊണ്ട് 160 സിനിമ കണ്ടാല്‍ എന്തായിരിക്കും ഒരാളുടെ അവസ്ഥ എന്നും അദ്ദേഹം ചോദിക്കുന്നു. 'അതും വേറെ ഭാഷ. അയാളുടെ കിളി പോയിട്ടുണ്ടാകും', എന്നായിരുന്നു ഷൈന്‍ ടോം ചാക്കോയുടെ പ്രതികരണം.

കുറുപ്പിലെ ഭാസി പിള്ള എന്ന കഥാപാത്രത്തിന് ഷൈന്‍ ടോം ചാക്കോയ്ക്ക് മികച്ച നിരൂപക പ്രശംസ ലഭിച്ചിരുന്നു. മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം ഭാസി പിള്ളയിലൂടെ ഷൈന്‍ ടോം ചാക്കോയ്ക്ക് ലഭിച്ചേക്കും എന്ന് പ്രതീക്ഷിച്ച് പലരും രംഗത്തെത്തിയിരുന്നു. എന്നാല്‍ മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം ലഭിക്കാതിരുന്നത് കള്ള് കുടിച്ചതുകൊണ്ടും പുകവലിച്ചത് കൊണ്ടും ആയിരിക്കാം എന്ന് ഷൈന്‍ ടോം ചാക്കോ പറയുന്നു.

എന്താണ് ബെസ്റ്റ് ആക്ടറും ക്യാരക്ടര്‍ ആക്ടറും എന്നും അദ്ദേഹം ചോദിച്ചു. അപ്പോള്‍ മികച്ച നടന് ക്യാരക്ടര്‍ ഇല്ലേയെന്നും ഷൈന്‍ ടോം ചാക്കോ ചോദിച്ചു. കുറുപ്പിലെ കഥാപാത്രത്തിന് തനിക്ക് സ്വഭാവ നടനുള്ള പുരസ്‌കാരം നല്‍കില്ല എന്നും ബീഡി വലിച്ചും കള്ളും കുടിച്ച് നടക്കുന്ന തനിക്ക് എങ്ങനെ സ്വഭാവ നടനുള്ള പുരസ്‌കാരം തരുമെന്നും അദ്ദേഹം പരിഹാസ രൂപേണ ചോദിച്ചു.

വളരെ കഷ്ടപ്പെട്ട് ചെയ്ത സിനിമയാണ് കുറുപ്പ് എന്നും അത് ജൂറി കണ്ടിട്ടുണ്ടാകില്ല എന്ന് കരുതുന്നു എന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിക്കാത്തതിലുള്ള വിഷമം ഇടയ്ക്കിടെ തികട്ടി വരും എന്നും അത് സ്വാഭാവികമാണല്ലോ എന്നും അദ്ദേഹം ചോദിച്ചു. പുരസ്‌കാരം പിടിച്ചു വാങ്ങാനാകില്ല എന്നും അത് പ്രതിഷേധിച്ച് വാങ്ങേണ്ടതല്ലല്ലോ എന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

ഇത്തവണത്തെ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയത് കളയിലെ അഭിനയത്തിന് സുമേഷ് മൂര്‍ ആയിരുന്നു. അതേസമയം ചലച്ചിത്ര അവാര്‍ഡില്‍ ഹോം സിനിമയേയും നടന്‍ ഇന്ദ്രന്‍സിനേയും പരിഗണിക്കാത്തതില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇന്ദ്രന്‍സ് തന്നെ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ജോജു ജോര്‍ജ്, ബിജു മേനോന്‍ എന്നിവരാണ് ഇത്തവണ മികച്ച നടനുള്ള പുരസ്‌കാരം നേടിയത്.
പൊളി പൊളിയേയ്... ഐശ്വര്യ ചോക്ലേറ്റ് ക്വീന്‍ ആയല്ലോ, വൈറല്‍ ചിത്രങ്ങള്‍